Sunday, October 27, 2013

ബ്രസീലും ജര്‍മനിയും പ്രമേയം കൊണ്ടുവരും

അമേരിക്കയുടെ ആഗോളചാരപ്പണിക്കെതിരെ ബ്രസീലും ജര്‍മനിയും ഐക്യരാഷ്ട്രസഭയില്‍ പ്രമേയം കൊണ്ടുവരും. രാഷ്ട്രനേതാക്കളുടെയും സാധാരണക്കാരുടെയും സ്വകാര്യവിവരങ്ങള്‍ നുഴഞ്ഞുകയറി പരിശോധിക്കുന്ന അമേരിക്കയുടെ ധിക്കാരത്തിനെതിരായ ലോകരാഷ്ട്രങ്ങളുടെ വികാരം പ്രമേയത്തില്‍ പ്രതിഫലിക്കും. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസേഫും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും അടക്കം 35 ലോക നേതാക്കള്‍പോലും അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെ (എന്‍എസ്എ) ചാരപ്പണിക്ക് ഇരയായെന്ന് എഡ്വേര്‍ഡ് സ്നോഡെന്‍ പുറത്തുവിട്ട രേഖകള്‍ വെളിപ്പെടുത്തിയിരുന്നു. സ്നോഡെന്റെ വെളിപ്പെടുത്തലുകളുടെ ഗൗരവം കണക്കിലെടുത്ത് യുഎന്‍ പൊതുസഭയില്‍ അവതരിപ്പിക്കാനുള്ള പ്രമേയം തയ്യാറാക്കാന്‍ ഇരു രാജ്യങ്ങളും നീക്കം ആരംഭിച്ചെന്ന് പാശ്ചാത്യ വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ചാരപ്പണിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും പ്രതിഷേധം പടരുന്നതിനാല്‍ പൊതുസഭയില്‍ പ്രമേയത്തിന് മികച്ച പിന്തുണ ലഭിക്കുമെന്ന് പാശ്ചാത്യരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ ഉദ്ധരിച്ച് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ലാറ്റിനമേരിക്കന്‍-ഇയു നയതന്ത്ര പ്രതിനിധകള്‍ ഒന്നടങ്കം പ്രമേയത്തിന് ഒപ്പം നില്‍ക്കും. യുഎന്‍ പൊതുസഭ അംഗീകരിക്കുന്ന പ്രമേയം പാലിക്കാന്‍ അമേരിക്കയ്ക്ക് പ്രത്യേക ബാധ്യത ഇല്ലെങ്കിലും ലോകരാഷ്ട്രങ്ങളുടെ വികാരം പ്രകടിപ്പിക്കാനുള്ള ഉപാധിയായി അതുമാറും. ഇലക്ട്രോണിക് ആശവിനിമയത്തില്‍ ജനങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ ശക്തമായ പ്രമേയം കൊണ്ടുവരാന്‍ മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തുകയാണെന്ന് ബ്രസീല്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്റര്‍നെറ്റില്‍ സ്വകാര്യതയുടെ അവകാശം ഉറപ്പുവരുത്തുക എന്നതായിരിക്കും പ്രമേയത്തിന്റെ കാതല്‍. ഒരാഴ്ചയ്ക്കുള്ളില്‍ പ്രമേയത്തിന്റെ കരട് യുഎന്നില്‍ സമര്‍പ്പിക്കും. മനുഷ്യാവകാശ പ്രശ്നങ്ങളും സാംസ്കാരിക പ്രശ്നങ്ങളും സംബന്ധിച്ച പൊതുസഭയുടെ ഉപസമിതിയാണ് പ്രമേയം ആദ്യം പരിഗണിക്കുക. നവംബര്‍ അവസാനം ചേരുന്ന പൊതുസഭ പ്രമേയം പരിഗണിക്കും.

ജര്‍മന്‍ ചാരമേധാവി യുഎസിലേക്ക്

ബര്‍ലിന്‍: യൂറോപ്യന്‍ വന്‍ശക്തിയായ ജര്‍മനിയുടെ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ മൊബൈല്‍ഫോണ്‍ വര്‍ഷങ്ങളോളം അമേരിക്കയുടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍എസ്എ) ചോര്‍ത്തിയതിനെക്കുറിച്ച്് നേരിട്ട് വിശദീകരണം തേടാന്‍ ജര്‍മന്‍ ചാരഏജന്‍സിയുടെ തലവന്‍ അടക്കമുള്ള സംഘം അടുത്തയാഴ്ച അമേരിക്ക സന്ദര്‍ശിക്കും. വൈറ്റ്ഹൗസില്‍നിന്നും എന്‍എസ്എയില്‍നിന്നും ഉന്നതതലസംഘം വിശദീകരണം തേടുമെന്ന് ആംഗലയുടെ വക്താവ് അറിയിച്ചു. ജര്‍മനിയുടെ രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉന്നതരും സംഘത്തിലുണ്ടാകും.

അമേരിക്ക രാജ്യദ്രോഹകുറ്റം ചുമത്തി വേട്ടയാടുന്ന എഡ്വേഡ് സ്നോഡെനാണ് എന്‍എസ്എയുടെ തനിനിറം വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്തുവിട്ടത്. സഖ്യരാജ്യങ്ങളില്‍പ്പോലും ചാരപ്പണി നടത്തുന്ന അമേരിക്കന്‍ നടപടി യൂറോപ്യന്‍ യൂണിയന്‍ (ഇയു) നേതാക്കളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്. അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി ജര്‍മനി വിശദീകരണം തേടി. ചാരപ്പണി നിര്‍ത്താനുള്ള കരാറില്‍ ഈ വര്‍ഷം അവസാനത്തോടെ അമേരിക്ക ഒപ്പിടണമെന്ന് ജര്‍മനിയും ഫ്രാന്‍സും ആവശ്യപ്പെട്ടു. അമേരിക്കന്‍ നടപടി വിശ്വാസവഞ്ചനയാണെന്ന് ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ (ഇയു) ഉച്ചകോടിയില്‍ നേതാക്കള്‍ വിമര്‍ശിച്ചു.

എന്‍എസ്എ സൈറ്റ് പ്രവര്‍ത്തനരഹിതമായി

വാഷിങ്ടണ്‍: ആഗോളചാരപ്പണി നടത്തുന്ന അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെ (എന്‍എസ്എ) വെബ്സൈറ്റ് വെള്ളിയാഴ്ച മണിക്കൂറുകളോളം പ്രവര്‍ത്തനരഹിതമായി. ഹാക്കര്‍മാരുടെ സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് സൈറ്റ് തകര്‍ന്നതെന്ന് സാമൂഹ്യ വെബ്സൈറ്റുകള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടില്ലെന്നും സര്‍വറില്‍ സാങ്കേതിക തകരാറുണ്ടായതാണെന്നും എന്‍എസ്എ വക്താവ് അവകാശപ്പെട്ടു. "അനോണിമസ്" എന്നറിയപ്പെടുന്ന ഹാക്കര്‍മാരുടെ രാജ്യാന്തരസംഘടനയാണ് ഇതിനു പിന്നിലെന്ന് അമേരിക്കന്‍ വാര്‍ത്താ ചാനലായ എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ നയതന്ത്രരഹസ്യങ്ങള്‍ പുറത്തുവിട്ട വിക്കിലീക്സ് വെബ്സൈറ്റിന് കൂച്ചുവിലങ്ങിടാനുള്ള അമേരിക്കന്‍ അധികൃതരുടെ നീക്കത്തിനെതിരെ അനോണിമസ് നേരത്തെ രംഗത്തെത്തിയിരുന്നു.

deshabhimani

No comments:

Post a Comment