രണ്ടരവര്‍ഷത്തിനിടെ കെഎസ്ആര്‍ടിസി കൂടുതലായി നിരത്തിലിറക്കിയത് 130 ബസ് മാത്രം. നിലവില്‍ കട്ടപ്പുറത്തുള്ളത് ആയിരത്തിരുനൂറിലധികം ബസും. വകുപ്പുമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മണ്ഡലമായ നിലമ്പൂര്‍ ഡിപ്പോയില്‍ത്തന്നെ കഴിഞ്ഞ ദിവസം മൂന്നു ബസുകള്‍ കട്ടപ്പുറത്തായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാവര്‍ഷവും 1000 ബസ് വീതം പുതുതായി നിരത്തിലിറക്കിയ സ്ഥാനത്തുനിന്നാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ ഈ ദയനീയ അവസ്ഥയിലെത്തിയിരിക്കുന്നത്. രണ്ടരവര്‍ഷംകൊണ്ട് പുതുതായി 911 ബസ് വാങ്ങിയപ്പോള്‍ പഴക്കംചെന്ന് ഉപേക്ഷിച്ചത് 781 ബസാണ്. ഫലത്തില്‍ കൂടുതലായി ഇറങ്ങിയത് 130 എണ്ണംമാത്രം. ശബരിമല സീസണ്‍ അടുത്തിട്ടും പുതിയ ചേസുകള്‍ വാങ്ങാന്‍ യാതൊരു നീക്കവും കെഎസ്ആര്‍ടിസി നടത്തുന്നില്ല. 54 ചേസുകളെ ബോഡിനിര്‍മാണത്തിനായി ഇനിയുള്ളൂ.
സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങാന്‍ പണം ഇല്ലാത്തതിനാല്‍ ബോഡി ബില്‍ഡിങ് വര്‍ക്ഷോപ്പുകളില്‍ നിലവിലുള്ള ബസിന്റെ തകരാര്‍പോലും പരിഹരിക്കാനാകാത്ത അവസ്ഥയാണ്. ചിലയിടങ്ങളില്‍ ജീവനക്കാര്‍ സേവനമെന്ന നിലയില്‍ ബോഡി നിര്‍മാണം നടത്തുകയുണ്ടായി. പുതിയ ബസ് നിരത്തിലിറക്കുന്നത് കുറഞ്ഞത് കെഎസ്ആര്‍ടിസിയുടെ ഭാവിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിരത്തില്‍ കെഎസ്ആര്‍ടിസിയുടെ സാന്നിധ്യം 50 ശതമാനമാക്കുക എന്ന ലക്ഷ്യമിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി 13 ശതമാനത്തില്‍നിന്ന് 27 ശതമാനംവരെ വര്‍ധനയുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടരവര്‍ഷംകൊണ്ട് നിരത്തില്‍ കെഎസ്ആര്‍ടിസിയുടെ സാന്നിധ്യം 23 ശതമാനത്തില്‍ താഴെയായിരിക്കുകയാണ്.
വി ഡി ശ്യാംകുമാര്‍ deshabhimani
No comments:
Post a Comment