Sunday, October 27, 2013

കണ്‍സ്യൂമര്‍ ഫെഡിന്റെ മരുന്ന് വിതരണത്തിലും വന്‍ക്രമക്കേടുകളെന്ന് കണ്ടെത്തല്‍

കണ്‍സ്യൂമര്‍ ഫെഡിന്റെ മരുന്ന് വിതരണത്തിലും വന്‍ ക്രമക്കേടുകളെന്ന് കണ്ടെത്തല്‍. വെയര്‍ഹൗസുകളില്‍ നിന്ന് ബില്‍ രേഖപ്പെടുത്തിയശേഷം മരുന്ന് സ്വകാര്യ ഷോപ്പുകള്‍ക്ക് വിതരണം ചെയ്യുന്നതായി ആരോഗ്യവകുപ്പിന്റെ വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം ക്രമക്കേട് സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്ന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിജിലന്‍സിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍തലത്തില്‍ അട്ടിമറിക്കപ്പെട്ടതായുള്ള ആക്ഷപവും ശക്തമാണ്.

സംസ്ഥാനത്തെ ആറ് നീതി മെഡിക്കല്‍ വെയര്‍ഹൗസുകളില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടക്കുന്നതിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. വെയര്‍ ഹൗസുകളില്‍ നിന്നും ബില്‍ രേഖപ്പെടുത്തിയ ശേഷം സ്വകാര്യ മെഡിക്കല്‍ ഷോപ്പുകള്‍ക്കു നല്‍കുന്നതാണ് തട്ടിപ്പ. ഇത്തരത്തില്‍ കൊല്ലം ജില്ലയിലെ വെയര്‍ഹൗസുകളില്‍ നിന്ന് മരുന്ന് മറിച്ചുവിറ്റതിന്റെ രേഖകള്‍ വിജിലന്‍സിന് ലഭിച്ചു. വെയര്‍ഹൗസുകളില്‍ ബില്‍ ചെയ്തിട്ടുള്ള മരുന്നുകളുടെ തുക വെയര്‍ഹൗസുകളിലെയോ മെഡിക്കല്‍ ഷോപ്പുകളിലേയോ ലയബിലിറ്റി രജിസ്ടറില്‍ രേഖപ്പെടുത്തിയിട്ടില്ല. ആയൂര്‍, അഞ്ചല്‍, കുന്നിക്കോട് എന്നീ മെഡിക്കല്‍ ഷോപ്പുകളുടെ പേരില്‍ രേഖപ്പെടുത്തിയ ബില്ലിലെ മരുന്നുകള്‍ പ്രസ്തുത ഷോപ്പില്‍ എത്തിയിട്ടില്ലെന്ന് രേഖാമൂലം തെളിഞ്ഞിട്ടുണ്ട്. കൊല്ലം മെഡിക്കല്‍ വെയര്‍ ഹൗസിനെ കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 14 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് 12 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായാണ് സൂചന.

ക്രമക്കേടിനെതിരെ വിശദമായ അന്വേഷണം ആവശ്യമുള്ളതിനാല്‍ പൊലീസ് വിജിലന്‍സ് അന്വേഷിക്കണമെന്ന് ഡ്രഗ്‌സ്  കണ്‍ട്രോള്‍ വിഭാഗം നിര്‍ദേശിച്ചുവെങ്കിലും ഇത് ആദ്യഘട്ടത്തില്‍   ചാപിള്ളയായി. കണ്‍സ്യൂമര്‍ ഫെഡിന്റെ  ഭക്ഷ്യസാധനങ്ങളുടേയും മദ്യത്തിന്റേയും വില്‍പ്പനയിലെ അഴിമതിയുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നത്.  ഇതിന്റെ അടിസ്ഥാനത്തില്‍ മരുന്ന് വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച കാര്യത്തിലും വിജിലന്‍സ് അന്വേഷണമുണ്ടാകുമെന്നാണ് സൂചന.

janayugom

No comments:

Post a Comment