Sunday, October 27, 2013

"മാഫിയ കല്‍ക്കരി മന്ത്രാലയത്തില്‍" മന്‍മോഹന് മൗനം

"മാഫിയാസംഘം" കല്‍ക്കരി മന്ത്രാലയത്തില്‍ തന്നെയുണ്ടെന്ന കല്‍ക്കരി മുന്‍ മന്ത്രാലയം സെക്രട്ടറി പി സി പരഖിന്റെ പ്രസ്താവന പുറത്തുവന്നിട്ടും പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തികഞ്ഞ മൗനത്തില്‍. തന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത പരഖിനെ മാറ്റണമെന്നാവശ്യപ്പെട്ട് കല്‍ക്കരി മന്ത്രിയായിരിക്കെ ജെഎംഎം നേതാവ് ഷിബുസോറന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതുസംബന്ധിച്ച് വിശദീകരണം ആരാഞ്ഞപ്പോള്‍ കേന്ദ്രക്യാബിനറ്റ് സെക്രട്ടറിക്ക് നല്‍കിയ കുറിപ്പിലാണ് പരഖ് മന്ത്രാലയത്തിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചത്. സ്വകാര്യ സംരംഭകരും ഇടനിലക്കാരും രാഷ്ട്രീയക്കാരും ചേര്‍ന്ന് വന്‍ മാഫിയ സൃഷ്ടിച്ചിരിക്കുകയാണെന്നും സുതാര്യത സൃഷ്ടിക്കാനുള്ള ശ്രമത്തെ മന്ത്രാലയത്തിലുള്ളവര്‍ എതിര്‍ക്കുകയാണെന്നും പരഖ് പറഞ്ഞിരുന്നു. കല്‍ക്കരി കരിഞ്ചന്ത വന്‍തോതില്‍ നടക്കുന്നെന്നും എംപിമാരടക്കം നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് സമ്മര്‍ദം ചെലുത്തുന്നുവെന്നും പരഖ് ആരോപിച്ചിരുന്നു.

മന്ത്രാലയം സെക്രട്ടറിയായിരിക്കെ പരഖ് കടുത്ത രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ നേരിട്ടിരുന്നെന്ന് 2004 ജൂണ്‍ മുതല്‍ 2007 ജൂണ്‍ വരെ കേന്ദ്രക്യാബിനറ്റ് സെക്രട്ടറിയായിരുന്ന ബി കെ ചതുര്‍വേദി പ്രതികരിച്ചു. നിക്ഷിപ്ത താല്‍പ്പര്യക്കാരായ ചിലര്‍ പരഖിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. പലപ്പോഴും സമ്മര്‍ദംമൂലം സത്യസന്ധരായ ഉദ്യോഗസ്ഥരെ മാറ്റുകയോ സ്ഥലംമാറ്റുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട്. പൊതുതാല്‍പ്പര്യത്തിനായി നിലകൊള്ളുകയും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാതിരിക്കുകയും ചെയ്ത സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കാണ് ഈ അനുഭവമുണ്ടായതെന്നും ചതുര്‍വേദി പറഞ്ഞു. പരഖിന്റെയും ചതുര്‍വേദിയുടെയും പരാമര്‍ശങ്ങളോടും മൗനംപാലിക്കുകയാണ് പ്രധാനമന്ത്രി. ഷിബുസോറനെ തുടര്‍ന്ന് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കീഴിലും മാഫിയാ വാഴ്ച തുടര്‍ന്നുവെന്നതിന്റെ ഉദാഹരണമാണ് കല്‍ക്കരി കുംഭകോണം. സോറന്റെ കാലത്തുള്ളതിനേക്കാള്‍ ശക്തമായ രാഷ്ട്രീയസമ്മര്‍ദമാണ് പ്രധാനമന്ത്രിയുടെ കാലത്ത് ഉദ്യോഗസ്ഥര്‍ക്കുമേലുണ്ടായത്. പരഖിന്റെ പ്രസ്താവനകളോട് പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.

പിഎംഒ സിബിഐക്ക് രേഖകള്‍ കൈമാറി

ന്യൂഡല്‍ഹി: ബിര്‍ലയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് ഒഡിഷയില്‍ കല്‍ക്കരിപ്പാടം അനുവദിച്ച ഫയലുകള്‍ പ്രധാനമന്ത്രി കാര്യാലയം സിബിഐക്ക് കൈമാറി. പ്രധാനമന്ത്രി കാര്യാലയത്തിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹിന്‍ഡാല്‍കോ ഫയലുകള്‍ ആവശ്യപ്പെട്ട് സിബിഐ പിഎംഒക്ക് കത്തയച്ചത്. അന്വേഷണപുരോഗതി അറിയിച്ച് സിബിഐ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ സ്ഥിതിവിവര റിപ്പോര്‍ട്ട് കൈമാറിയിരുന്നു. റിപ്പോര്‍ട്ടില്‍ ഹിന്‍ഡാല്‍കോ കേസും പരാമര്‍ശിക്കുന്നുണ്ട്. ഹിന്‍ഡാല്‍കോ രേഖകള്‍ പിഎംഒയോട് ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രിയെ ചോദ്യംചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് സിബിഐ ഉദ്യോഗസ്ഥര്‍. ചോദ്യംചെയ്യലിന് സന്നദ്ധനാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഹിന്‍ഡാല്‍കോക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഒരു തെറ്റുമില്ലെന്ന പ്രസ്താവനയും പിഎംഒയുടേതായി നേരത്തെ പുറത്തുവന്നിരുന്നു.

deshabhimani

No comments:

Post a Comment