Tuesday, October 29, 2013

സീറ്റ് കിട്ടിയില്ല; വാജ്പേയിയുടെ അനന്തരവള്‍ പാര്‍ടി വിട്ടു

റായ്പുര്‍: ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാത്തതിനെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ അനന്തരവളും മുന്‍ എംപിയുമായ കരുണാശുക്ല ബിജെപി വിട്ടു. മഹിളാ മോര്‍ച്ച മുന്‍ ദേശീയ പ്രസിഡന്റ് കൂടിയായ കരുണാശുക്ലയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ സീറ്റ് നല്‍കുമെന്ന് നേതൃത്വം നേരത്തെ ഉറപ്പുനല്‍കിയിരുന്നു. താന്‍ നിരന്തരം അവഗണിക്കപ്പെടുകയാണെന്നും ഈ സാഹചര്യത്തില്‍ പാര്‍ടിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും കരുണാ ശുക്ല പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു. ബല്‍ത്താര മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ കരുണാശുക്ല താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. കരുണാശുക്ലയെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നുള്ള ഗ്രൂപ്പ്പോര് അവസാനിപ്പിക്കാന്‍ കേന്ദ്രനേതാക്കള്‍ എത്തിയിയെങ്കിലും ശമനമുണ്ടായില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കരുണാശുക്ലയുടെ രാജി ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് കരുതുന്നത്.

deshabhimani

No comments:

Post a Comment