മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിനുനേരെ കല്ലേറുണ്ടായതും ചില്ലുതെറിച്ച് അദ്ദേഹത്തിന് പരിക്കേറ്റതും ആകസ്മിക സംഭവമായി കാണാനാവില്ല. അഴിമതിക്കേസില്‍പെട്ട ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം നിലനില്‍ക്കുന്ന "സാഹചര്യം മുതലെടുക്കാന്‍" കോണ്‍ഗ്രസുകാര്‍തന്നെ ശ്രമിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് രണ്ടുമാസംമുമ്പ് ആഭ്യന്തരമന്ത്രിയുടെ കൈയിലുണ്ട്. ഇന്നുവരെ ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത ജനരോഷമാണ് കേരളത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്നിട്ടുള്ളതെന്ന് ആരേക്കാളും നന്നായി പൊലീസിനറിയാം. എന്നിട്ടും എന്തുകൊണ്ട്, പൊലീസ് വലയത്തിനുള്ളില്‍വച്ച് ഉമ്മന്‍ചാണ്ടിക്ക് പരിക്കേല്‍ക്കാനിടയായി എന്ന ചോദ്യം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടിക്കായി കാത്തിരിക്കുന്നു. അക്രമി ആരായാലും പ്രതി പൊലീസാണ് എന്നര്‍ഥം. ഭരണത്തലവനെ സംരക്ഷിക്കാന്‍ കഴിയാത്ത പൊലീസ് എന്തു പൊലീസാണ്? അതിന്റെ മന്ത്രി എന്തിന് കൊള്ളാം?
ഉമ്മന്‍ചാണ്ടിയുടെ നെറ്റിയില്‍ ചില്ലുവീണതു ചൂണ്ടി വികാരത്തള്ളിച്ച പ്രകടിപ്പിക്കുന്നവരുണ്ട്. സംസ്ഥാനത്ത് തുടര്‍ച്ചയായി ഇത്തരം സംഭവങ്ങളുണ്ടാകുന്നത് അവര്‍ മറന്നുപോകുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സിപിഐ നേതാവ് സി ദിവാകരനും പൊലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് കഴിഞ്ഞ ജൂലൈ ഒമ്പതിനാണ്. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകാതെ പൊലീസ് അന്വേഷണം അട്ടിമറിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങാനും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാനും ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജനാധിപത്യരീതിയില്‍ നടത്തിയ സമരത്തിനുനേരെയാണ് അന്ന് ഗ്രനേഡ് പ്രയോഗമുണ്ടായത്. മുന്‍ മുഖ്യമന്ത്രിയും മൂന്നാംവട്ടം പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കുന്നയാളുമായ തലമുതിര്‍ന്ന നേതാവ് വി എസ് പ്രസംഗിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിനുനേരെ അപകടകാരിയായ ഗ്രനേഡ് എറിയാന്‍ അന്ന് തയ്യാറായത് യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസാണ്. വി എസിന്റെ തൊട്ടടുത്താണ് ഗ്രനേഡ് പതിച്ചതും പൊട്ടിയതും. അദ്ദേഹത്തിനും മുന്‍ മന്ത്രികൂടിയായ സി ദിവാകരനും ദേഹാസ്വാസ്ഥ്യമുണ്ടായി. അവര്‍ക്ക് ചികിത്സ നല്‍കേണ്ടിവന്നു. അതുകഴിഞ്ഞുണ്ടായ അനിഷ്ടസംഭവം, സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനുനേരെ തൊടുപുഴയില്‍ നടന്ന ആക്രമണമാണ്.
ആഗസ്ത് 21നാണ് ചീഫ് വിപ്പിന്റെ ഔദ്യോഗിക വാഹനത്തിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിയുകയും ചില്ല് തകര്‍ക്കുകയുംചെയ്തത്. അയ്യങ്കാളി ജന്മദിനാഘോഷം ഉദ്ഘാടനംചെയ്ത് ജോര്‍ജ് മടങ്ങുമ്പോള്‍ വഴിയില്‍ കരിങ്കൊടിയുമായി കാത്തുനിന്ന അമ്പതോളം യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകോപന മുദ്രാവാക്യങ്ങളുയര്‍ത്തി പ്രധാന റോഡിലേക്ക് ഇറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞ് ചീമുട്ടകള്‍ എറിഞ്ഞു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസിന് തടയാനായില്ല. വാഹനത്തിനു പിന്നാലെ ഓടി ചില്ല് എറിഞ്ഞുതകര്‍ത്തശേഷമാണ് അക്രമികള്‍ പിന്മാറിയത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഹിതകരമല്ലാത്ത പ്രസ്താവന ജോര്‍ജില്‍നിന്നുണ്ടായതാണ് പ്രകോപനം. അന്ന് ജോര്‍ജ് പറഞ്ഞത്, ""സത്യം പറഞ്ഞതിന് കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ"" എന്നാണ്. ആസൂത്രിത അക്രമമാണ് നടന്നതെന്നും കോണ്‍ഗ്രസിലെ എ വിഭാഗം നേതാക്കളാണ് അതിനു പിന്നിലെന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും അക്രമികള്‍ക്കിടയില്‍നിന്ന് രക്ഷപ്പെടാനാകാത്തവിധം പൊലീസ് ജീപ്പ് നിര്‍ത്തിയിട്ടുവെന്നും ജോര്‍ജ് തുറന്നടിച്ചു. പ്രതിപക്ഷ നേതാവിനെ ഗ്രനേഡെറിഞ്ഞത് പൊലീസാണെങ്കില്‍ ചീഫ് വിപ്പിനെ ആക്രമിച്ചത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നയിക്കുന്ന എ ഗ്രൂപ്പ്.
കോഴിക്കോട്ട് കെപിസിസി പ്രസിഡന്റിന്റെ കണ്‍മുന്നില്‍ ഒരു സംസ്ഥാന നേതാവ് എക്സിക്യൂട്ടീവ് അംഗത്തിന്റെ ചെകിട്ടത്തടിച്ചത് മറ്റൊരനുഭവം. അതന്വേഷിക്കാന്‍ നിയുക്തയായ നേതാവിനുമുന്നിലും അരങ്ങേറിയത് കോണ്‍ഗ്രസുകാരുടെ കൂട്ടത്തല്ലാണ്. ഈ സംഭവങ്ങളുടെ തുടര്‍ച്ചയായി വേണം കണ്ണൂരില്‍ ഉമ്മന്‍ചാണ്ടിക്ക് പോറലേറ്റതിനെ കാണാന്‍.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആദ്യപ്രതികരണം, "ആര്‍ടി ഓഫീസ് കെട്ടിടത്തില്‍ ഒളിച്ചിരുന്നാണ് കല്ലെറിഞ്ഞത്" എന്നാണ്. പൊലീസ് അറിയിക്കാതെ ആഭ്യന്തരമന്ത്രിക്ക് ഇത് പറയാനാവില്ല. ആരാണ് എറിഞ്ഞത് എന്ന് അപ്പോഴദ്ദേഹത്തിന് അറിയില്ല. "ഒളിച്ചിരുന്നയാളെ" പൊലീസ് പിടിച്ചിട്ടുമില്ല. എന്നിട്ടും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചത്, മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്നും സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണമെന്നുമാണ്. എറിഞ്ഞയാളെ അറിയില്ലെങ്കിലും അത് സിപിഐ എം നേതൃത്വത്തിന്റെ അറിവോടെയാണ് എന്ന് ഉറപ്പിക്കാനുള്ള ദിവ്യജ്ഞാനം കോണ്‍ഗ്രസ് നേതാവായ രാധാകൃഷ്ണന് ആവാം; സംസ്ഥാനം ഭരിക്കുന്ന ആഭ്യന്തരമന്ത്രിക്ക് യോജ്യമല്ല. അതേ മന്ത്രി തിങ്കളാഴ്ച തലസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ച് മറ്റൊരു വിവരമാണ് വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയെ രക്ഷിക്കാനെന്ന വ്യാജേന നിലയുറപ്പിച്ചവരാണ് അക്രമികള്‍ എന്നാണത്. ഇതിനര്‍ഥം, ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റത് എങ്ങനെ എന്ന് സര്‍ക്കാര്‍ ഇതുവരെ "തീര്‍ച്ചപ്പെടുത്തിയിട്ടില്ല" എന്നുതന്നെയാണ്.
സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണയിടുന്നുണ്ട്. അതിനദ്ദേഹം കണ്ടെത്തുന്ന ന്യായം, "മുഖ്യമന്ത്രിയെ രക്ഷിക്കാനെന്ന വ്യാജേന എതിര്‍വശത്തു നിന്നവരാണ് കല്ലെറിഞ്ഞത്" എന്നാകുമ്പോള്‍, സമരവളന്റിയര്‍മാരല്ല അക്രമത്തിനുപിന്നില്‍ എന്നാണ് സ്ഥാപിക്കപ്പെടുന്നത്. സമരക്കാര്‍ നിന്ന ഭാഗത്തുനിന്ന് കല്ല് പോയിട്ടില്ല എന്നുപറയുന്നത് പൊലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തരമന്ത്രിയാണ്. അത്രമാത്രം പറഞ്ഞാല്‍ തീരുമോ തിരുവഞ്ചൂരിന്റെ ഉത്തരവാദിത്തം? സംസ്ഥാന ഖജനാവില്‍നിന്ന് ചെല്ലും ചെലവും കൊടുത്ത് പോറ്റുന്ന സ്ഥിരം രക്ഷാഭടന്മാര്‍ മുഖ്യമന്ത്രിക്കില്ലേ? അവര്‍ എന്തെടുക്കുകയായിരുന്നു? ഗണ്‍മാന്‍ ഇരിക്കേണ്ടിടത്ത് എങ്ങനെ ടി സിദ്ദിഖ് എന്ന യൂത്ത് നേതാവ് ഇരുന്നു? അദ്ദേഹത്തിന് മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള സിദ്ധിയുണ്ടോ? ഗണ്‍മാനിരിക്കേണ്ടിടത്ത് വേറെയാളിരുന്നു എന്നതുതന്നെ സുരക്ഷാവീഴ്ചയുടെ അനിഷേധ്യതെളിവാണ്. യുഡിഎഫ് പ്രവര്‍ത്തകര്‍തന്നെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശകരായി വരുന്നതെങ്കില്‍പ്പോലും കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിര്‍ദേശമുണ്ട്.
പൊലീസും മന്ത്രിയും പറയുന്ന കല്ലിന്റെ കഥ അതിവിചിത്രമാണ്. ടൊയോട്ടയുടെ ഇന്നോവ കാറിന്റെ വീതി 1.75 മീറ്ററാണ്. ഒരു വശത്തെ ചില്ലില്‍ പതിച്ച് ആ ചില്ല് തകര്‍ത്ത് അകത്തൂടെ മറുവശത്തിരിക്കുന്ന മുഖ്യമന്ത്രിയുടെ നെഞ്ചില്‍ തട്ടിയശേഷം ആ വശത്തെ ചില്ലും തകര്‍ക്കുന്ന കല്ലിന്റെ സഞ്ചാരപഥം ശാസ്ത്രത്തിന് അചിന്ത്യമാണ്. കല്ലിന് അങ്ങനെ വളഞ്ഞുപുളഞ്ഞ് സഞ്ചരിക്കാന്‍ കഴിയില്ല. റബര്‍ പന്താണെങ്കില്‍ തട്ടിത്തെറിക്കുമായിരുന്നു. അപ്പോള്‍ ചില്ല് പൊട്ടുകയുമില്ല. മന്ത്രി കെ സി ജോസഫിന് സ്വന്തമായി സഞ്ചരിക്കാന്‍ സര്‍ക്കാര്‍ ഔദ്യോഗിക കാറും അകമ്പടിയുമൊക്കെ കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയെ ഒരുനിമിഷം വിട്ടുപിരിയാനുള്ള വിഷമംമൂലമാകാം അദ്ദേഹവും ഉമ്മന്‍ചാണ്ടിയുടെ കൂടെ അതേ കാറിലാണ് സഞ്ചരിച്ചത്.
ഇനി മുഖ്യമന്ത്രിയുടെ വാക്കുകള്‍ "നെഞ്ചില്‍ പതിച്ചത് വലിയ കല്ലെന്ന് മുഖ്യമന്ത്രി" എന്ന തലക്കെട്ടില്‍ മനോരമ വാര്‍ത്തയായി വന്നത് നോക്കുക:""സാമാന്യം വലിയൊരു കല്ലാണ് തന്റെ നെഞ്ചില്‍ പതിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി "മനോരമ"യോട് പറഞ്ഞു. ഇടതുവശത്തെ ചില്ലിലൂടെ ഊക്കോടെ അകത്തേക്ക് പതിച്ച കല്ല്, തന്റെ നെഞ്ചില്‍ പതിച്ചശേഷം വലതുചില്ല് തകര്‍ത്ത് പുറത്തുപോയി."" കെ സി ജോസഫിനോട് കല്ലിന് നല്ല സ്നേഹമാണ്. അദ്ദേഹത്തെ നോവിക്കാതെ വളഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ നെഞ്ചില്‍തന്നെയെത്തി. പിന്നെ ചാടി ചില്ലു തകര്‍ത്ത് പുറത്തേക്കും. (പുരാണത്തിലെ ബ്രഹ്മാസ്ത്രത്തിന്റെയോ മറ്റോ പുനര്‍ജന്മമാണോ ഈ കല്ല് എന്നും സംശയിക്കാം) എന്നിട്ടും നെഞ്ചില്‍ നേരിയ വേദനമാത്രമെന്ന് പറയാനുള്ള മുഖ്യമന്ത്രിയുടെ വിനയം നല്ലതുതന്നെ. രണ്ടുചില്ലു തകര്‍ത്ത കല്ലിനെ വെല്ലുന്ന നെഞ്ചൂക്കുള്ള മുഖ്യമന്ത്രിയുണ്ടായത് കേരളത്തിന്റെ പുണ്യമെന്ന് നാളെ കീര്‍ത്തിപത്രം വായിക്കപ്പെട്ടാലേ കഥ പൂര്‍ത്തിയാകൂ.
ഒരു പ്രധാന രാഷ്ട്രീയനേതാവിന് പരിക്കേറ്റാല്‍, അല്ലെങ്കില്‍ അദ്ദേഹം അപകടത്തില്‍പെട്ടാല്‍ ഉണ്ടാവേണ്ട വിചാരങ്ങളല്ല ഇതൊന്നും. എന്നാല്‍, കണ്ണൂരിലെ സംഭവങ്ങള്‍ക്ക് വിദഗ്ധമായി സംവിധാനംചെയ്യപ്പെട്ട നാടകത്തിന്റെ എല്ലാ ഭാവങ്ങളുമുണ്ട്. ആ നാടകവും അതിന്റെ സ്റ്റേജും ഒറ്റദിവസംകൊണ്ട് പൊളിഞ്ഞു വീഴുമെന്നായപ്പോഴാണ് ഉമ്മന്‍ചാണ്ടി ചില നിലപാടുമാറ്റങ്ങളിലേക്കെത്തിയതെന്നും കരുതണം. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാക്കുകള്‍ ആത്മാര്‍ഥമായിട്ടാണെങ്കില്‍ സംഭവിച്ചതൊക്കെ ഞാന്‍ പൊറുക്കും; മറക്കും എന്നായിരുന്നു ഞായറാഴ്ച വൈകിട്ടത്തെ അദ്ദേഹത്തിന്റെ പ്രതികരണം. അതേ മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയപ്പോള്‍, പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തന്നെ ആശുപത്രിയില്‍ സന്ദര്‍ശിക്കേണ്ടതില്ല എന്ന നിലപാടാണെടുത്തത്. എന്തിനായിരുന്നു ഈ വിലക്ക്? ഇരുനേതാക്കളും ആശുപത്രിയില്‍ ചെന്നുകണ്ടാല്‍ ഉമ്മന്‍ചാണ്ടിയുടെ ഏതു വാദമാണ്; ഉദ്ദേശ്യമാണ് തകര്‍ന്നുപോവുക? അവിടെയാണ് സംശയത്തിന്റെ മറ്റൊരു മേഖല.
ഒരു കല്ലുകൊണ്ട് സോളാര്‍ കളങ്കം മാറ്റി മുഖ്യമന്ത്രിക്ക് വിശുദ്ധപട്ടം കൊടുക്കാമെന്ന് കരുതിപ്പോയവരുണ്ട്. ആ കല്ല് പുളിക്കെറിഞ്ഞ വടിപോലെ; ബൂമറാങ്ങുപോലെ തിരിച്ച് അവരിലേക്കുതന്നെ ചെല്ലുകയാണ്. കെപിസിസി പ്രസിഡന്റും ഭാരവാഹികളും ചീഫ് വിപ്പും സുരക്ഷാപാളിച്ചയെക്കുറിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കില്‍ അത് തിരുവഞ്ചൂരിനെതിരെമാത്രമുള്ള അസ്ത്രമല്ല- ഉമ്മന്‍ചാണ്ടിക്കുതന്നെ കൊള്ളുന്നതാണ്.
പി എം മനോജ് deshabhimani
No comments:
Post a Comment