Monday, October 28, 2013

കോണ്‍. ക്രിമനലുകള്‍ പാര്‍ടി ഓഫീസും വ്യാപാരസ്ഥാപനങ്ങളും തകര്‍ത്തു

ശാസ്താംകോട്ടയില്‍ കോണ്‍.-യൂത്ത് കോണ്‍ഗ്രസ് അക്രമം സിപിഐ എം ഓഫീസ് തകര്‍ത്തു; ബ്രാഞ്ച്സെക്രട്ടറിക്ക് ഗുരുതരപരിക്ക്

ശാസ്താംകോട്ട: കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശാസ്താംകോട്ടയില്‍ അക്രമം നടത്തി. സിപിഐ എം ഓഫീസ് ആക്രമിച്ചു. ബ്രാഞ്ച് സെക്രട്ടറിക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കണ്ണൂരില്‍ ഉമ്മന്‍ചാണ്ടിക്കുനേരെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഒരുകൂട്ടം കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശാസ്താംകോട്ട ടൗണില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കണ്ണില്‍ കണ്ട സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും ബോര്‍ഡും കൊടിമരങ്ങളും നശിപ്പിച്ച സംഘം സിപിഐ എം ശാസ്താംകേട്ട വെസ്റ്റ് ലോക്കല്‍കമ്മിറ്റി ഓഫീസായ പരമേശ്വരന്‍ സ്മാരക മന്ദിരം ആക്രമിച്ചു. ആക്രമണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഐ എം ശാസ്താംകോട്ട ലോക്കല്‍കമ്മിറ്റി സെക്രട്ടറി കൃഷ്ണകുമാര്‍, കെ ബി ഷെമീര്‍, ഷിബു ഗോപാല്‍ എന്നിവരെ യൂത്ത് കോണ്‍ഗ്രസ് സംഘം വളഞ്ഞിട്ട് മര്‍ദിച്ചു.

സിപിഐ എം സിനിമാപറമ്പ് ബ്രാഞ്ച് സെക്രട്ടറി കെ ബി ഷെമീറിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിനുശേഷം ഏറെ വൈകിയെത്തിയ പൊലീസ് നടപടിയെടുക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രക്ഷാകവചം ഒരുക്കുകയായിരുന്നു. രാത്രി വൈകിയും ശാസ്താംകോട്ടയില്‍ സംഘര്‍ഷസാധ്യത നിലനിന്നു. സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം അഡ്വ. കെ സോമപ്രസാദ് പരിക്കേറ്റ പ്രവര്‍ത്തകരെ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ എം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശാസ്താംകോട്ടയില്‍ പ്രകടനം നടത്തി

കോണ്‍. ക്രിമനലുകള്‍ പാര്‍ടി ഓഫീസും വ്യാപാരസ്ഥാപനങ്ങളും തകര്‍ത്തു

ഇടുക്കി: ജില്ലയില്‍ കോണ്‍ഗ്രസ് ക്രിമിനലുകള്‍ അഴിഞ്ഞാടി പാര്‍ട്ടി ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും തകര്‍ത്തു. കുമളിയില്‍ കോണ്‍ഗ്രസ് ഗുണ്ടാസംഘം നടത്തിയ ആക്രമണത്തില്‍ എസ്എഫ്ഐ പീരുമേട് ഏരിയ പ്രസിഡന്റിനും സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗത്തിനും പരിക്കേറ്റു. വണ്ടിപ്പെരിയാര്‍ പോളിടെക്നിക് യൂണിയന്‍ ചെയര്‍മാനുമായ ടി എസ് അനില്‍, സിപിഐ എം കുമളി ലോക്കല്‍ കമ്മിറ്റി അംഗം പി രാജന്‍ എന്നിവര്‍ക്കാണ് കോണ്‍ഗ്രസ് ഗുണ്ടാസംഘത്തിന്റെആക്രമണത്തില്‍ പരിക്കേറ്റത്. തൊടുപുഴയില്‍ ചെത്ത്തൊഴിലാളി യൂണിയന്‍ ഓഫീസും മൂന്നാറില്‍ ഹോട്ടല്‍ ഉള്‍പ്പെടെ നാലുസ്ഥാപനങ്ങളും നശിപ്പിച്ചു. മൂന്നാറില്‍ സണ്‍ കോഫീബാര്‍, പാരീസ് ഹോട്ടല്‍ എന്നിവ അടിച്ചും എറിഞ്ഞും തകര്‍ത്തു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സിപിഐ എമ്മിന്റെയും എല്‍ഡിഎഫിന്റെയും പ്രചാരണ ബോര്‍ഡുകളും അക്രമികള്‍ അടിച്ച് തകര്‍ത്തു. കണ്ണൂരില്‍ മുഖ്യമന്ത്രിയെ അക്രമിച്ചെന്നാരോപിച്ചായിരുന്നു ഞായറാഴ്ച ഇരുളിന്റെ മറവില്‍ ജില്ലയിലെങ്ങും കോണ്‍ഗ്രസ് ക്രിമിനലുകള്‍ അക്രമണം നടത്തിയത്. പി ടി തോമസ് എംപിയുടെയും ഡിസിസി നേതൃത്വത്തിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ക്രിമിനലുകള്‍ വ്യാപക അക്രമം നടത്തിയത്. സിപിഐ എമ്മിനും നേതാക്കള്‍ക്കുമെതിരെ കേട്ടാല്‍ അറയ്ക്കുന്ന തരത്തില്‍ അസഭ്യവര്‍ഷത്തോടെയാണ് മുദ്രാവാക്യവുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

കുമളിയില്‍ പ്രകടനം തേക്കടി കവല വരെ ചെന്ന് തിരികെ കുമളി ടൗണിലേക്ക് വരും വഴിയാണ് ക്ഷേത്രത്തിന് സമീപംവച്ച് കടയുടെ മുമ്പില്‍ നില്‍ക്കുകയായിരുന്ന എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ടി എസ് അനിലിനെ കെഎസ്യു ജില്ലാ കമ്മിറ്റി അംഗവും പോളിടെക്നിക് വിദ്യാര്‍ഥിയുമായ ടോണിയുടെ നേതൃത്വത്തില്‍ ആക്രമിച്ചത്. അനിലിനെ കണ്ടമാത്രയില്‍ പ്രകടത്തില്‍ നിന്നും ഓടിവന്ന് ടോണി ആക്രമിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വെള്ളാരംകുന്ന് വാര്‍ഡ് അംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ റോബിന്‍ കാരക്കാട്ട്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സനൂപ്, ജോജി എന്നിവരുടെ നേതൃത്വത്തില്‍ അനിലിനെ വളഞ്ഞിട്ട് ഭീകരമായി മര്‍ദിച്ചു. തുടര്‍ന്ന് വണ്ടന്മേട് കവലയില്‍ വച്ചാണ് പാര്‍ടി ലോക്കല്‍ കമ്മിറ്റി അംഗം പി രാജനെ കല്ലിന് എറിഞ്ഞ് പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ഇരുവരേയും കുമളി ഗവണ്‍മെന്റാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി തൊടുപുഴയില്‍ പ്രകടനം നടത്തിയ കോണ്‍ഗ്രസ് അക്രമിസംഘത്തില്‍ ഉള്‍പ്പെട്ട മൂന്നുപേരാണ് മണക്കാട് ജങ്ഷനിലെ യൂണിയന്‍ ഓഫീസിലെ ഓട്ടോതൊഴിലാളിയൂണിയന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന മുറിയുടെ ജനാല ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തത്. പ്രകടനത്തിനൊപ്പം സഞ്ചരിച്ചിരുന്ന പൊലീസ് സംഘം ഇതിന് സാക്ഷികളായി. അക്രമികളെ പിടിക്കാനോ അതിക്രമം തടയാനോ ഇവരുടെ ഭാഗത്തുനിന്ന് ഒരുനീക്കവും ഉണ്ടായില്ല. പ്രകടനം കടന്നുപോയ വഴിയില്‍ ഇതിനും പൊലീസ് ഒത്താശക്കാരായി.കോണ്‍ഗ്രസ് ക്രിമിനലുകള്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. 25ഓളം പ്രവര്‍ത്തകരാണ് അക്രമണം നടത്തിയത്.

കോട്ടയത്ത് കോണ്‍ഗ്രസ് അഴിഞ്ഞാട്ടം; ടാക്സി ഡ്രൈവര്‍മാരെ തല്ലിച്ചതച്ചു

കോട്ടയം: കണ്ണൂരില്‍ സംഘര്‍ഷത്തിനിടെ മുഖ്യമന്ത്രിക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വ്യാപക അക്രമം. കോട്ടയം നഗരത്തില്‍ പൊലീസിനെ നോക്കുകുത്തികളാക്കി അഴിഞ്ഞാടിയ കോണ്‍ഗ്രസുകാര്‍ സിഐടിയു യൂണിയനില്‍പ്പെട്ട രണ്ട് ടാക്സി ഡ്രൈവര്‍മാരെ വളഞ്ഞിട്ട് തല്ലിച്ചതച്ചു. തലയോലപ്പറമ്പില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷി അനുസ്മരണയോഗം അലങ്കോലപ്പെടുത്താനും ശ്രമമുണ്ടായി. കോട്ടയം നഗരത്തില്‍ ഞായറാഴ്ച സന്ധ്യയോടെയായിരുന്നു അക്രമം. അക്രമത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളോടെയുമായിരുന്നു കോണ്‍ഗ്രസുകാര്‍ ഡിസിസി ഓഫീസ് കേന്ദ്രീകരിച്ച് പ്രകടനമായി ടൗണിലേക്ക് എത്തിയത്. വഴിയിലുണ്ടായിരുന്ന ഇടതുപക്ഷ ബഹുജനസംഘടനകളുടെ ഫ്ളക്സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളന പ്രചാരണ ബോര്‍ഡുകള്‍ ഗാന്ധിസ്ക്വയറിന് സമീപം കൂട്ടിയിട്ട് കത്തിച്ചു. വാഹനങ്ങള്‍ക്കു നേരെ ആക്രോശിച്ചും ഇടതുപക്ഷ നേതാക്കളെ വെല്ലുവിളിച്ചും നീങ്ങിയ കോണ്‍ഗ്രസുകാരെ നിയന്ത്രിക്കാതെ പൊലീസ് എല്ലാ ഒത്താശയും ചെയ്തുകൊടുത്തു. നഗരത്തില്‍ ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു. തിരുനക്കര ടാക്സി സ്റ്റാന്‍ഡിന് മുന്നിലെത്തിയ അക്രമിസംഘം അവിടെ സ്ഥാപിച്ചിരുന്ന കോട്ടയം ടാക്സി ഡ്രൈവേഴ്സ് യൂണിയന്റെ(സിഐടിയു) കൊടിമരവും ബോര്‍ഡും നശിപ്പിക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച ടാക്സി ഡ്രൈവര്‍മാരും യൂണിയന്‍ അംഗങ്ങളുമായ കിളിരൂര്‍ "വിഷ്ണുമോഹന"ത്തില്‍ മോഹനന്‍(ആഘോഷ് മോഹന്‍-54), അയ്മനം പൂന്ത്രക്കാവ് വടക്കേടത്തുപറമ്പില്‍ വി എന്‍ രാജു(49) എന്നിവരെ വളഞ്ഞിട്ട് മര്‍ദിച്ചു. ഇവര്‍ക്ക് നടുവിനും കൈകാലുകള്‍ക്കും മുഖത്തും പരിക്കുണ്ട്. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു അക്രമം.

ഐഎന്‍ടിയുസി നേതാവും കോട്ടയം മുനിസിപ്പല്‍ ചെയര്‍മാനുമായ എം പി സന്തോഷ് കുമാറിന്റെ സാന്നിധ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജോബോയി ജോര്‍ജ്, വി കെ അനില്‍കുമാര്‍(ടിറ്റോ), കെഎസ്യു ജില്ലാ പ്രസിഡന്റ് ജോബിന്‍ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് ടാക്സി ഡ്രൈവര്‍മാരെ ആക്രമിച്ചത്. സംഭവമറിഞ്ഞ് മറ്റ്് ടാക്സി ഡ്രൈവര്‍മാര്‍ സ്ഥലത്തെത്തിയതോടെയാണ് അക്രമിസംഘം പിന്‍വാങ്ങിയത്. തുടര്‍ന്ന് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് അക്രമത്തില്‍ പ്രതിഷേധിച്ച് പിന്നീട്് നഗരത്തില്‍ സിപിഐ എം നേതൃത്വത്തില്‍ നടത്തിയ പ്രകടനം അലങ്കോലപ്പെടുത്താനും ശ്രമമുണ്ടായി. കോട്ടയം നഗരസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ വി കെ അനില്‍കുമാര്‍ പ്രകടനത്തിനു നേരെ പ്രകോപനം സൃഷ്ടിച്ച് സ്കൂട്ടറില്‍ എത്തുകയായിരുന്നു. സിപിഐ എം പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവമുണ്ടായില്ല.

നാട്ടകം പ്രദേശത്ത് നഗരസഭാംഗവും കെപിസിസി സെക്രട്ടറിയുമായ നാട്ടകം സുരേഷിന്റെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസിന്റെ അഴിഞ്ഞാട്ടം. ഇവിടെയും വ്യാപകമായി സിപിഐ എമ്മിന്റെയും വര്‍ഗബഹുജനസംഘടനകളുടെയും ബോര്‍ഡുകള്‍ നശിപ്പിച്ചു. തട്ടുകടകള്‍ ബലമായി അടപ്പിക്കാനും ശ്രമുണ്ടായി. സിപിഐ എം തലയോലപ്പറമ്പില്‍ സംഘടിപ്പിച്ച പുന്നപ്ര- വയലാര്‍ അനുസ്മരണസമ്മേളനവും അലങ്കോലമാക്കാന്‍ ശ്രമം നടന്നു. കോണ്‍ഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് പി കെ ദിനേശന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാര്‍ സമ്മേളനസ്ഥലത്തേക്ക് പാഞ്ഞുകയറി പ്രവര്‍ത്തകരെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ ചന്ദ്രന്‍പിള്ള സംസാരിക്കുന്നതിനിടെയായിരുന്നു കൈയേറ്റശ്രമം. പ്രവര്‍ത്തകര്‍ ഇത് ചെറുത്തു. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കി. പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് നടപടിയില്‍ സിപിഐ എം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഇ എം കുഞ്ഞുമുഹമ്മദ് പ്രതിഷേധിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകിട്ട് ആറിന് തലയോലപ്പറമ്പില്‍ സിപിഐ എം നേതൃത്വത്തില്‍ പ്രകടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

deshabhimani

No comments:

Post a Comment