Thursday, October 31, 2013

കല്ലേറ്: പിന്നിലാരെന്ന് ഇപ്പോള്‍ പറയാനാകില്ല - മുഖ്യമന്ത്രി

കണ്ണൂരില്‍ തനിക്കെതിരെയുണ്ടായ കല്ലേറിനു പിന്നില്‍ സിപിഐ എം നേതൃത്വമാണോ എന്ന് നേരിട്ട് കാര്യങ്ങള്‍ അറിയാതെ പറയാനാവില്ലെന്ന് മുഖ്യമന്ത്രി. അന്വേഷണത്തിലൂടെമാത്രമേ സിപിഐ എം നേതൃത്വം ഇതിനു പിന്നിലുണ്ടോ എന്ന് പറയാനാകൂ. പ്രത്യേക അന്വേഷണം നടത്താന്‍മാത്രം പ്രാധാന്യമുള്ള കാര്യമായി സംഭവത്തെ കാണുന്നില്ല. അക്രമത്തില്‍ പങ്കില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞതിനെ സ്വാഗതംചെയ്യുന്നു. സിപിഐ എമ്മിന് അക്രമത്തില്‍ പങ്കില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുകയും ചെയ്യുന്നു-വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.

കണ്ണൂരില്‍ താന്‍ പറഞ്ഞതനുസരിച്ചാണ് പൊലീസ് നടപടി ഒഴിവാക്കിയത്. കല്ലെറിഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന ചാനല്‍ വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് പറയുന്നവരുടെ വിശ്വാസ്യത നഷ്ടമാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിണറായിയുടെയും കോടിയേരിയുടെയും സന്ദര്‍ശനം തടഞ്ഞിരുന്നില്ല. അവര്‍ ആവശ്യപ്പെട്ട വേളയില്‍ വരേണ്ടെന്ന് പറഞ്ഞത് നല്ല ഉദ്ദേശ്യത്തോടെയാണ്. നിരവധിപേര്‍ അകത്ത് കടക്കാന്‍ കഴിയാതെ പുറത്തു നില്‍ക്കുമ്പോള്‍ അവര്‍ വരുന്നത് ശരിയല്ലെന്നു തോന്നി. കണ്ണൂര്‍ സംഭവത്തിന്റെ പേരില്‍ കൂടുതല്‍ സുരക്ഷ വേണമെന്ന അഭിപ്രായമില്ല. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്കെതിരെയുള്ള ഉപരോധസമരം ശരിയോ തെറ്റോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. നിയമത്തിന് അതീതമായി ആരെയും നേരിടാനുമില്ല-മുഖ്യമന്ത്രി പറഞ്ഞു.

deshabhimani

No comments:

Post a Comment