Sunday, October 27, 2013

ഉമ്മന്‍ചാണ്ടിയുടേത് അമേരിക്കന്‍ മോഡല്‍ ഭരണം: എം എ ബേബി

 ഉമ്മന്‍ചാണ്ടിയുടേത് ആധുനിക രീതിയിലുള്ള അമേരിക്കന്‍ മോഡല്‍ ഭരണമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. മരാരിക്കുളം രക്തസാക്ഷി ദിനാചരണത്തോട് അനുബന്ധിച്ച് രക്തസാക്ഷി നഗറില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തികച്ചും ഏകാധിപതിയെ പോലെയാണ് ഉമ്മന്‍ ചാണ്ടി ഭരിക്കുന്നത്. പ്രകൃതി സമ്പത്താകെ ധനമൂലധന ശക്തികള്‍ക്ക് കൊള്ളയടിക്കാന്‍ അവസരമൊരുക്കുന്നു. നാണം കെട്ടാണ് അദ്ദേഹം ഭരണത്തിലിരിക്കുന്നത്. കള്ളന്മാരെയും തട്ടിപ്പുകാരെയും സംരക്ഷിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസാണ് മുഖ്യമന്ത്രിയുടേത്. കടകംപള്ളി ഭൂമി തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനാണ് മുഖ്യപ്രതി. സ്വര്‍ണ തട്ടിപ്പില്‍ പിടിയിലായ ഫയാസ് രക്ഷപെടാന്‍ വിളിച്ചത് മുഖ്യമന്ത്രിയെയാണ്. എന്തു നാണം കെട്ടും മുഖ്യമന്ത്രിസ്ഥാനത്തു തുടരുമെന്ന് അദ്ദേഹം തന്നെ പറഞ്ഞുകഴിഞ്ഞു. എന്നാല്‍ അദ്ദേഹം തുടരുന്നതിലൂടെ യഥാര്‍ഥത്തില്‍ നാണം കെടുന്നത് മലയാളിയാണ്. നിയമലംഘനത്തിന് പോലും ക്യാബിനറ്റിനെ പങ്കാളിയാക്കുന്നു. നിയമങ്ങള്‍ ലംഘിച്ച് സ്വകാര്യമേഖലയില്‍ നിര്‍മിക്കുന്ന ആറന്മുള വിമാനത്താവളം സംബന്ധിച്ച് എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ പങ്കാളിത്തം തീരുമാനിച്ചത് ഇതിന്റെ ഉദാഹരണമാണ്. ലോകം മുഴുവന്‍ അംഗീകരിച്ച നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമം വികസനത്തിന് പ്രതിബന്ധമാണോയെന്ന് അന്വേഷിക്കാന്‍ കമീഷനെ നിയോഗിച്ചിരിക്കുയാണ്. അഴിമതിയുടെ കാര്യത്തില്‍ കേന്ദ്ര യുപിഎ സര്‍ക്കാര്‍ എല്ലാ റെക്കോഡും തകര്‍ത്തു. രണ്ട് നൂറ്റാണ്ട് ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാര്‍ രാജ്യത്തെ കൊള്ളയടിച്ചതിനേക്കാള്‍ സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികള്‍ സ്വന്തം കീശയിലാക്കിയതായി പഠനം വെളിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ടി ജെ ആഞ്ചലോസ് അധ്യക്ഷനായി.

deshabhimani

No comments:

Post a Comment