Monday, October 28, 2013

വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭം

രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിഐടിയു ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളുമായി സഹകരിച്ചാകും പ്രക്ഷോഭം.

രാജ്യത്തെ 20 വിമാനത്താവളങ്ങള്‍കൂടി സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്ര നീക്കം. ഇതില്‍ ആറെണ്ണം ഡിസംബറിനുള്ളില്‍ കൈമാറാന്‍ ധൃതിപിടിച്ച നീക്കം നടക്കുകയാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ലാഭകരമായാണ് പ്രവര്‍ത്തിക്കുന്നത്. ഒരു കാരണവുമില്ലാതെയാണ് വിമാനത്താവളങ്ങള്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളെ ഏല്‍പ്പിക്കുന്നത്. ഇതോടെ യൂസേഴ്സ് ഫീ ഇനത്തില്‍ യാത്രക്കാരില്‍നിന്ന് അമിത ചാര്‍ജ് ഈടാക്കും. കിങ്ഫിഷര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിമാന കമ്പനികള്‍ സര്‍ക്കാരിന് കോടിക്കണക്കിന് രൂപ നല്‍കാനുണ്ട്. ഇത് പിരിക്കാതെയാണ് സ്വകാര്യവല്‍ക്കരണവുമായി മുന്നോട്ടുപോകുന്നത്. എയര്‍പോര്‍ട്ടുകളുടെ സ്വകാര്യവല്‍ക്കരണം രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയാണ്. 6000 കോടി രൂപ മുടക്കിയാണ് രാജ്യത്തെ 37 വിമാനത്താവളങ്ങള്‍ നവീകരിച്ചത്. ഇതിനുശേഷമാണ് ഇവ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്. വ്യോമയാന മേഖലയില്‍ ദശകങ്ങളുടെ അനുഭവജ്ഞാനമുള്ള എയര്‍പോര്‍ട്ട്് അതോറിറ്റിയെ തഴഞ്ഞ് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ഒരു മുന്നൊരുക്കവുമില്ലാതെയാണ് ടെന്‍ഡര്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. രാജ്യത്തിന്റെ പൊതുമുതല്‍ വിറ്റ് തുലയ്ക്കാനുള്ള നീക്കം ജനങ്ങളെ അണിനിരത്തി ചെറുക്കും. ഇതിനായി ജനകീയ കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കുമെന്നും യൂണിയന്‍ സെക്രട്ടറി പി വി ശുഭന്‍, പ്രസിഡന്റ് എ അന്‍സാര്‍, അസി. സെക്രട്ടറി വി വി ചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment