Sunday, October 27, 2013

സിനിമാകൊട്ടക പൂട്ടല്‍ തുടരുന്നു; അവശേഷിക്കുന്നത് 50 സി ക്ലാസ്

കടുത്ത പ്രതിസന്ധിയെത്തുടര്‍ന്ന് സിനിമാ തിയറ്ററുകള്‍ അടച്ചുപൂട്ടി കല്യാണ മണ്ഡപങ്ങളും മറ്റുമാക്കുന്നത് തുടരവെ സംസ്ഥാനത്ത് ഇനി അവശേഷിക്കുന്നത് 50 സി ക്ലാസ് തിയറ്ററുകള്‍ മാത്രം. മലയാളികളുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ജന്മനാടായ ചിറയിന്‍കീഴില്‍ അവശേഷിച്ചിരുന്ന ഏക തിയറ്ററും കഴിഞ്ഞ ദിവസം അടച്ചൂപൂട്ടി. 1982ല്‍ നസീര്‍ ഉദ്ഘാടനംചെയ്ത വലിയകട ജങ്ഷനിലെ സ്വാമിജി സിനിഹൗസാണ് ഒടുവില്‍ അടച്ചുപൂട്ടിയത്. പ്രേംനസീര്‍ നായകനായ ചിത്രം തന്നെയായിരുന്നു ഉദ്ഘാടന ചിത്രം. ചിറയിന്‍കീഴിലെ മറ്റ് മൂന്ന് തിയറ്ററുകളായ ഖദീജ, സജ്ന, അംബിക എന്നിവ നേരത്തെ അടച്ചുപൂട്ടിയിരുന്നു. സ്വാമിജിയുടെ ഒരുഭാഗം നേരത്തെതന്നെ ഓഡിറ്റോറിയമാക്കിയിരുന്നു.

എ ക്ലാസ് തിയറ്ററുകള്‍ ഉള്‍പ്പെടെ ആകെ 560 തിയറ്ററുകളാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഇവയില്‍ 200 തിയറ്ററുകള്‍ മാത്രമാണ് ബി, സി ക്ലാസ് തിയറ്ററുകള്‍. റിലീസിങ് കേന്ദ്രങ്ങളില്‍നിന്ന് ബി ക്ലാസ് തിയറ്ററുകള്‍ വരെയെ സിനിമ ഷിഫ്ട് ചെയ്ത് കളിക്കുന്നുള്ളൂ. ബി ക്ലാസ് തിയറ്ററുകളില്‍നിന്ന് സിനിമകള്‍ എത്താത്തതോടെ അവശേഷിക്കുന്ന സി ക്ലാസ് തിയറ്ററുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ചെറുപട്ടണങ്ങളില്‍വരെ റിലീസിങ് തുടങ്ങുകയും ബി ക്ലാസ് തിയറ്ററുകള്‍ റിലീസിങ് കേന്ദ്രങ്ങളാവുകയും ചെയ്തതോടെ സി ക്ലാസ് തിയറ്ററുകളിലേക്ക് ആളുകള്‍ എത്താതായി. 1990ല്‍ സംസ്ഥാനത്ത് 1400 തിയറ്ററുകള്‍ ഉണ്ടായിരുന്നു. ഈ തിയറ്ററുകളുടെ പകുതിയലധികവും ഇപ്പോള്‍ അടച്ചുപൂട്ടി ഓഡിറ്റോറിയങ്ങളും ഷോപ്പിങ് കോംപ്ലക്സുകളും വളം ഡിപ്പോയും ഗോഡൗണുകളുമാക്കി മാറ്റി. ചിലയിടങ്ങളില്‍ തിയറ്റര്‍ പൊളിച്ച് ബാറും കള്ളുഷാപ്പുകളും തുടങ്ങി. കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ മാത്രമാണ് പുതുതായി മള്‍ട്ടിപ്ലക്സുകള്‍ തുടങ്ങിയിട്ടുള്ളത്. ഇവയിലാകട്ടെ ടിക്കറ്റ് നിരക്ക് കൂടുതലാണ്.

നിലവിലുള്ള ബി, സി ക്ലാസ് തിയറ്ററുകള്‍ പലതും നിലനിര്‍ത്തുന്നത് അന്യസംസ്ഥാനത്തൊഴിലാളികളാണ്. മറുനാടന്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരിലെ തിയറ്ററുകള്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ഇവര്‍ക്കായി ചില തിയറ്ററുകളില്‍ ഞായറാഴ്ചകളില്‍ ബംഗാളി, ഒറിയ, ഹിന്ദി ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അതേസമയം, അടച്ചുപൂട്ടലുകള്‍ക്കിടയിലും തമിഴ്നാട് അതിര്‍ത്തി പ്രദേശമായ കളിയിക്കാവിളയില്‍ രണ്ട് തിയറ്ററുകള്‍ പതുതായി ആരംഭിച്ചു. ഇവിടത്തെ തമിഴ് റിലീസിങ് ചിത്രങ്ങള്‍ക്ക് തമിഴ്നാട്ടില്‍നിന്നുള്ള പ്രേക്ഷകരാണ് ഏറെയും.

deshabhimani

No comments:

Post a Comment