Sunday, October 27, 2013

വെള്ളവും വെളിച്ചവുമില്ല ഭൂരഹിതര്‍ക്ക് സ്വാഗതം; പാറക്കെട്ടുകളിലേക്ക്

പെരിങ്ങോം മേഖലയിലെ ആറു വില്ലേജുകളിലാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ജില്ലയിലെ ബഹുഭൂരിപക്ഷം ഗുണഭോക്താക്കളും കുടിയേറേണ്ടത്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി തിരക്കിട്ട് ഇവിടങ്ങളില്‍ ഭൂമി കണ്ടെത്തിയെന്നല്ലാതെ അടിസ്ഥാന സൗകര്യങ്ങളൊന്നും പരിഗണിച്ചില്ല. എങ്ങനെയെങ്കിലും പട്ടയം കൊടുത്ത് പദ്ധതി നടപ്പാക്കി രക്ഷപ്പെടുകയെന്ന നയമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്വീകരിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുത്ത വെള്ളോറ, ആലപ്പടമ്പ്, പെരിന്തട്ട, പെരിങ്ങോം, കുറ്റൂര്‍, കാങ്കോല്‍ വില്ലേജുകള്‍ വരുന്നത് പെരിങ്ങോം മേഖലയിലാണ്. ഇവിടെ ഏറ്റെടുത്ത ഭൂമിയില്‍ ബഹുഭൂരിഭാഗവും മൊട്ടപ്പാറകളാണ്. വെള്ളവും വെളിച്ചവും ഗതാഗത സൗകര്യവുമില്ല. സ്വന്തമായി വീടും ഭൂമിയുമില്ലെങ്കിലും തലശേരി, കണ്ണൂര്‍ ബ്ലോക്കുകളില്‍ ജീവിച്ചവരാണ് ഇവിടേക്ക് കുടിയേറേണ്ടത്. വര്‍ഷങ്ങളെടുത്താലും ഇവിടുത്തെ സാഹചര്യങ്ങളുമായി അവര്‍ക്ക് പൊരുത്തപ്പെടാനാവില്ല. ജോലി, കുട്ടികളുടെ വിദ്യാഭ്യാസം, പ്രായമുള്ളവരുടെ പ്രയാസം എന്നിവയൊക്കെ തരണം ചെയ്ത് മൂന്നു സെന്റിലേക്ക് പോകാന്‍ മിക്കവരും മടിക്കുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനാലാണ്. ഭൂമിയുടെ അതിര്‍ത്തി തിരിക്കാന്‍പോലും ഇതുവരെ കഴിഞ്ഞില്ല.

എരമം- കൂറ്റൂര്‍ പഞ്ചായത്തിലെ വെള്ളോറയില്‍ 173.08 ഏക്കര്‍ ഭൂമിയില്‍ 3526 പ്ലോട്ടാണുള്ളത്. ഈ വില്ലേജില്‍ 22 ഗുണഭോക്താക്കളേയുള്ളൂ. അവശേഷിക്കുന്നവര്‍ മറ്റു താലൂക്കില്‍നിന്നുള്ളവരാണ്. അവര്‍ എത്തുമെന്ന് ഒരുറപ്പുമില്ല. കക്കറ, പുറവട്ടം, കോയിപ്രം, അനിക്കം എന്നിവിടങ്ങളിലാണ് ഭൂമി. 80.9 ഏക്കറിലായി 1909 പ്ലോട്ടുള്ള ആലപ്പടമ്പില്‍ 20 പേരാണ് ഈ വില്ലേജില്‍നിന്നുള്ളത്. ഇവിടെയും മറ്റുതാലൂക്കില്‍നിന്നുള്ള ഗുണഭോക്താക്കളാണ് ഭൂരിപക്ഷം. പെരിന്തട്ടയില്‍ 813 പ്ലോട്ടുണ്ട്. ഇതിനായി ഈ വില്ലേജില്‍നിന്ന് അഞ്ചുപേരെയേ പരിഗണിക്കേണ്ടൂ. പെരിങ്ങോത്ത് 870 പ്ലോട്ടാണുള്ളത്. ഇവിടം പാറപ്രദേശമാണ്. ഇവിടെ 24 പേര്‍ക്കുള്ള പ്ലോട്ട് കഴിച്ചുള്ളവയില്‍ മറ്റ് താലൂക്കില്‍നിന്നുള്ളവരാണ് കുടിയേറേണ്ടത്. കുറ്റൂരില്‍ 516ഉം കാങ്കോലില്‍ 250 ഉം പ്ലോട്ടുണ്ട്. ഇതില്‍ കുറ്റൂരില്‍ ആ വില്ലേജില്‍പ്പെട്ട 24 ഗുണഭോക്താക്കളേയുള്ളൂ. കാങ്കോലിലാകട്ടെ സ്വന്തം വില്ലേജില്‍പ്പെട്ട എട്ടുപേരാണെത്തുക.

deshabhimani

No comments:

Post a Comment