Wednesday, October 30, 2013

ദക്ഷിണമേഖലാ വനം സര്‍ക്കിള്‍ ഓഫീസ് കൊല്ലത്തുനിന്നു മാറ്റാന്‍ ഗൂഢനീക്കം

കാല്‍നൂറ്റാണ്ടിലേറെയായി കൊല്ലത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വനംവകുപ്പിന്റെ കൊല്ലം മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസ് പത്തനാപുരത്ത് സ്വകാര്യ ലോഡ്ജിലേക്കു മാറ്റാന്‍ ശ്രമം. നേരത്തെ വനംമന്ത്രിയായിരുന്ന പത്തനാപുരം എംഎല്‍എ കെ ബി ഗണേശ്കുമാര്‍ ആണ് ഈ നീക്കത്തിനു പിന്നിലെന്ന് ആരോപണം ഉയര്‍ന്നു. കൊല്ലത്ത് ചിന്നക്കടയില്‍ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള വനശ്രീ കോപ്ലക്സില്‍ 25 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഈ ഓഫീസ് കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ചേരുന്ന ദക്ഷിണമേഖലാ കേന്ദ്രമാണ്. വനംവകുപ്പിന്റെ സ്വന്തമായ വനശ്രീ കോംപ്ലക്സ് സ്ഥാപിക്കുന്നതിനും മുമ്പ് ബ്രിട്ടീഷുകാരുടെ കാലത്തും ഈ ഓഫീസ് കൊല്ലത്തു പ്രവര്‍ത്തിച്ചു. ദക്ഷിണമേഖലാ വനം സര്‍ക്കിള്‍ ഓഫീസ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ 40 ജീവനക്കാര്‍ ഉണ്ട്. വനം സര്‍ക്കിളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ജനങ്ങള്‍ ബന്ധപ്പെടുന്നത് ഈ മേഖലാകേന്ദ്രത്തിലാണ്. എന്തുകൊണ്ടും സൗകര്യപ്രദമായ കൊല്ലത്തെ ഓഫീസാണ് കെ ബി ഗണേശ്കുമാര്‍ തന്നിഷ്ടപ്രകാരം പത്തനാപുരത്തേക്കു മാറ്റാന്‍ ശ്രമിക്കുന്നത്. അവിടെ സ്വകാര്യ ലോഡ്ജില്‍ വാടകയ്ക്കാണ് ആദ്യം ഈ കേന്ദ്രം പ്രവര്‍ത്തിക്കുക. പിന്നീട് വനംവകുപ്പിന്റെ നാലുകോടി രൂപ ചെലവിട്ട് സ്വന്തമായി കെട്ടിടം പണിത് അവിടേക്കു മാറ്റാനാണ് എംഎല്‍എ ചരടുവലിക്കുന്നത്. ഇതു വന്‍അഴിമതിക്കാണെന്നും ആക്ഷേപമുയര്‍ന്നു. ഗണേശ്കുമാറിന്റെ സ്വാര്‍ഥതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള നീക്കം മാത്രമാണ് ഇതെന്നു ജീവനക്കാര്‍ ആരോപിക്കുന്നു.

കൊല്ലത്തെ കേന്ദ്രം പത്തനാപുരത്തേക്കു മാറ്റിയശേഷം പത്തനാപുരം വനംഡിപ്പോ വളപ്പില്‍ സ്വന്തംകെട്ടിടം പണിഞ്ഞ് അവിടെ പ്രവര്‍ത്തനം തുടങ്ങാനാണ് പരിപാടി. ഇതിനു വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നു വ്യക്തം. അതുവരെ സ്വകാര്യ ലോഡ്ജില്‍ വാടകയ്ക്കു പ്രവര്‍ത്തിക്കും. വാടകയിനത്തില്‍ ഭീമമായ തുക ഖജനാവില്‍നിന്നു ചോരും. ജില്ലാ ആസ്ഥാനത്തെ സ്വന്തം കെട്ടിടത്തില്‍നിന്നു വിദൂരപ്രദേശത്തെ വാടകക്കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റാനുള്ള നീക്കം ദുരൂഹമാണ്. ഇത് ഒട്ടേറെ സംശയങ്ങള്‍ക്കും ഇടനല്‍കുന്നു. കൊല്ലത്തെ ഓഫീസില്‍ വന്നു തിരികെ പോകുന്നതിനു ജീവനക്കാര്‍ക്കും സാധാരണക്കാര്‍ക്കും വളരെ സൗകര്യമുണ്ട്. ഇവിടെ ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സ് സൗകര്യവും ലഭ്യമാണ്. പത്തനാപുരത്തേക്കു മാറ്റിയാല്‍ ഇതൊക്കെ നഷ്ടപ്പെടുമെന്ന ആശങ്കയും ഉണ്ട്.
(എം സുരേന്ദ്രന്‍)

deshabhimani

No comments:

Post a Comment