Thursday, October 31, 2013

ഐ ഗ്രൂപ്പിലെ അടി: ദൃക്സാക്ഷികളില്ലെന്ന് അന്വേഷണകമീഷന്‍

കെപിസിസി സെക്രട്ടറി നിര്‍വാഹകസമിതി അംഗത്തെ അടിച്ചതിന് ദൃക്സാക്ഷികളില്ലെന്ന് അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട്. അന്വേഷണം നടത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇരുവര്‍ക്കുമെതിലെ ചെറിയ നടപടിക്ക് ശുപാര്‍ശ ചെയ്യുന്നുണ്ട്. സംഭവത്തിന് സാക്ഷികളായ നേതാക്കളില്‍നിന്ന് തെളിവെടുത്തതിനുശേഷമാണ് ഈ നിഗമനത്തിലെത്തിയത്. റിപ്പോര്‍ട്ട് വ്യാഴാഴ്ച കണ്ണൂരില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറുമെന്ന് സുമാ ബാലകൃഷ്ണന്‍ പറഞ്ഞു. സംഭവസമയത്ത് രമേശ് ചെന്നിത്തലയുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന്റെകൂടി അഭിപ്രായം ആരാഞ്ഞശേഷമാകും റിപ്പോര്‍ട്ട് നല്‍കുക.

നിയാസിനും ജയന്തിനും താക്കീത് നല്‍കി പ്രശ്നം അവസാനിപ്പിക്കാനാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുള്ളത്. അടിയേറ്റ നിര്‍വാഹകസമിതി അംഗം അഡ്വ. പി എം നിയാസ്, അടിച്ച കെപിസിസി സെക്രട്ടറി അഡ്വ. കെ ജയന്ത് എന്നിവരില്‍നിന്നും സുമാ ബാലകൃഷ്ണന്‍ വിവരം ശേഖരിച്ചിരുന്നു. ഇരുവരും മുന്‍നിലപാടുകളില്‍ ഉറച്ചുനിന്നപ്പോള്‍ അടിക്കുന്നത് കണ്ടില്ലെന്ന നിലപാടാണ് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, ഡിസിസി ജനറല്‍ സെക്രട്ടറി ഐ മൂസ, വൈസ് പ്രസിഡന്റ് ഡോ. പി കെ ചാക്കോ എന്നിവര്‍ മൊഴി കൊടുത്തത്. മൂന്നു ഭാരവാഹികളും അടി നടക്കുമ്പോള്‍ ഗസ്റ്റ് ഹൗസില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മുറിയിലുണ്ടായിരുന്നവരാണ്. അടി കണ്ടിട്ടില്ല, ഇരുവരും തര്‍ക്കിക്കുന്നത് കണ്ടു എന്നതായിരുന്നു ഇവരുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയാസിനെയും ജയന്തിനെയും സംഭവത്തില്‍ തുല്യ ഉത്തരവാദികളാക്കി റിപ്പോര്‍ട്ട് തയാറാക്കിയത്. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ ഒക്ടോബര്‍ 20-ന് രാത്രി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു അക്രമം.

deshabhimani

No comments:

Post a Comment