Wednesday, October 30, 2013

നിരപരാധികളെ വേട്ടയാടാന്‍ ചാനല്‍ മറിമായം

ഏഷ്യാനെറ്റ് ചാനലില്‍ തിങ്കളാഴ്ച മുഴുവന്‍ നീല ഷര്‍ട്ടിട്ട ഒരാള്‍ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞെന്നാണ് കാണിച്ചത്. ചൊവ്വാഴ്ച അത് മഞ്ഞ ബനിയനിട്ട ചെറുപ്പക്കാരനായി. "കല്ലെറിയുന്ന"തിന്റെയും "കമ്പിയും വടിയുമായി കാര്‍ തകര്‍ക്കുന്ന"തിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചതായി അവകാശപ്പെടുന്ന ചാനലുകളിലൊന്നും ഇത്തരം ദൃശ്യങ്ങളില്ല. മുഖ്യമന്ത്രിയെയും പൊലീസിനെയും ന്യായീകരിക്കാന്‍ പണിപ്പെടുന്ന ചാനലുകളൊന്നും വിശ്വസനീയമായ തെളിവ് ഹാജരാക്കാനാകാതെ പരിഹാസ്യരാവുകയാണ്.

മനോരമയാണ് ചൊവ്വാഴ്ച ഉമ്മന്‍ചാണ്ടിസേവയുമായി ആദ്യം രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ കാര്‍ വരുമ്പോള്‍ കരിങ്കൊടി കാട്ടാന്‍ നില്‍ക്കുന്നവരുടെ ചിത്രത്തില്‍നിന്ന് മുദ്രാവാക്യം വിളിക്കുന്നവരെ കല്ലേറുകാരായി ചിത്രീകരിച്ചു. സ്ഥലത്തുണ്ടായിരുന്നവര്‍ക്ക് തിരിച്ചറിയാം കല്ലേറ് വന്നത് മനോരമക്കാര്‍ "വട്ടംവരച്ച"വര്‍ നിന്ന ദിശയില്‍നിന്നല്ലെന്ന്. മനോരമ വാര്‍ത്തയില്‍നിന്ന് പ്രചോദനം ലഭിച്ച ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ പരക്കംപാച്ചിലാണ് പിന്നീടുണ്ടായത്. ലക്ഷങ്ങള്‍ വിലയുള്ള ക്യാമറയും തത്സമയ സംപ്രേക്ഷണ സംവിധാനങ്ങളുമുള്ളവര്‍ പ്രാദേശിക ചാനലുകളുടെ ദൃശ്യങ്ങള്‍ സംഘടിപ്പിച്ചു. ഇവ ഉപയോഗിച്ച് കല്ലെറിയുന്ന ദൃശ്യങ്ങള്‍ കിട്ടിയെന്ന അവകാശവാദത്തോടെ സംപ്രേക്ഷണമത്സരം തുടങ്ങി. ഒരുചാനലിലും മുഖ്യമന്ത്രിയുടെ കാറിന് കല്ലെറിയുന്ന ദൃശ്യങ്ങളില്ല. സമരാവേശത്തോടെ മുദ്രാവാക്യം വിളിക്കുന്ന പ്രവര്‍ത്തകരെ കാണാം. കൈകളില്‍ കരിങ്കൊടിയേന്തിയ പ്രവര്‍ത്തകര്‍ പൊലീസ് വലയത്തിലാണ്. ഈ ദൃശ്യങ്ങള്‍ കാട്ടിയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ ആക്രമിക്കുന്നതായി ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ പ്രഖ്യാപിക്കുന്നത്.

എന്നാല്‍ പൊലീസ് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ വീടുകളില്‍ ഭീകരാന്തരീക്ഷമുണ്ടാക്കി അറസ്റ്റുചെയ്ത് നിരവധിപേരെ ജയിലിലടച്ചത് മാധ്യമങ്ങള്‍ മുക്കി. യുഡിഎഫ് നേതാക്കളും മന്ത്രിമാരും മാറിമാറി കുറ്റപ്പെടുത്തിയ പൊലീസിന് ചാനലുകളുടെ മനംമാറ്റം ആശ്വാസമായി. കോണ്‍ഗ്രസുകാര്‍ നല്‍കുന്ന പ്രതിപ്പട്ടികയും ചാനല്‍ ദൃശ്യങ്ങളിലെ ആളുകളെയും തേടിയാണ് പൊലീസ് വേട്ടക്കിറങ്ങുന്നത്്. വിദ്യാര്‍ഥികളെ ഉള്‍പ്പെടെ പിടിക്കണമെന്നാണ് പൊലീസ് ഉന്നതരുടെ ഉത്തരവ്. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി പ്രവര്‍ത്തകരെ ജയിലിലടച്ചാല്‍ അച്ചടക്ക നടപടികളില്‍നിന്ന് രക്ഷപ്പെടാമെന്ന വ്യാമോഹവും പൊലീസിനുണ്ട്.

deshabhimani

No comments:

Post a Comment