Tuesday, October 29, 2013

മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന് ഇന്ന് 127 വയസ്സ്

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മാണത്തിന് തിരുവിതാംകൂര്‍ നാട്ടുരാജ്യവും ബ്രിട്ടീഷ് പ്രസിഡന്‍സിയും ചേര്‍ന്ന് ഒപ്പിട്ട പാട്ടക്കരാറിന് ചൊവ്വാഴ്ച 127 വര്‍ഷം പൂര്‍ത്തിയായി. 1886 ഒക്ടോബര്‍ 29നാണ് ജലസമൃദ്ധമായ പെരിയാര്‍നദിക്ക് കുറുകെ അണക്കെട്ട് നിര്‍മിക്കാന്‍ കരാറായത്. അക്കാലത്ത് നിലനിന്നതും ഇന്ന് നിലവിലില്ലാത്തതുമായ പഴഞ്ചന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു നിര്‍മാണം. ചുണ്ണാമ്പ്, ശര്‍ക്കര, മണല്‍ എന്നിവ ചേര്‍ന്ന സുര്‍ക്കി മിശ്രിതമാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. 1241 അടി നീളത്തിലും 152 അടി ഉയരത്തിലും അടിത്തട്ടില്‍ 115 അടിയും മുകളില്‍ 12 അടി വീതിയിലുമുള്ള ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന അണക്കൊട്ടുകളിലൊന്നായ മുല്ലപ്പെരിയാര്‍ കേരളത്തിന് വന്‍ ഭീഷണിയാണ്. നിര്‍മാണ വേളയില്‍ അണക്കെട്ടിന് 50 വര്‍ഷത്തെ ആയുസാണ് നിര്‍മാണ മേല്‍നോട്ടം വഹിച്ച ബ്രിട്ടീഷ് മിലിട്ടറി എന്‍ജിനിയറായ കേണല്‍ ജോണ്‍ പെന്നീക്വിക്ക് നല്‍കിയത്. 127 വര്‍ഷം പഴക്കവും പഴഞ്ചന്‍ സാങ്കേതികതയില്‍ നിര്‍മിച്ചതുമായ അണക്കെട്ട് കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനജീവിതത്തിന് ഭീഷണിയാണ്.

കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്ന കാഴ്ചപ്പാടോടെ പുതിയ അണക്കെട്ട് എന്ന ആശയം കേരളം മുന്നോട്ട് വച്ചെങ്കിലും തമിഴ്നാട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അണക്കെട്ട് 1000 വര്‍ഷത്തേക്ക് കുഴപ്പമില്ലാതെ നിലനില്‍കുമെന്നാണ് തമിഴ്നാടിന്റെ നിലപാട്. നാട്ടുരാജ്യമായ തിരുവിതാംകൂറിന്റെ വനപ്രദേശത്ത് 1860 മുതല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമവിരുദ്ധമയി നിരവധി സര്‍വെ നടത്തി. സര്‍വെയും പഠനങ്ങള്‍ക്കുമൊടുവില്‍ നാട്ടുരാജാവിനെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് കരാറില്‍ ഒപ്പിടുവിച്ചതെന്ന് പറയപ്പെടുന്നു. തിരുവിതാംകൂറിന് വേണ്ടി ദിവാന്‍ രാമയ്യങ്കാര്‍ ഒപ്പ് വച്ച് രാജമുദ്ര ചാര്‍ത്തി. മദ്രാസ് പ്രസിഡന്‍സിക്ക് വേണ്ടി ബ്രിട്ടീഷ് റസിഡന്റ് ജോണ്‍ ചൈല്‍ഡ് ഹാനിങ്ടനും ഒപ്പിട്ടു. കരാറുകളുടെ കാലപരിധി 99 വര്‍ഷമാണെങ്കിലും മുല്ലപ്പെരിയാര്‍ കരാര്‍ 999 വര്‍ഷത്തേക്കാണ്. രാജ്യം സ്വാതന്ത്ര്യം നേടിയതോടെ കരാറുകള്‍ കാലഹരണപ്പെട്ടു. തിരുവിതാംകൂറിന് പകരം കേരളം നിലവില്‍ വന്നു. ഇതോടെ നിയമപരമായി കരാറുകള്‍ കാലഹരണപ്പെട്ടു. തമിഴ്നാടിന് തുടര്‍ന്നും വെള്ളം കൊടുക്കാമെന്ന് കേരളം പറയുന്നുണ്ടെങ്കിലും ജനങ്ങളുടെ ജീവന് വില കല്‍പിക്കാത്ത നിലപാടാണ് തമിഴ്നാട്സ്വീകരിക്കുന്നത്.

deshabhimani

No comments:

Post a Comment