Saturday, October 26, 2013

വയലാറില്‍ ഇന്നു വീരസ്മരണ

മണ്ണിന്റെ മക്കളെ മനുഷ്യരും ഭൂമിയുടെ ഉടമകളുമാക്കിയ ഇതിഹാസ തുല്യമായ വയലാര്‍ സമരത്തിന്റെ 67-ാം വാരാചരണം ഞായറാഴ്ച വയലാര്‍ ദിനാചരണത്തോടെ സമാപിക്കും. നാടിന്റെ മോചനത്തിന് ജീവിതം അര്‍പ്പിച്ച അനശ്വര രക്തസാക്ഷികളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ നാട് നമിക്കും. രാവിലെ മുതല്‍ തുടങ്ങുന്ന ജനപ്രവാഹം വൈകിട്ട് പൊതുസമ്മേളനത്തോടെ മഹാസംഗമമായി മാറും.

ശനിയാഴ്ച വയലാറില്‍ കലാ സാഹിത്യമത്സരങ്ങള്‍ നടന്നു. പുന്നപ്ര വയലാര്‍ സമരത്തെ ആസ്പദമാക്കി ടിഡി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്വണ്‍ വിദ്യാര്‍ഥി ഋത്വിക് വരച്ച ചിത്രപ്രദര്‍ശനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. സമരസേനാനി പി കെ ചന്ദ്രാനന്ദന്‍, സിപിഐ എം ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. പി വി പൊന്നപ്പന്‍ അധ്യക്ഷനായി. അനശ്വരരായ മാരാരിക്കുളം രക്തസാക്ഷികള്‍ക്ക് ശനിയാഴ്ച നാട് പ്രണാമമര്‍പ്പിച്ചു. വൈകിട്ട് എസ്എല്‍പുരത്തു ചേര്‍ന്ന അനുസ്മരണ സമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്, സമരസേനാനി പി കെ ചന്ദ്രാനന്ദന്‍, സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സി ദിവാകരന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, സംസ്ഥാനകമ്മിറ്റി അംഗം ജി സുധാകരന്‍, സിപിഐ ജില്ലാ സെക്രട്ടറി പി തിലോത്തമന്‍, ടി പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. സജി ചെറിയാന്‍ സ്വാഗതം പറഞ്ഞു. വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാപിക്കാനുള്ള ദീപശിഖകള്‍ ആലപ്പുഴ വലിയചുടുകാട്, മേനാശേരി രക്തസാക്ഷിമണ്ഡപം എന്നിവിടങ്ങളില്‍നിന്ന് ഞായാറാഴ്ച രാവിലെ അത്ലീറ്റുകള്‍ റിലേയായി വാഹനറാലിയുടെ അകമ്പടിയോടെ കൊണ്ടുപോകും. രാവിലെ 7.30ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ ദീപശിഖ കൊളുത്തി നല്‍കും. മേനാശേരി രക്തസാക്ഷി മണ്ഡപത്തില്‍ സമരസേനാനി കെ വി തങ്കപ്പന്‍ രാവിലെ 9.30ന് ദീപശിഖ കൊളുത്തി കൈമാറും. 11ന് വയലാര്‍ മണ്ഡപത്തില്‍ ഇരുറിലേകളും സംഗമിക്കും. വരാചരണകമ്മിറ്റി പ്രസിഡന്റ് പി തിലോത്തമന്‍ ദീപശിഖ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാപിക്കും. തുടര്‍ന്ന് പുഷ്പാര്‍ച്ചന ആരംഭിക്കും.

പകല്‍ രണ്ടിന് വിപ്ലവകവി വയലാര്‍ രാമവര്‍മ്മ അനുസ്മരണ സമ്മേളനം ചേരും. പ്രശസ്ത കവിയും എഴൂത്തുകാരനുമായ പിരപ്പന്‍കോട് മുരളി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് രക്തസാക്ഷി അനുസ്മരണസമ്മേളനം ചേരും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, സി ദിവാകരന്‍, ഡോ. ടി എം തോമസ് ഐസക്, കാനം രാജേന്ദ്രന്‍, പി കെ ചന്ദ്രാനന്ദന്‍, ജി സുധാകരന്‍ എംഎല്‍എ, ടി പുരുഷോത്തമന്‍, സി ബി ചന്ദ്രബാബു, എ ശിവരാജന്‍ തുടങ്ങിയവര്‍ സംസാരിക്കും. കേന്ദ്ര വാരാചരണകമ്മിറ്റി പ്രസിഡന്റ് പി തിലോത്തമന്‍ അധ്യക്ഷനാകും.

deshabhimani

No comments:

Post a Comment