Thursday, October 31, 2013

പി കെ ബഷീര്‍ എംഎല്‍എയെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു

കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ മുസ്ലിംലീഗ് നേതാവും ഏറനാട് എംഎല്‍എയുമായ പി കെ ബഷീറിനെ ഒഴിവാക്കി പൊലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. 15-ാം പ്രതി മേത്തല വീട്ടില്‍ മുജീബ് റഹ്മാന്‍, 17-ാം പ്രതി കീഴുപറമ്പ് മാത്തുപ്പള്ളി പുറായ സബൂര്‍ എന്നിവര്‍ക്കെതിരെയുള്ള കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിനുമുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ കുനിയില്‍ ഇരട്ടക്കൊലക്കേസിലെ കുറ്റപത്രം പൂര്‍ണമായി. പി കെ ബഷീറിനെതിരായ കുറ്റം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നും അന്വേഷണസംഘം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടുമാസം മുമ്പാണ് വിദേശത്ത് ഒളിവിലായിരുന്ന 15-ാം പ്രതി കുനിയില്‍ കോലോത്തുംതൊടി മുജീബ് റഹ്മാനെ ഇന്റര്‍പോളിന്റെ സഹായത്തോടെ പൊലീസ് പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇരട്ടക്കൊലയിലെ പ്രതികളുമായി എംഎല്‍എക്കുള്ള പങ്കും കൊലപാതകത്തിനുമുമ്പ് 18 തവണ ഇയാള്‍ പി കെ ബഷീറിനെ ഫോണില്‍ വിളിച്ചതായും തെളിഞ്ഞിരുന്നതായി അന്വേഷണസംഘം നേരത്തെ അറിയിച്ചിരുന്നു. ഈ തെളിവൊക്കെയുണ്ടായിട്ടും പ്രതിപ്പട്ടികയില്‍നിന്ന് പി കെ ബഷീറിനെ ഒഴിവാക്കിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിദേശത്ത് ഒളവില്‍ കഴിയുന്ന 17-ാം പ്രതി കോട്ട സബൂറിനെ ഇനിയും പിടികൂടിയിട്ടില്ല. മുസ്ലിംലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ്കുട്ടിയുള്‍പ്പെടെ 20 മുസ്ലിംലീഗ് പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് അന്വേഷണസംഘം നേരത്തെ 836 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മൊത്തം 346 സാക്ഷികളാണ് കേസിലുള്ളത്. 2012 ജൂണ്‍ 10ന് കുനിയില്‍ അങ്ങാടിയില്‍ കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു (40), സഹോദരന്‍ അബ്ദുള്‍കലാം ആസാദ് (37) എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം, നിയമവിരുദ്ധമായി സംഘംചേരല്‍, മാരകായുധങ്ങള്‍ കൈവശംവയ്ക്കല്‍, ഗൂഢാലോചന, പ്രേരണാകുറ്റം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. നാര്‍ക്കോട്ടിക് ഡിവൈഎസ്പി എം പി മോഹനചന്ദ്രനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

deshabhimani

No comments:

Post a Comment