Sunday, October 27, 2013

പോരാട്ടപ്രതിജ്ഞ നെഞ്ചേറ്റി ആയിരങ്ങള്‍

വയലാര്‍: രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മയില്‍ വയലാറിലെ ബലിത്തറ വീണ്ടും ചുവന്നു തുടിച്ചു. നാടിന്റെ നന്മയ്ക്കായി സ്വന്തം ജീവിതങ്ങള്‍ ഹോമിച്ച രക്തസാക്ഷികളുടെ ചിരസ്മരണയ്ക്ക് മുന്നില്‍ ആയിരങ്ങള്‍ തലകുമ്പിട്ട് പൂക്കള്‍ അര്‍പ്പിച്ച് അഭിവാദ്യമേകി. രാവിലെ മുതല്‍ വയലാറിലെ എല്ലാ വഴികളും മണ്ഡപത്തിലേക്കായിരുന്നു. ചെറുസംഘങ്ങളും വന്‍ പ്രകടനങ്ങളുമായി എത്തിയ സഞ്ചയങ്ങള്‍ വലിയ ചുടുകാട്ടില്‍ നിന്നും മേനാശേരിയില്‍ നിന്നും ദീപശിഖ റാലികള്‍ എത്തിയതോടെ രക്തസാക്ഷി നഗറിനെ ജനസാഗരമാക്കി.

ഞായറാഴ്ച നടന്ന പുഷ്പാര്‍ച്ചനയിലും അനുസ്മരണ സമ്മേളനത്തിലും രക്തസാക്ഷി കുടുംബാംഗങ്ങള്‍ക്കും സമരസേനാനികള്‍ക്കുമൊപ്പം യുവതലമുറയും ആവേശത്തോടെ അണിനിരന്നു. ദീപശിഖാ റിലെ, പുഷ്പാര്‍ച്ചന, കവി സമ്മേളനം, പൊതുസമ്മേളനം എന്നിവയോടെ സിപിഐ എം, സിപിഐ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 67-ാമതു പുന്നപ്ര-വയലാര്‍ വാര്‍ഷികവാരാചരണത്തിനു കൊടിയിറങ്ങി. വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാപിക്കാനുള്ള ദീപശിഖ ആലപ്പുഴ വലിയചുടുകാട്, മേനാശേരി രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളില്‍നിന്ന് അത്ലീറ്റുകളുടെ അകമ്പടിയോടെ റിലേയായി എത്തിച്ചു. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ 7.30ന് പുന്നപ്ര-വയലാര്‍ സമരനായകന്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ദീപശിഖ അത്ലീറ്റ് വിശ്വരാജിന് കൈമാറി. മേനാശേരിയില്‍ സമരസേനാനി കെ വി തങ്കപ്പന്‍ ദീപശിഖ കൊളുത്തി നല്‍കി. ഇരുറിലേകളും പകല്‍ പതിനൊന്നരയോടെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ എത്തി.

വാരാചരണകമ്മിറ്റി പ്രസിഡന്റ് പി തിലോത്തമന്‍ ദീപശിഖ മണ്ഡപത്തില്‍ സ്ഥാപിച്ചു. തുടര്‍ന്നുനടന്ന പുഷ്പാര്‍ച്ചനയില്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ടികളുടെയും നേതാക്കള്‍, പുന്നപ്ര-വയലാര്‍ സമരസേനാനികള്‍, രക്തസാക്ഷി കുടുംബാംഗങ്ങള്‍ തുടങ്ങി പതിനായിരങ്ങള്‍രക്തസാക്ഷി സ്മരണ പുതുക്കി. ഉച്ചയ്ക്കുശേഷം വിപ്ലവകവി വയലാര്‍ രാമവര്‍മ്മ അനുസ്മരണ സമ്മേളനം കവിയും എഴുത്തുകാരനുമായ പിരപ്പന്‍കോട് മുരളി ഉദ്ഘാടനം ചെയ്തു. വൈകിട്ട് വയലാറില്‍ ചേര്‍ന്ന രക്തസാക്ഷി അനുസ്മരണസമ്മേളനം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ഡോ. ടി എം തോമസ് ഐസക് എംഎല്‍എ, പി കെ ചന്ദ്രാനന്ദന്‍, സി ബി ചന്ദ്രബാബു, എ ശിവരാജന്‍ എന്നിവര്‍ സംസാരിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി തിലോത്തമന്‍ അധ്യക്ഷനായി. സെക്രട്ടറി എ എസ് സാബു സ്വാഗതം പറഞ്ഞു.
(ഡി ദിലീപ്)

deshabhimani

No comments:

Post a Comment