Monday, October 28, 2013

ഉണ്ണികള്‍ മരമേറിട്ടും മുള്ളും!

""...കൊണ്ടാപപ്പടമെന്നൊരുദിക്കില്‍ കൊണ്ടാപഴമെന്നൊരുദിക്കില്‍ ചക്കപ്രഥമന്‍കൊണ്ടാവളരെ ശര്‍ക്കരകൊണ്ടാ കൊളമ്പൊരുകൊണ്ടാ പച്ചടികൊണ്ടാ കിച്ചടികൊണ്ടാ പഞ്ചാരപ്പൊടിയൊരു പറകൊണ്ടാ..."" "രുഗ്മിണീ സ്വയംവരം" ഓട്ടന്‍തുള്ളലിലെ സദ്യവട്ടത്തിന്റെ ചിത്രീകരണമാണിത്.

സദ്യ കഴിക്കാനിരുന്നവര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ ആവശ്യപ്പെട്ട് വിളമ്പുകാരോടു നടത്തുന്ന അഭ്യര്‍ഥന. ഈരംഗം കുഞ്ചന്‍നമ്പ്യാര്‍ എത്ര ഹാസ്യാത്മകമായാണ് ചിത്രീകരിച്ചിരുക്കുന്നത്! ഓരോരുത്തരും അവരവര്‍ക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ ചോദിക്കുമ്പോള്‍ അവരെ തൃപ്തിപ്പെടുത്താന്‍ വിളമ്പുകാര്‍ക്കുണ്ടാകുന്ന പ്രയാസവും ബുദ്ധിമുട്ടും ധ്വനിക്കുന്നുണ്ട് നമ്പ്യരുടെ വരികളില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച കൊല്ലത്തു നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയാണ്, നമ്പ്യാരുടെ വാക്കുകള്‍ ഓര്‍ക്കാനിടയാക്കിയത്.

രണ്ടുവര്‍ഷംമുമ്പ്, 2011 നവംബര്‍ 29നു ഇതുപോലൊരു പരിപാടി ഉമ്മന്‍ചാണ്ടി കൊല്ലത്തു സംഘടിപ്പിച്ചിരുന്നു. അന്നതു കോണ്‍ഗ്രസ് മേളയാക്കി മാറ്റിയ കാര്യം മലോര്‍ക്കെല്ലം അറിവുള്ളതാണ്. ഇപ്പോഴിതാ, ചരിത്രം ആവര്‍ത്തിക്കുന്നു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കം മുന്‍നിര്‍ത്തി കൊല്ലം ഡിസിസി പ്രസിഡന്റ് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കണ്ടാല്‍ ആരും മൂക്കത്തു വിരല്‍വയ്ക്കും! നമ്പ്യാരുടെ വാക്കുകള്‍ അവരുടെ ഓര്‍മ്മയിലെത്തും!!

നാട്ടിലെമ്പാടും പാതയോരങ്ങളില്‍ നാലാള്‍ കാണ്‍കെ ഫ്ളെക്സ് വിപ്ലവം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്നു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കത്തിനു ആശംസ അറിയിക്കുന്ന ഫ്ളെക്സ് ബോര്‍ഡുകളില്‍ ഡിസിസി പ്രസിഡന്റിന്റെ വര്‍ണചിത്രം. മുഖ്യമന്ത്രിയുടെ പടത്തിന്റെ വലുപ്പത്തില്‍ പ്രിന്റുചെയ്ത് ഇത് എല്ലായിടത്തും സ്ഥാപിച്ചിരിക്കുന്നു.

കൊല്ലം ഡിസിസി പ്രസിഡന്റായി ചുമതലയേറ്റ നാള്‍മുതല്‍ ഈ നേതാവ് കാട്ടുന്ന വിക്രിയകള്‍ ആരെയും രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും. കൊല്ലത്തെ രാഷ്ട്രീയനേതാക്കളില്‍ കോമാളിവേഷം കെട്ടുന്ന ഏകയാള്‍ എന്ന ഖ്യാതിയും ഇദ്ദേഹത്തിനു സ്വന്തം. ഉമ്മന്‍ചാണ്ടിയുടെ പാര്‍ട്ടിയില്‍, മുഖ്യമന്ത്രിയുടെ അതേ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റ് ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളു.

ഏതാനും ദിവസംമുമ്പ്, കൊല്ലം കലക്ടറേറ്റില്‍ ജനസമ്പര്‍ക്ക പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ അലലോകനം ചെയ്യാന്‍ യോഗം ചേര്‍ന്നു. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസിസി പ്രസിഡന്റും പങ്കെടുത്തു. യോഗത്തില്‍ ഈ മാന്യദേഹം നടത്തിയ "പ്രകടനം" ഏവരെയും അത്ഭുതപ്പെടുത്തി; അതിലേറെ കോപാകുലരാക്കി.

കലക്ടറോടായി നേതാവ് പറഞ്ഞത് ഇങ്ങനെ: "നിങ്ങള്‍ മേല്‍നോട്ടക്കാരായി നില്‍ക്കുക. മുഖ്യമന്ത്രിയുടെ പരിപാടിയൊക്കെ ഞങ്ങള്‍ നടത്തിക്കൊള്ളാം...!" പേരേ പൂരം. അധികാരം മനുഷ്യനെ എത്രമാത്രം ദുഷിപ്പിക്കും എന്നു പണ്ട് ആറ്റണ്‍ പ്രഭു പറഞ്ഞത് എത്ര അന്വര്‍ഥം. ഈ കക്ഷിയെങ്ങാനും നമ്മുടെ നാട്ടില്‍ ഭരണാധികാരിയായാലുള്ള അവസ്ഥ എന്താകും. അഹോ! ആലോചിക്കാനേ വയ്യ!! "നിന്നോതിക്കോന്‍ മുള്ളുന്നേരം ഉണ്ണികള്‍ മരമേറിട്ടും മുള്ളും..." എന്നും കുഞ്ചന്‍നമ്പ്യാര്‍ എഴുതിയിട്ടുള്ളതു ഓര്‍ക്കുക. ഉമ്മന്‍ചാണ്ടിയുടെ ഉത്തമനായ അനുയായിക്ക് ഇങ്ങനെയൊക്കെ അല്ലേ ചെയ്യനാകൂ. തൊലിക്കട്ടിയുടെ കാര്യത്തില്‍ മുമ്പനാര് എന്നേ നാട്ടാര്‍ക്കു സംശയമുള്ളു. ഉമ്മന്‍ചാണ്ടിയോ, ഡിസിസി പ്രസിഡന്റോ...?

deshabhimani

No comments:

Post a Comment