Thursday, October 31, 2013

മോഡിയുടെ ലക്ഷ്യം ഭിന്നിപ്പിക്കല്‍: കാരാട്ട്

വര്‍ഗീയതയ്ക്കെതിരെ രാജ്യവ്യാപകമായ പോരാട്ടം ശക്തിയായി മുന്നോട്ടുകൊണ്ടുപോകാന്‍ എല്ലാ മതനിരപേക്ഷ ജനാധിപത്യശക്തികളും യോജിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭ്യര്‍ഥിച്ചു. ഡല്‍ഹിയില്‍ നടന്ന വര്‍ഗീയതയ്ക്കെതിരായ ദേശീയ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസിന്റെ കടുത്ത വര്‍ഗീയനിലപാടുകള്‍ക്കനുസരിച്ചാണ് നരേന്ദ്രമോഡിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. താന്‍ ഹിന്ദുരാഷ്ട്രവാദിയാണെന്ന് അഭിമാനത്തോടെയാണ് മോഡി പറയുന്നത്. മോഡിയുടെ പ്രസംഗങ്ങളും നിലപാടുകളും രാജ്യത്തെ വര്‍ഗീയമായി കൂടുതല്‍ ഭഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. കേരളത്തില്‍ ചേര്‍ന്ന ആര്‍എസ്എസ് ഉന്നതതലയോഗം ഹിന്ദുക്കള്‍ കൂടുതല്‍ മക്കളെ ജനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. വര്‍ഗീയകാരണം മുന്‍നിര്‍ത്തിയാണ് ഈ ആഹ്വാനം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വര്‍ഗീയപ്രചാരണം ശക്തിപ്പെടുത്തിയിരിക്കയാണ് ബിജെപിയും സംഘപരിവാറും. ജമ്മു കശ്മീരിലെ കിഷ്ത്വാറിലും ബിഹാറിലെ നവാദയിലും രാജസ്ഥാനിലും ഏറ്റവുമൊടുവില്‍ മുസഫര്‍നഗറിലും കലാപമുണ്ടാക്കി. വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്താനാണിത്. കണ്‍വന്‍ഷനില്‍ പങ്കെടുത്ത പാര്‍ടികള്‍ക്ക് വ്യത്യസ്ത നിലപാടുകളാണുള്ളതെങ്കിലും വര്‍ഗീയതയ്ക്കെതിരെ പോരാടാന്‍ ഒരേ മനസ്സാണെന്ന് ഈ പാര്‍ടികള്‍ പ്രഖ്യാപിക്കുന്നു. മതനിരപേക്ഷതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും വേണ്ടിയാണ് കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തത്. ഇതിന് മുന്‍കൈയെടുത്തത് ഇടതുപക്ഷം മാത്രമല്ല. മുലായംസിങ് യാദവുമായും ശരത്യാദവുമായി കൂടിയാലോചിച്ചാണ് കാര്യങ്ങള്‍ തീരുമാനിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിക്കുന്ന വിലക്കയറ്റത്തിനും കാര്‍ഷിക പ്രതിസന്ധിക്കും അഴിമതിക്കുമെതിരെ കര്‍ഷകരും തൊഴിലാളികളുമടക്കം വിവിധവിഭാഗങ്ങളുടെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നു. ഡിസംബര്‍ 12ന് ഡല്‍ഹിയില്‍ നടന്ന വന്‍ ജനകീയമുന്നേറ്റത്തില്‍ ലക്ഷങ്ങളാണ് പങ്കെടുത്തത്. ജനങ്ങളുടെ ഐക്യമാണ് പ്രക്ഷോഭങ്ങളുടെ ശക്തി. ഐക്യത്തിന് ഭഭീഷണിയായ വര്‍ഗീയതയ്ക്കെതിരെ അതിശക്തമായ പോരാട്ടംവേണം- കാരാട്ട് പറഞ്ഞു. ഇന്ത്യയെ ഒന്നായി നിര്‍ത്താന്‍ പരിശ്രമിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് ഇന്ത്യയെ ഭഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോഡിയാണെന്ന് സിപിഐ നേതാവ് എ ബി ബര്‍ധന്‍ പറഞ്ഞു. ഹിന്ദുരാഷ്ട്രത്തിനായി പ്രവര്‍ത്തിക്കുന്ന ഭ്രാന്തന്മാരെന്നാണ് ആര്‍എസ്എസിനെ പട്ടേല്‍ വിശേഷിപ്പിച്ചത്. വര്‍ഗീയതയ്ക്കെതിരായ പ്രവര്‍ത്തനം ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും വേണം- ബര്‍ധന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment