Thursday, October 31, 2013

ജീവനക്കാരുടെ കുറവ്; സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്‍ പ്രക്ഷോഭത്തിന്

ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതില്‍ മാനേജ്മെന്റ് കാണിക്കുന്ന അലംഭാവത്തിനെതിരായും സുരക്ഷാ കാര്യത്തിലുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയും സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയന്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. 2000ല്‍ ബാങ്കിന്റെ സര്‍ക്കിള്‍ നിലവില്‍ വരുന്ന ഘട്ടത്തില്‍ 233 ശാഖകളും 2916 ക്ലറിക്കല്‍ ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അന്നത്തെ ബിസിനസ് 5542 കോടിയായിരുന്നു. ഇന്ന് ശാഖകള്‍ 480 ആയി രണ്ടു അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, അഞ്ച് റീജിയണല്‍ ഓഫീസുകള്‍ ഇവ പുതുതായി ആരംഭിച്ചു. ബിസിനസ് 50,000 കോടി കടന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരള സര്‍ക്കിളിന് മാത്രമായി 506 കോടി രൂപ ലാഭം നേടാനായി. ഈ സ്ഥിതിയിലും ക്ലറിക്കല്‍ ജീവനക്കാരുടെ എണ്ണത്തില്‍ ബിസിനസ്/ശാഖ വര്‍ധനയ്ക്ക് ആനുപാതികമായി വര്‍ധനവ് ഇല്ലാത്തത് ഗുരുതരമാണ്.

കേന്ദ്ര ഗവണ്‍മെന്റ് സബ്ഡിവിഷന്‍ ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുന്ന സംവിധാനം നിലവില്‍ വന്നതോടെ സ്റ്റേറ്റ് ബാങ്ക് ശാഖകളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷവും അടുത്ത രണ്ടു വര്‍ഷവുമായി വലിയൊരു ഭാഗം ജീവനക്കാര്‍ വിരമിക്കുകയാണ്. ഈ സാഹചര്യത്തിലും പുതിയ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബാങ്ക് ആരംഭിച്ചിട്ടില്ല. പല ശാഖകളിലും പൊലീസിന്റെ സഹായം പോലും തേടിക്കൊണ്ടാണ് തിരക്ക് ക്രമീകരിക്കുന്നത്. എടിഎം സംബന്ധിച്ച പരാതികള്‍ കൂടുകയാണ്. ഭൂരിഭാഗം ശാഖകളിലും വളരെ വൈകി ഇരുന്നാണ് ജീവനക്കാര്‍ പണം എണ്ണി തിട്ടപ്പെടുത്തി ജോലി പൂര്‍ത്തിയാക്കുന്നത്. 2014 മാര്‍ച്ചോടെ 1500 പേരെയെങ്കിലും കേരളത്തില്‍ പുതുതായി ബാങ്ക് നിയമിക്കേണ്ടതായിട്ടുണ്ട്. മെസഞ്ചര്‍/പ്യൂണ്‍ തസ്തികയില്‍ ഭൂരിഭാഗം ശാഖകളിലും 16 വര്‍ഷമായി പല കാരണങ്ങള്‍ പറഞ്ഞ് ബാങ്ക് നിയമനം നടത്തിയില്ല. ബാങ്കിന്റെ മുഴുവന്‍ ശാഖകളിലും സുരക്ഷ ഉറപ്പുവരുത്തുവാനും സുരക്ഷാ ജീവനക്കാരെ സ്ഥിരം നിയമനം നടത്താനും സംഘടന ആവശ്യപ്പെട്ടു. ബാങ്കിന്റെ മനുഷ്യ വിഭവ വിഭാഗത്തില്‍ സര്‍ക്കിള്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ഉന്നത ഉദ്യോഗസ്ഥരുടെ പക്ഷപാതപരവും തൊഴിലാളി വിരുദ്ധവുമായ നടപടികള്‍ ബാങ്കിനകത്തെ സമാധാനപരമായ അന്തരീക്ഷം നശിപ്പിക്കുന്നതായും യൂണിയന്‍ ചൂണ്ടിക്കാട്ടി.

deshabhimani

No comments:

Post a Comment