Thursday, October 31, 2013

രാജ്യമെങ്ങും പടരാന്‍ കൂട്ടായ്മയുടെ തരംഗം

വര്‍ഗീയതയ്ക്കെതിരായ പോരാട്ട കാഹളവുമായി ഡല്‍ഹി താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ അണിനിരന്നത് 14 പ്രമുഖ രാഷ്ട്രീയ പാര്‍ടികള്‍. ഇടതുപക്ഷ പാര്‍ടികള്‍ക്കൊപ്പം രാജ്യത്തെ പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ടികളും അണിനിരന്നതോടെ നിര്‍ണായക കൂട്ടായ്മയാണ് രൂപംകൊണ്ടത്. നാലു സംസ്ഥാനത്തെ ഭരണകക്ഷികളും അഞ്ചു സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാര്‍ടികളും കണ്‍വന്‍ഷന് എത്തി. ഒപ്പം യുപിഎ ഘടകകക്ഷി എന്‍സിപിയും. മറ്റു ചില പ്രമുഖ പാര്‍ടികള്‍ കൂടി ഇനി കൂട്ടായ്മയുടെ ഭാഗമാകും. ഇത് മൂന്നാംമുന്നണി രൂപീകരണമായി കാണേണ്ടതില്ലെങ്കിലും ഭാവിയില്‍ ഇതെങ്ങനെ ഉരുത്തിരിയുമെന്ന് പ്രവചിക്കാനാകില്ലെന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ വാക്കുകള്‍ ശ്രദ്ധേയമായി.

യുപി, ബിഹാര്‍, ഒഡിഷ, തമിഴ്നാട് എന്നിവിടങ്ങളിലെ ഭരണകക്ഷികളാണ് അണിനിരന്നത്. സമാജ്വാദി പാര്‍ടി, ഐക്യജനതാദള്‍, ബിജു ജനതാദള്‍ എന്നീ കക്ഷികള്‍ക്കൊപ്പം മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ നയിക്കുന്ന ജെഡിഎസ് കൂടി ചേര്‍ന്നതോടെ സോഷ്യലിസ്റ്റ് പാര്‍ടികളുടെ സംഗമവേദിയായി കണ്‍വന്‍ഷന്‍ മാറി. പ്രസംഗത്തില്‍ ദേവഗൗഡ ഇക്കാര്യം പരാമര്‍ശിച്ചു. ജെഡിയു വീണ്ടും മതനിരപേക്ഷ കൂട്ടായ്മയിലേക്ക് വന്നതില്‍ ദേവഗൗഡ ആഹ്ലാദം പ്രകടിപ്പിച്ചു. മുന്നൂറോളം ലോക്സഭാ സീറ്റില്‍ നിര്‍ണായകസ്വാധീനമുള്ള കക്ഷികളാണ് കണ്‍വന്‍ഷന് എത്തിയത്. നാലു സംസ്ഥാന ഭരണകക്ഷികള്‍ ചേരുമ്പോള്‍ തന്നെ ഏകദേശം 180 സീറ്റില്‍ നിര്‍ണായകസ്വാധീനമാകും. 80 സീറ്റുള്ള ഉത്തര്‍പ്രദേശില്‍ മുപ്പതിലേറെ സീറ്റാണ് എസ്പിയുടെ പ്രതീക്ഷ. മുസഫര്‍നഗര്‍ കലാപം ക്ഷീണമായെങ്കിലും രാഹുല്‍ഗാന്ധിയുടെ ന്യൂനപക്ഷവിരുദ്ധ പ്രസ്താവന മുലായത്തിന് അനുഗ്രഹമായിട്ടുണ്ട്. സ്റ്റേഡിയത്തില്‍ എത്തിയ എസ്പി അനുയായികളില്‍ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗക്കാരായിരുന്നു. മുസഫര്‍നഗറില്‍ നിന്നുള്ളവരുടെ ന്യൂനപക്ഷങ്ങളുടെ വിശ്വാസം മുലായം വീണ്ടെടുത്തതിന്റെ സൂചനയായി. ബിജെപിയുമായി വേര്‍പിരിഞ്ഞതിന്റെ ആശ്വാസത്തിലാണ് നിതീഷ്കുമാര്‍ എത്തിയത്. ലാലുപ്രസാദ് ജയിലിലായതോടെ മുഖ്യപ്രതിപക്ഷമായ ആര്‍ജെഡി ബിഹാറില്‍ ദുര്‍ബലമാണ്. ഇത് മുതലെടുക്കാനാണ് ബിജെപി ശ്രമമെങ്കിലും വര്‍ഗീയശക്തികള്‍ക്കു മുന്നില്‍ തോല്‍ക്കുന്ന പ്രശ്നമില്ലെന്ന് നിതീഷ് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. ഒഡിഷയില്‍ ബിജെപിയുമായി വേര്‍പിരിഞ്ഞശേഷവും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെഡി. മതനിരപേക്ഷത ഉറപ്പാക്കിയുള്ള വികസനമാണ് നവീന്‍ പട്നായിക് സര്‍ക്കാരിന്റേതെന്നും ഒഡിഷ ജനത തങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും ജെഡിയു പ്രതിനിധി ബൈജേന്ദ്രനാഥപാണ്ഡെ പറഞ്ഞു.

തമിഴ്നാട്ടില്‍ വന്‍വിജയം പ്രതീക്ഷിക്കുന്ന എഐഡിഎംകെ മുന്നണിയും കേരളത്തിലും ബംഗാളിലും മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന ഇടതുപക്ഷവും ദേശീയതലത്തില്‍ മതനിരപേക്ഷ കൂട്ടായ്മയ്ക്ക് കൂടുതല്‍ ആക്കം നല്‍കും. അസമില്‍ പ്രഫുല്ലകുമാര്‍ മഹന്തയുടെ നേതൃത്വത്തില്‍ എജിപിയും ജാര്‍ഖണ്ഡില്‍ ബാബുലാല്‍ മറാണ്ടിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. പഞ്ചാബില്‍ കറുത്ത കുതിരകളാകാനുള്ള ശ്രമത്തിലാണ് മന്‍പ്രീത് ബാദലിന്റെ പഞ്ചാബ് പീപ്പിള്‍സ് പാര്‍ടി. തെരഞ്ഞെടുപ്പിനു ശേഷം മതനിരപേക്ഷ മുന്നണിയിലേക്ക് വരാന്‍ എന്‍സിപിക്ക് മടിയില്ലെന്ന് വ്യക്തമാക്കുന്നതായി സെക്രട്ടറി ഡി പി ത്രിപാഠിയുടെ സാന്നിധ്യം.
(എം പ്രശാന്ത്)

ഒഴുകിയെത്തിയത് ആയിരങ്ങള്‍

വര്‍ഗീയവിരുദ്ധ കണ്‍വന്‍ഷന്‍ ബുധനാഴ്ച പകല്‍ രണ്ടിന് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും രാവിലെമുതല്‍ താല്‍ക്കത്തോറ സ്റ്റേഡിയത്തിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. ഡല്‍ഹിയില്‍നിന്നുള്ളവര്‍ ചെറുപ്രകടനങ്ങളായി നീങ്ങിയപ്പോള്‍ സമീപ സംസ്ഥാനങ്ങളില്‍നിന്ന് വാഹനങ്ങളില്‍ ജനങ്ങളെത്തി. വര്‍ഗീയത പരത്തി വോട്ടുപിടിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെയും വര്‍ഗീയതയ്ക്ക് കുടപിടിക്കുന്ന കോണ്‍ഗ്രസിനെതിരെയും മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിനിധികള്‍ എത്തിയത്. ഉച്ചയോടെ വേദി നിറഞ്ഞു. സ്റ്റേഡിയം നിറഞ്ഞതോടെ വേദിക്കു ചുറ്റുമായി ജനങ്ങള്‍ ഇരിപ്പുറപ്പിച്ചു. വലുപ്പചെറുപ്പമില്ലാതെ വര്‍ഗീയതയ്ക്കെതിരെ ഒരേ മനസ്സോടെ അവര്‍ ഒത്തുചേര്‍ന്നു. ഒഴുകിയെത്തിയ ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസ് പണിപ്പെട്ടു. വേദിയില്‍ ഉപവിഷ്ടരായ നേതൃനിരയെ സംഘാടകസമിതി അംഗമായ സീതാറാം യെച്ചൂരി സദസ്സിന് പരിചയപ്പെടുത്തി. വര്‍ഗീയവിരുദ്ധ പ്രമേയം എസ്പിയുടെ രാംഗോപാല്‍ വര്‍മയും ഇംഗ്ലീഷ് പരിഭാഷ അമര്‍ജിത് കൗറും അവതരിപ്പിച്ചു. തുടര്‍ന്ന് കണ്‍വന്‍ഷന് ഔപചാരികമായി ആരംഭം കുറിക്കാന്‍ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ യെച്ചൂരി ക്ഷണിച്ചു. ഇര്‍ഫാന്‍ പ്രസംഗമാരംഭിച്ചശേഷമാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ജെഡിയു അധ്യക്ഷന്‍ ശരത് യാദവും എത്തിയത്. ഇര്‍ഫാനുശേഷം നിതീഷ് പ്രസംഗിച്ചു. തനിക്കെതിരെ വര്‍ഗീയവാദികള്‍ ഉതിര്‍ക്കുന്ന ഓരോ വെടിയും ഉറച്ച മതനിരപേക്ഷ ബോധത്തിന്റെ കവചത്തില്‍ തട്ടി തിരിച്ച് അവര്‍ക്കുതന്നെ പ്രഹരമായി മാറുമെന്ന് നിതീഷ് പറഞ്ഞു.

തുടര്‍ന്ന് പ്രകാശ് കാരാട്ട്, മുലായംസിങ് യാദവ്, എ ബി ബര്‍ദന്‍, എച്ച് ഡി ദേവഗൗഡ, തമ്പിദുരൈ, ബാബുലാല്‍ മറാണ്ടി, പ്രഫുല്ല മഹന്ത, ബൈജേന്ദ്രനാഥ് പാണ്ഡ, പ്രകാശ് അംബേദ്കര്‍, ശരത് യാദവ്, മന്‍പ്രീത് ബാദല്‍, ദേവബ്രത ബിശ്വാസ്, ക്ഷിതി ഗോസ്വാമി, ഡി പി ത്രിപാഠി എന്നിവര്‍ സംസാരിച്ചു. വര്‍ഗീയവിരുദ്ധ പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ചതോടെ കണ്‍വന്‍ഷന്‍ നടപടി പൂര്‍ത്തിയായി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, ബിമന്‍ ബസു, വൃന്ദ കാരാട്ട്, കെ വരദരാജന്‍, എം എ ബേബി, എ കെ പത്മനാഭന്‍, സിപിഐ എം ലോക്സഭാ നേതാവ് ബസുദേവ് ആചാര്യ, സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, ഡി രാജ, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍, കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ പി സി തോമസ്, സ്വാമി അഗ്നിവേശ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ബംഗാളില്‍നിന്ന് ബിമന്‍ ബസുവിന്റെ നേതൃത്വത്തില്‍ നാല്‍പ്പതംഗ പ്രതിനിധി സംഘമെത്തി.

വര്‍ഗീയശക്തികളെ നിലയ്ക്കു നിര്‍ത്തുക: മുലായം

ന്യൂഡല്‍ഹി: എക്കാലവും വര്‍ഗീയതയ്ക്കെതിരെ രാജ്യത്ത് നിലയുറപ്പിച്ചത് ഇടതുപക്ഷ പാര്‍ടികളും സമാജ്വാദി പാര്‍ടിയുമാണെന്ന് മുലായംസിങ് യാദവ്. വര്‍ഗീയശക്തികള്‍ ഇപ്പോള്‍ മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ഉത്തര്‍പ്രദേശിലാണെന്ന് മുലായം പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വര്‍ഗീയത ഇളക്കിവിടാന്‍ ശ്രമിക്കുന്നവര്‍ ആരാണെന്ന് വ്യക്തമാണ്. ആഗ്ര, ഝാന്‍സി തുടങ്ങി പലയിടത്തും കുഴപ്പംസൃഷ്ടിക്കാന്‍ ശ്രമം നടന്നു. മുസഫര്‍നഗറില്‍ മാത്രം വിജയം കണ്ടു. വര്‍ഗീയശക്തികള്‍ക്കെതിരെ യുപി സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കും. ഇവിടെ ഒത്തുചേര്‍ന്ന 14 ശക്തികള്‍ ഒത്തുചേര്‍ന്നാല്‍ രാജ്യത്തെവിടെയും വര്‍ഗീയശക്തികള്‍ തലപൊക്കില്ല-മുലായം പറഞ്ഞു. കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആഗ്രഹിച്ചിരുന്നെന്നും നിയമസഭാ സമ്മേളനമുള്ളതിനാലാണ് എത്താന്‍ കഴിയാതിരുന്നതെന്നും എഐഡിഎംകെയെ പ്രതിനിധാനംചെയ്ത തമ്പിദുരൈ പറഞ്ഞു. തുടര്‍ന്ന് ജയലളിതയുടെ സന്ദേശം വായിച്ചു. മതത്തിന്റെ പേരില്‍ വോട്ടുനേടാനുള്ള ശ്രമങ്ങളെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തണം-സന്ദേശത്തില്‍ പറഞ്ഞു. ചുഴലിക്കാറ്റിനു ശേഷമുള്ള ആശ്വാസനടപടികളുടെ തിരക്കിലായതിനാലാണ് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന് എത്താനാകാതെ പോയതെന്ന് ബിജെഡി പ്രതിനിധി ബൈജയന്ത് പാണ്ഡ പറഞ്ഞു. വര്‍ഗീയശക്തികള്‍ക്കെതിരെ രാജ്യവ്യാപകമായി യോജിച്ച പോരാട്ടമാണ് വേണ്ടതെന്ന് മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ പറഞ്ഞു.

ഇന്ത്യ എല്ലാ മതക്കാരുടെയും രാജ്യം: ഇര്‍ഫാന്‍ ഹബീബ്

ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ ഒരു രാജ്യത്തിനു വേണ്ടി അവകാശവാദമുന്നയിക്കുന്നത് ശരിയല്ലെന്ന് പ്രമുഖ ചരിത്ര പണ്ഡിതന്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. എല്ലാ മതക്കാരുടേതുമാണ് ഈ രാജ്യം. ഈ വികാരം ശക്തിപ്പെടുത്താനും ജനങ്ങളുടെ ഐക്യവും രാജ്യത്തിന്റെ ഐക്യവും ഉയര്‍ത്തിപ്പിടിക്കാനും കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് കണ്‍വെന്‍ഷനില്‍ അധ്യക്ഷപ്രസംഗം നടത്തവെ അദ്ദേഹം പറഞ്ഞു. 1947ല്‍ സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പും ശേഷവുമായി നടന്ന വര്‍ഗീയകലാപങ്ങളില്‍ ദുരിതമനുഭവിച്ച ജനങ്ങളെ സഹായിക്കാനാണ് ഗാന്ധിജി അവസാന നാളുകള്‍ ചെലവഴിച്ചത്. മുസ്ലിം ജനതയുടെ സുരക്ഷിതത്വത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ഗാന്ധിജി ശബ്ദമുയര്‍ത്തി. അതിന്റെ പേരിലാണ് ഗാന്ധിജിയെ ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയത്. പിന്നീട് 1984ലും 2002ലും രാജ്യത്ത് മതത്തിന്റെ പേരിലുള്ള കൂട്ടക്കുരുതികള്‍ നടന്നു. തന്റെ 80 വര്‍ഷത്തെ ജീവിതത്തില്‍ ഇത്രയധികം പ്രമുഖ നേതാക്കളുമൊത്ത് വേദി പങ്കിടുന്നത് ആദ്യമായാണെന്നും അതിനെ ഏറെ വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഐക്യം ഉയര്‍ത്തിപ്പിടിക്കാന്‍ കൂട്ടായി പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഇടതുപാര്‍ടികള്‍ക്ക് അഭിനന്ദനം

ന്യൂഡല്‍ഹി: വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തിനായി ദേശീയ കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ക്കാന്‍ മുന്‍കൈയെടുത്ത ഇടതുപക്ഷപാര്‍ടികളെ വിവിധ പാര്‍ടിനേതാക്കള്‍ അഭിനന്ദിച്ചു. ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ നിതീഷ്കുമാറാണ് ആദ്യം അഭിനന്ദിച്ചത്. തുടര്‍ന്ന് സംസാരിച്ച എച്ച് ഡി ദേവഗൗഡ, മുലായംസിങ് യാദവ് തുടങ്ങിയ നേതാക്കളും ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് പറഞ്ഞു. വര്‍ഗീയതയ്ക്കെതിരായി എക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചവരാണ് ഇടതുപക്ഷവും സമാജ്വാദി പാര്‍ടിയുമെന്ന് മുലായംസിങ് യാദവ് ഓര്‍മിപ്പിച്ചു. ഇടതുപക്ഷത്തിന്റെയല്ല, രാജ്യത്തെ മതനിരപേക്ഷ- ജനാധിപത്യ ശക്തികളുടെ മുന്‍കൈ ഉള്ളതുകൊണ്ടാണ് ഇത്തരമൊരു കണ്‍വന്‍ഷന്‍ യാഥാര്‍ഥ്യമായതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

deshabhimani

No comments:

Post a Comment