Tuesday, October 29, 2013

മറനീക്കുന്നത് ഗൂഢതന്ത്രം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാറിനുനേരെ ഞായറാഴ്ചയുണ്ടായ കല്ലേറും തുടര്‍ന്നു നടന്ന നീക്കങ്ങളും ദുരൂഹത പടര്‍ത്തുന്നു. ആസൂത്രിതമായി തയ്യാറാക്കിയ തിരക്കഥയുടെ ചേരുവകളാണ് ഓരോന്നായി പുറത്തുവരുന്നത്. സോളാര്‍ അഴിമതിയില്‍ ജനവിശ്വാസം നഷ്ടപ്പെട്ട മുഖ്യമന്ത്രിയെ പുതിയ പ്രതിച്ഛായയോടെ പുനരവതരിപ്പിക്കാനുള്ള ഗൂഢതന്ത്രവും മറനീക്കുന്നു.

മുഖ്യമന്ത്രി പറയുന്നതുപോലെ ""ഇടതുവശത്തെ ചില്ലിലൂടെ ഊക്കോടെ കാറിനകത്തേക്ക് പതിച്ച കല്ല്, നെഞ്ചില്‍ പതിച്ചശേഷം വലതുചില്ല് തകര്‍ത്ത് പുറത്തുപോകാന്‍"" ഒരു സാധ്യതയുമില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ""എത്ര വേഗത്തിലെറിഞ്ഞാലും ഇത് സംഭവിക്കില്ല. ഇത് ജെയിംസ്ബോണ്ട് സിനിമയൊന്നുമല്ലല്ലോ""- സര്‍ക്കാര്‍ സര്‍വീസിലെ പ്രമുഖ ബാലിസ്റ്റിക് വിദഗ്ധന്‍ "ദേശാഭിമാനി"യോട് പറഞ്ഞു. സംഭവത്തിനുശേഷം പൊലീസ് പരേഡ് ഗ്രൗണ്ടിലെ ചടങ്ങിനെത്തിയ മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിലോ ശരീരഭാഷയിലോ നെഞ്ചില്‍ ശക്തിയായി ഏറുകൊണ്ടതിന്റെ ഒരു ലക്ഷണവുമില്ലായിരുന്നു. നെറ്റിയില്‍ നേരിയ പോറല്‍മാത്രമാണുണ്ടായിരുന്നത്. പ്രാഥമികശുശ്രൂഷപോലും അദ്ദേഹം നിരാകരിച്ചു. ഒരുമണിക്കൂറോളം നീണ്ട ചടങ്ങിനുശേഷമാണ് ഗെയിംസ് വില്ലേജില്‍ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് വിധേയമായത്. പിന്നീട് ജവഹര്‍ സ്റ്റേഡിയത്തിലെ കോണ്‍ഗ്രസ് പൊതുസമ്മേളനവും കഴിഞ്ഞാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.

മുന്‍കൂട്ടി തീരുമാനിച്ച നാല് കേന്ദ്രങ്ങളിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇവിടങ്ങളില്‍ ഒരുതരത്തിലുള്ള അക്രമസംഭവവും ഉണ്ടായില്ല. തീര്‍ത്തും സമാധാനപരമായാണ് സമരം നടത്തിയതെന്നും കല്ലേറില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാക്കുകളും ഇത് ശരിവയ്ക്കുന്നു.

മുഖ്യമന്ത്രിയെ രക്ഷിക്കാനെന്ന വ്യാജേന എതിര്‍വശത്ത് നിന്നവരുടെ കൂട്ടത്തില്‍നിന്നാണ് കല്ലേറുണ്ടായതെന്നാണ് തിരുവഞ്ചൂര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. യഥാര്‍ഥ പ്രതികള്‍ മറ്റാരോ ആണെന്നതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. സ്വാഭാവികമായും സംശയം കണ്ണൂരിലെ ക്രിമിനല്‍നേതാവിന്റെയും അദ്ദേഹത്തിന്റെ ക്വട്ടേഷന്‍സംഘങ്ങളുടെയും നേര്‍ക്ക് നീളുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ കണ്ണൂരിലേക്ക് വരുത്തി പൊലീസ് പിടിയിലായ ചാലക്കുടി ക്വട്ടേഷന്‍സംഘത്തിലെ നാലു ക്രിമിനലുകള്‍ ഞായറാഴ്ച കണ്ണൂരിലുണ്ടായതായി വെളിപ്പെട്ടിട്ടുണ്ട്. ഇവര്‍ എന്തിന് വന്നു? കല്ലേറില്‍ ഇവര്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ? ഇതേക്കുറിച്ച് ഗൗരവമായി അന്വേഷിക്കേണ്ടതുണ്ട്. ഇതിനൊക്കെ പുറമേയാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത സുരക്ഷാവീഴ്ച. യുദ്ധസന്നാഹങ്ങളുണ്ടായിട്ടും ഇരുവശത്തും ബാരിക്കേഡ് തീര്‍ത്ത് മുഖ്യമന്ത്രിക്ക് സുരക്ഷിത പാതയൊരുക്കുന്നതില്‍ പൊലീസ് പൂര്‍ണമായി പരാജയപ്പെട്ടു.

deshabhimani

No comments:

Post a Comment