Wednesday, October 30, 2013

വര്‍ഗീയതയെ തള്ളി ഐക്യം കാക്കുക

വര്‍ഗീയശക്തികളെ തള്ളിക്കളഞ്ഞ് മൈത്രിയും ഐക്യവും കാത്തുസൂക്ഷിക്കാനുള്ള യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങാന്‍ രാജ്യത്തെ എല്ലാ മതനിരപേക്ഷ, ജനാധിപത്യ ശക്തികളോടും ഡല്‍ഹിയില്‍ നടന്ന കണ്‍വന്‍ഷന്‍ ആഹ്വാനംചെയ്തു. "വര്‍ഗീയതക്കെതിരെ ജനങ്ങളുടെ ഐക്യം" എന്ന മുദ്രാവാക്യമുയര്‍ത്തി താല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ ആവേശത്തോടെയാണ് പ്രമേയം അംഗീകരിച്ചത്.
സമീപകാല ചരിത്രത്തിലെ സുപ്രധാന അധ്യായമായ കണ്‍വന്‍ഷനില്‍ സമാജ്വാദി പാര്‍ടി നേതാവ് രാംഗോപാല്‍ യാദവ് പ്രമേയം അവതരിപ്പിച്ചു. വിഖ്യാത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന്റെ അധ്യക്ഷപ്രസംഗത്തോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിച്ചത്. 14 കക്ഷികള്‍ പങ്കെടുത്ത കണ്‍വന്‍ഷന്റെ സമാപനം കുറിച്ച് പ്രമേയം അംഗീകരിക്കാന്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി അഭ്യര്‍ഥിച്ചു. കരഘോഷങ്ങളോടെയാണ് പ്രമേയം അംഗീകരിച്ചത്. നാലു സംസ്ഥാനത്തെ ഭരണകക്ഷികളും അഞ്ചു സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാര്‍ടികളും കണ്‍വന്‍ഷന് എത്തി. ഒപ്പം യുപിഎ ഘടകകക്ഷി എന്‍സിപിയും. സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, സമാജ്വാദി പാര്‍ടി, ജെഡിയു, ജെഡിഎസ്, എഐഎഡിഎംകെ, ബിജെഡി, ജാര്‍ഖണ്ഡ് വികാസ് മഞ്ച്, അസം ഗണ പരിഷത്, എന്‍സിപി, ബി ആര്‍ അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കര്‍ നേതൃത്വം നല്‍കുന്ന ഭാരിപ ബഹുജന്‍ മഹാസംഘ്, പഞ്ചാബ് പീപ്പിള്‍സ് പാര്‍ടി എന്നിവയാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. മുന്നൂറോളം ലോക്സഭാ സീറ്റില്‍ നിര്‍ണായകസ്വാധീനമുള്ള കക്ഷികളാണിത്.

പ്രമേയത്തിന്റെ പൂര്‍ണരൂപം: 

വിവിധ മതങ്ങള്‍, ഭാഷകള്‍, ജാതികള്‍, സംസ്കാരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യ. ഐക്യമാണ് ഈ വൈവിധ്യത്തിന്റെ അന്തര്‍ധാര. ജനങ്ങള്‍ക്കിടയിലുള്ള ഐക്യമാണ് നമ്മെ ഇന്ത്യക്കാരാക്കുന്നത്. രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യം വര്‍ഗീയശക്തികളില്‍ നിന്ന് വെല്ലുവിളി നേരിടുകയാണ്. ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, മറ്റ് മതങ്ങള്‍ എന്നിവയിലുള്ള ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായാണ് സ്വാതന്ത്ര്യത്തിനായി പോരാടിയത്. വര്‍ഗീയ ആശയങ്ങളും വര്‍ഗീയസംഘടനകളും അപ്പോള്‍ മാറിനിന്നു. അവര്‍ ജനങ്ങളെ ഭഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. വര്‍ഗീയ ആശയങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതുകൊണ്ടാണ് ഇന്ത്യ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായത്. ഇപ്പോള്‍ വര്‍ഗീയശക്തികള്‍ ഒരിക്കല്‍ക്കൂടി വര്‍ഗീയപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വര്‍ഗീയപ്രചാരണം ശക്തമാക്കുകയാണ്. ഇതിന്റെ ഫലമായി വിവിധ ഭാഗങ്ങളില്‍ വര്‍ഗീയകലാപമുണ്ടായി. മുസഫര്‍നഗറിലെ കലാപം വ്യക്തമായ ഉദാഹരണം. എല്ലാ തരത്തിലുമുള്ള വര്‍ഗീയശക്തികളെയും ഒന്നിച്ചുനിന്ന് ചെറുത്ത് ജനങ്ങളുടെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് മതനിരപേക്ഷ-ജനാധിപത്യ ശക്തികളുടെ ചുമതലയാണ്. അതിനുള്ള ശ്രമം ശക്തമാക്കണം. വിവിധവിഭാഗങ്ങള്‍ തമ്മിലുള്ള മൈത്രിയും രാജ്യത്തിന്റെ വൈവിധ്യസമ്പൂര്‍ണമായ സംസ്കാരവും കാത്തുസൂക്ഷിക്കാനും ജനങ്ങളുടെ ഐക്യം ശക്തിപ്പെടുത്താനും മതനിരപേക്ഷ-ജനാധിപത്യ വിശ്വാസികളായ എല്ലാ ജനങ്ങളും സജീവമായി രംഗത്തിറങ്ങണം- പ്രമേയം ആഹ്വാനംചെയ്തു.

യോഗത്തില്‍ സംസാരിച്ച എല്ലാ നേതാക്കളും പ്രമേയത്തിന് പൂര്‍ണ പിന്തുണ നല്‍കി.

deshabhimani

No comments:

Post a Comment