Monday, October 28, 2013

തീവ്രവാദം: വ്യക്തമായ നിലപാടുള്ളത് ഇടതുപക്ഷത്തിനു മാത്രം- പിണറായി

യുഡിഎഫിലെ കക്ഷികള്‍ക്ക് തീവ്രവാദബന്ധമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വയലാര്‍ ദിനാചരണത്തോടനുബന്ധിച്ച് രക്തസാക്ഷി നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദത്തിന് ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ല. ഇക്കാര്യത്തില്‍ ഇടതുപക്ഷം മാത്രമാണ് സുവ്യക്തമായ നിലപാട് സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ മതനിരപേക്ഷശക്തികള്‍ എല്‍ഡിഎഫിനു പിന്നില്‍ കൂടുതലായി അണിനിരക്കുകയാണ്. ദേശീയതലത്തിലും കേരളത്തിലും മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസിന്റെ നിസ്സംഗതകൊണ്ടാണ് ബാബറിമസ്ജിദ് തകര്‍ന്നുവീണത്. ഇപ്പോള്‍ മുസാഫര്‍ നഗറിലെ മുസ്ലിം യുവാക്കള്‍ക്ക് പാകിസ്ഥാന്‍ ബന്ധമെന്നുപറഞ്ഞ രാഹുല്‍ ഗാന്ധിയും മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെ അതേ അഭിപ്രായംതന്നെയാണ് രാഹുല്‍ ഗാന്ധിയും പ്രകടിപ്പിച്ചത്. കേരളത്തിലാകട്ടെ തീവ്രവാദസ്വഭാവമുള്ള കേസുകള്‍പോലും യുഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ചു. എസ്ഡിപിഐ പോലുള്ള തീവ്രവാദസംഘടനകളെ നിരോധിക്കണമെന്നു പറയുന്ന ആര്‍എസ്എസ് തങ്ങളുടെ തീവ്രവാദസ്വഭാവം മറയ്ക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തു നടന്ന പല ഭീകരാക്രമണങ്ങള്‍ക്കു പിന്നിലും സംഘപരിവാറാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ മോഡി വിജയകരമായി നടപ്പാക്കിയ വംശഹത്യ ഇന്ത്യയില്‍ വ്യാപിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇതിനെതിരെ നിതാന്ത ജാഗ്രതപുലര്‍ത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.

കേരളത്തില്‍ കോണ്‍ഗ്രസ് ജനവിരുദ്ധസമീപനം തുടരുകയാണ്. തട്ടിപ്പുകാരെയും നാടിന് കൊള്ളരുതാത്തവരെയും സംരക്ഷിക്കുന്ന സര്‍ക്കാരായി യുഡിഎഫ് മാറി. ഭൂമിതട്ടിപ്പു നടത്തിയ സാധാരണ പൊലീസുകാരനായ സലിംരാജിന് ഇതിനുള്ള ധൈര്യം എവിടെനിന്ന് ലഭിച്ചു. ഇത്തരക്കാരെ ഉമ്മന്‍ചാണ്ടി എന്തിനുവേണ്ടിയാണ് ഉപയോഗിച്ചതെന്ന് അന്വേഷിക്കണം. ഫയാസിന് സ്വര്‍ണക്കടത്ത് മാത്രമല്ല തീവ്രവാദബന്ധമുണ്ടെന്നും വാര്‍ത്ത വന്നിട്ടുണ്ട്. എന്‍ഐഎ അന്വേഷിക്കേണ്ട കേസില്‍ പ്രതിയെ രക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment