Tuesday, October 29, 2013

ഫണ്ടില്ല; സ്കൂളുകളില്‍ ഉച്ചഭക്ഷണം നിലയ്ക്കും

സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അവതാളത്തില്‍. ആഗസ്തിനുശേഷം പണം ലഭിക്കാത്തിനാല്‍ മിക്ക സ്കൂളുകളും ഭക്ഷണവിതരണം നിര്‍ത്തിവയ്ക്കാന്‍ ഒരുങ്ങുകയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടില്‍നിന്നും സ്കൂള്‍ പ്രധാനാധ്യാപകന്റെ അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം നല്‍കാറ്. ഇ-ട്രാന്‍സ്ഫര്‍ വഴി ആറ് മാസത്തേക്കുള്ള ഫണ്ട് ഒന്നിച്ച് നല്‍കാറാണ് പതിവ്. ഇത്തവണ ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളിലെ ഫണ്ടാണ് അവസാനമായി നല്‍കിയത്. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ഉറപ്പ് കണക്കിലെടുത്ത് പ്രധാനാധ്യാപകര്‍ സ്വന്തം കൈയില്‍നിന്നും പണമെടുത്താണ് കഴിഞ്ഞ രണ്ടുമാസം ഭക്ഷണം നല്‍കിയത്. ചിലയിടങ്ങളില്‍ പിടിഎ ഫണ്ടും ഉപയോഗിച്ചു. ഇനി ഈ രീതിയില്‍ മുന്നോട്ടുപോകാനാവില്ലെന്ന് പ്രധാനാധ്യാപകര്‍ പൊതുവിദ്യാഭ്യാസ അധികൃതരെ അറിയിച്ചിട്ടുണ്ട്.

നിലവില്‍ അരി മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. കടല, പയര്‍, മുട്ട, പാല്‍, പാചകക്കൂലി എന്നിവക്കുള്ള ഫണ്ടാണ് ഡിപിഐ നല്‍കുന്നത്. ആഴ്ചയില്‍ രണ്ടുദിവസം പാലും ഒരുദിവസം മുട്ടയും വിതരണംചെയ്യണം. ഇതിനുള്ള പണം കണ്ടെത്താന്‍ സ്കൂള്‍ അധികൃതര്‍ പണിപ്പെടുകയാണ്. ഒരു വിദ്യാര്‍ഥിക്ക് അഞ്ച് രൂപ നിരക്കില്‍ തുഛമായ തുകയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. നിലവിലെ വിലനിലവാരമനുസരിച്ച് ഇത് അപര്യാപ്തമാണ്. സ്കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കി തുക വര്‍ധിപ്പിക്കണമെന്ന് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംസ്ഥാനതല സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും നടന്നിട്ടില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുറ്റമറ്റരീതിയിലാണ് ഉച്ചഭക്ഷണ വിതരണം നടന്നത്. എഇഒ ഓഫീസ് വഴി ഭക്ഷണത്തിനാവശ്യമായ ഉല്‍പ്പന്നങ്ങളും സര്‍ക്കാര്‍ നേരിട്ടാണ് നല്‍കിയിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം അരി മാത്രമാണ് നല്‍കുന്നത്.

deshabhimani

No comments:

Post a Comment