Wednesday, October 30, 2013

സെക്രട്ടറിയറ്റിലെ ആശ്രിത നിയമനത്തില്‍ വന്‍ ക്രമക്കേട്

ആശ്രിത നിയമനത്തിന്റെ മറവില്‍ സെക്രട്ടറിയേറ്റിലെ ഒഴിവുകള്‍ കൈയടക്കുന്നതായി ആക്ഷേപം. ആകെ നിയമനങ്ങളുടെ അഞ്ചു ശതമാനംമാത്രം ആശ്രിത നിയമനം നടക്കേണ്ട സ്ഥാനത്ത് 50 ശതമാനത്തോളം ഈ വിധത്തിലുള്ള നിയമനം നടക്കുന്നു. ഇവരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനും അണിയറയില്‍ നീക്കം. ഇതിനുപിന്നില്‍ വന്‍ സ്വാധീനവും അഴിമതിയും ഉള്ളതായി ഉദ്യോഗാര്‍ഥികള്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുഭരണ വകുപ്പ് പുറത്തിറക്കിയ 174/12 ജിഒ പ്രകാരം സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്റ് തസ്തികയില്‍ 54 പേര്‍ക്ക് ആശ്രിത നിയമനം നല്‍കി. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കൈവശമുള്ള പൊതുഭരണ വകുപ്പിലാണ് ഈ നിയമനങ്ങളിലേറെയും. പൊതു ഭരണവകുപ്പില്‍ 43 പേര്‍ക്കും ധനകാര്യത്തില്‍ 11 പേര്‍ക്കും നിയമനം നല്‍കിയതായി വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖയില്‍ പറയുന്നു. ആശ്രിത നിയമനം ലഭിച്ചവരില്‍ മൂന്നുപേര്‍ മാത്രമാണ് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ആശ്രിതരായുള്ളത്. ബാക്കി 51 പേരും മറ്റു വകുപ്പുകളില്‍ ജോലി ചെയ്തിരുന്നവരുടെ ആശ്രിതരാണ്. കൂടാതെ എല്‍ഡി ക്ലര്‍ക്കുമാരായി 495 പേര്‍ക്കും ഇതേ രീതിയില്‍ നിയമനം നല്‍കി. സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് ഇത്രയും പേര്‍ക്ക് നിയമനം നല്‍കിയത്. ഇതുകൂടാതെ 322 പേര്‍ക്ക് കൂടി സെക്രട്ടറിയേറ്റിലും വിവിധ വകുപ്പുകളിലും സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

മറ്റു വകുപ്പുകളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ അര്‍ഹതയുള്ളവരടക്കം കൂട്ടത്തോടെ സെക്രട്ടറിയറ്റില്‍ കയറിപ്പറ്റുന്നതിനു പിന്നില്‍ വന്‍ അഴിമതിയും ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദവും ഉള്ളതായാണ് സൂചന. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പോലെ ഉയര്‍ന്ന ഉദ്യോഗക്കയറ്റ സാധ്യതയുള്ള തസ്തികകള്‍ നേടാനുള്ള കുറുക്കുവഴിയാണ് ഇതിനുപിന്നില്‍. 2008ല്‍ നാലുപേര്‍ക്കും 2009ല്‍ 8 പേര്‍ക്കും 2010ലും 2011ലും 9 പേര്‍ക്ക് വീതവുമാണ് സെക്രട്ടറിയേറ്റില്‍ നിയമനം നല്‍കിയത്. എന്നാല്‍ 2012ല്‍ 54 പേര്‍ക്കും 2013ല്‍ ഇതുവരെ 11 പേര്‍ക്കും നിയമനം നല്‍കി.ആശ്രിത നിയമനത്തിലെ ചട്ടപ്രകാരം അഞ്ച് ശതമാനം പേരെ മാത്രമേ സ്ഥിരപ്പെടുത്തൂ എന്നും മറ്റുള്ളവരെ സൂപ്പര്‍ ന്യൂമററിയായി നിലനിര്‍ത്തുമെന്നും അവരുടെ ടേണ്‍ അനുസരിച്ചേ സ്ഥിരപ്പെടുത്തൂ എന്നും 2012ല്‍ പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് വ്യക്തതയില്ല. എന്നാല്‍ സെക്രട്ടറിയറ്റില്‍ ആശ്രിത നിയമനം ലഭിച്ചവരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള ഗൂഢനീക്കം നടക്കുന്നതായി ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.

deshabhimani

No comments:

Post a Comment