Monday, October 28, 2013

ജനസമ്പര്‍ക്കത്തിന് ഉമ്മന്‍ചാണ്ടി എത്തുന്നത് ജനങ്ങളെ ഭയന്ന്

കൊല്ലം: രണ്ടാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ജനസമ്പര്‍ക്കപരിപാടിക്കായി മുഖ്യമന്ത്രി ചൊവ്വാഴ്ച കൊല്ലത്ത് എത്തുമ്പോള്‍ അത് തട്ടിപ്പിന്റെ രണ്ടാമധ്യായത്തിനാണ് തുടക്കംകുറിക്കുന്നത്. 2011ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ സാരഥിയായി അധികാരമേറ്റ ഉമ്മന്‍ചാണ്ടി അക്കൊല്ലം നവംബര്‍ 29നാണ് കൊല്ലത്ത് ആദ്യത്തെ ജനസമ്പര്‍ക്ക പരിപാടി നടത്തിയത്. അന്നും ഫാത്തിമമാതാ നാഷണല്‍ കോളേജ് വളപ്പായിരുന്നു തട്ടിപ്പ് പരിപാടിക്കായി തെരഞ്ഞെടുത്തത്. ഇക്കുറിയും അതേവേദിയില്‍ ഉമ്മന്‍ചാണ്ടി എത്തുന്നത് തികച്ചും ജനവിരുദ്ധനും അഴിമതിക്കാരുടെ രാഷ്ട്രീയസംരക്ഷകനും എന്ന ദുഷ്പ്പേര് പകര്‍ന്നുനല്‍കിയ തീരാക്കളങ്കത്തിന്റെ തലപ്പാവുമായാണ്. കഴിഞ്ഞകുറി യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയനേട്ടത്തിനുവേണ്ടിയാണ് ജനസമ്പര്‍ക്കം സംഘടിപ്പിക്കുന്നത് എന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫ് നേതാക്കളുടെയും അവകാശവാദം. നാളെ ഉമ്മന്‍ചാണ്ടി പഴയവേദിയില്‍ വീണ്ടും ജനസമ്പര്‍ക്കത്തിന് എത്തുന്നത് താന്‍മൂലം ജനവിരുദ്ധരുടെ കേന്ദ്രമായി മാറിയ യുഡിഎഫ് സര്‍ക്കാരിന്റെ മുഖം എങ്ങനെയും രക്ഷിച്ചെടുക്കുക എന്ന രാഷ്ട്രീയദൗത്യവുമായാണ്.

സോളാര്‍ കുംഭകോണം ഇതിനകം ദേശീയശ്രദ്ധയാകര്‍ഷിച്ച അഴിമതിക്കേസായി മാറി. അതിന്റെ കേന്ദ്രബിന്ദു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഉമ്മന്‍ചാണ്ടി, ഗണ്‍മാന്‍ സലിംരാജ്, പേഴ്സണല്‍ സ്റ്റാഫ് ജോപ്പന്‍, ജിക്കുമോന്‍, സോളാര്‍ തട്ടിപ്പില്‍ ജയിലില്‍ കഴിയുന്ന സരിതാ എസ് നായര്‍, ബിജു രാധാകൃഷ്ണന്‍, നടി ശാലുമേനോന്‍ എന്നിവരൊക്കെ അടങ്ങിയ തട്ടിപ്പ് സംഘത്തിന്റെ മുഖ്യനായകന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് വ്യക്തം. എന്നിട്ടും അധികാരക്കസേരയില്‍ ഞെളിഞ്ഞിരിക്കുന്ന ഉമ്മന്‍ചാണ്ടി പ്രബുദ്ധകേരളത്തിന് അപമാനമായി. ഈ അഴിമതിക്കറ കഴുകിക്കളയാന്‍ ജനസമ്പര്‍ക്ക പരിപാടിയെ ഉപയോഗിക്കാനാകുമോ എന്നാണ് ഉമ്മന്‍ചാണ്ടി പരീക്ഷിക്കുന്നത്.

കഴിഞ്ഞതവണ നടന്ന ജനസമ്പര്‍ക്കപരിപാടിയില്‍ 9166 അപേക്ഷകളാണ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്തത്. ഇതില്‍ ബഹുഭൂരിപക്ഷവും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യേണ്ടവയായിരുന്നു. എപിഎല്‍ റേഷന്‍കാര്‍ഡ് ബിപിഎല്‍ ആക്കുക, വീടുകളിലേക്കുള്ള വഴി ലഭിക്കുക, വൈദ്യുതി കണക്ഷന്‍ കിട്ടുക, കൈവശംവച്ചനുഭവിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം കിട്ടുക, ചികിത്സാസഹായം ലഭ്യമാക്കുക, പെണ്‍മക്കളുടെ വിവാഹത്തിന് സഹായം ലഭിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു അന്നത്തെ പരാതികളില്‍ ഭൂരിപക്ഷവും. ഇവയില്‍ ഭൂരിപക്ഷവും ഇന്നും പരിഹാരമില്ലാതെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നു. വികലാംഗര്‍, വിധവകള്‍, വയോധികര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍, അവശതകള്‍ക്ക് പരിഹാരം തേടി നല്‍കിയ അപേക്ഷകള്‍ക്കാണ് ഈ ഗതി. ഇതിനെതിരെ ഉയര്‍ന്നത് വലിയ പ്രതിഷേധമാണ്. പാവപ്പട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഒപ്പമല്ല ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്ന് ഇത് തെളിയിച്ചു.
ഇതിനിടെയാണ് സോളാര്‍ പ്രശ്നം കത്തിജ്വലിച്ചത്. ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന എല്‍ഡിഎഫിന്റെ ആവശ്യം നാടാകെ ഏറ്റെടുത്തു. ഇതിന്റെ ജാള്യം മറയ്ക്കാന്‍ വീണ്ടും തട്ടിപ്പുമായി ജനസമ്പര്‍ക്കപരിപാടിയുമായി മുഖ്യമന്ത്രി കൊല്ലത്ത് എത്തുകയാണ്. കഴിഞ്ഞതവണത്തേതില്‍നിന്നും വ്യത്യസ്തമായി ഇത്തവണ ഓണ്‍ലൈന്‍ മുഖേനയാണ് പരാതി സ്വീകരിക്കുന്നത്. ഇതിനകം കിട്ടിയ അപേക്ഷകളില്‍ ഭൂരിപക്ഷവും 2011ലെ ജനസമ്പര്‍ക്ക പരിപാടിയിലെ പരാതികളോട് സമാനതകള്‍ ഉള്ളതുതന്നെ. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധിച്ച് പരിഹരിക്കേണ്ടവ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പരിഹരിക്കാനുള്ള ജനങ്ങളുടെ പ്രശ്നങ്ങളാണ് രാഷ്ടീയനേട്ടത്തിനായി ഉമ്മന്‍ചാണ്ടി ദുരുപയോഗിക്കുന്നത്. ഇതിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നു. സോളാര്‍ പ്രശ്നം ഉന്നയിച്ച് എല്‍ഡിഎഫ് പ്രക്ഷോഭം നടത്തുമെന്ന് ഭയന്ന് ജനസമ്പര്‍ക്കപരിപാടിക്ക് വന്‍തോതില്‍ പൊലീസിനെയും വിന്യസിപ്പിക്കുന്നുണ്ട്. ജില്ലയിലെ പൊലീസ് സേനയ്ക്ക് പുറമെ മറ്റ് ജില്ലകളല്‍നിന്നുള്ള പൊലീസിനെയും കൊല്ലത്ത് എത്തിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. ജനവിരുദ്ധനായ മുഖ്യമന്ത്രി ജനങ്ങളെ എത്രമാത്രം ഭയക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ വന്‍പ്രതിഷേധം ഉയരും

കൊല്ലം: ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച കൊല്ലത്ത് എത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് വന്‍ജനകീയപ്രതിഷേധം. സോളാര്‍ കേസില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി ഉടന്‍ രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് മുഖ്യമന്ത്രിക്കെതിരെ ചൊവ്വാഴ്ച ശക്തമായ പ്രതിഷേധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകള്‍ കേന്ദ്രീകരിച്ച് ആയിരക്കണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും. രാവിലെ ഏഴു മുതല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനമായി ജനസമ്പര്‍ക്കപരിപാടി നടക്കുന്ന കൊല്ലം ഫാത്തിമമാതാ നാഷണല്‍ കോളേജിന്റെ മുഖ്യകവാടത്തിലെത്തും. ഇവിടെ ആയിരങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി പ്രകടനം നടത്തും. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായി നടക്കുമെങ്കിലും ജനസമ്പര്‍ക്ക പരിപാടിയോ അതില്‍ പരാതി സമര്‍പ്പിക്കാന്‍ എത്തുന്ന ബഹുജനങ്ങള്‍ക്കോ എല്‍ഡിഎഫ് ഒരുവിധ തടസ്സവും ഉണ്ടാക്കില്ല.

സോളാര്‍ കുംഭകോണത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗികസംവിധാനങ്ങളും ഓഫീസും നിയമവിരുദ്ധമായി ഉപയോഗപ്പെടുത്തിയ ഉമ്മന്‍ചാണ്ടി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും എല്‍ഡിഎഫ് നെരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. സോളാര്‍ പ്രശ്നം വിവാദമായതു മുതല്‍ പുറത്തുവന്ന തെളിവുകളോരോന്നും ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്നതാണ്. കേസിന്റെ വിവിധഘട്ടങ്ങളില്‍ അന്വേഷണസംഘം കണ്ടെത്തിയ വിവരങ്ങളും വിവിധ കോടതികള്‍ നടത്തിയ പ്രസിദ്ധമായ നിരീക്ഷണങ്ങളും ഉമ്മന്‍ചാണ്ടിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും സോളാര്‍ കുംഭകോണത്തിലെ പങ്ക് അടിവരയിട്ടു തെളിയിക്കുന്നു. എന്നിട്ടും കൂസലില്ലാതെ നാണംകെട്ട് മുഖ്യമന്ത്രിക്കസേരയില്‍ തുടരുന്ന ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന പ്രക്ഷോഭത്തിന്റെ മറ്റൊരു രൂപമാണ് ചൊവ്വാഴ്ച കൊല്ലം നഗരം ദര്‍ശിക്കുക. മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടു കൊല്ലത്തു നടത്തിയ രാപ്പകള്‍ സമരം ഉള്‍പ്പെടെ നിരവധി പ്രക്ഷോഭങ്ങളില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു. ചൊവ്വാഴ്ച ജനസമ്പര്‍ക്കപരിപാടിക്കെത്തുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തുന്ന പ്രക്ഷോഭം ഈ ശ്രേണിയിലെ മറ്റൊരു ഉജ്വല മുന്നേറ്റമാകും.

deshabhimani

No comments:

Post a Comment