Thursday, October 31, 2013

സിവില്‍ സര്‍വീസ് ബോര്‍ഡ് രൂപീകരിക്കണം: സുപ്രീം കോടതി

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന് സിവില്‍ സര്‍വീസ് ബോര്‍ഡ് രൂപീകരിക്കണമെന്നും ഒരോ ഉദ്യോഗത്തിനും കാലാവധി നിശ്ചയിക്കണമെന്നും സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിനുള്ള ഭരണപരിഷ്കരണ നടപടികള്‍ മൂന്ന് മാസത്തിനുള്ളില്‍ ഏറ്റെടുക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ കാബിനറ്റ് സെക്രട്ടറി ടിഎസ്ആര്‍ സുബ്രഹ്മണ്യമടക്കം വിരമിച്ച 82 ഉദേ്യാഗസ്ഥര്‍ നല്‍കിയ പൊതുതല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അടങ്ങിയ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നിയന്ത്രിക്കുന്നത് ബോര്‍ഡായിരിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള നിയമനങ്ങള്‍ക്ക് പ്രത്യേക ബോര്‍ഡുകള്‍ക്ക് രൂപം നല്‍കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. കേന്ദ്രത്തില്‍ കാബിനറ്റ് സെക്രട്ടറിയുടെയും സംസ്ഥാനങ്ങളില്‍ ചീഫ് സെക്രട്ടറിമാരുടെയും കീഴിലാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുക. ഇവര്‍ അധ്യക്ഷരായി സമിതികള്‍ രൂപവത്കരിക്കണം.

രാഷ്ട്രീയ നേതാക്കന്‍മാരുടേയും മന്ത്രിമാരുടേയും വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ അനുസരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. കീഴുദ്യോഗസ്ഥര്‍ക്കും വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കരുത്. ഏതു നിര്‍ദ്ദേശവും എഴുതിനല്‍കിയാല്‍ മാത്രം നടപടികള്‍ സ്വീകരിക്കുക. വിവരാവകാശനിയമം നിലവിലുള്ള സാഹചര്യത്തില്‍ ഇതുവളരെ പ്രധാനമാണെന്നും കോടതി പറഞ്ഞു. ഒരു തസ്തികയിലെ നിയമനത്തിന് നിശ്ചിത കാലാവധി കൊണ്ടുവരികയാണെങ്കില്‍ കാര്യക്ഷമതയും മെച്ചപ്പെട്ട സേവനവും ഭരണവും ഉറപ്പാക്കാനാവുമെന്ന് കോടതി നിരീക്ഷിച്ചു.

deshabhimani

No comments:

Post a Comment