സോളാര്‍ തട്ടിപ്പുകേസില്‍ ശ്രീധരന്‍ നായര്‍ സരിതയ്ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായി പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ 25ന് സമര്‍പ്പിച്ച കുറ്റപത്രത്തിലില്ല. ശ്രീധരന്‍ നായര്‍ നല്‍കിയ രഹസ്യമൊഴിയില്‍ പ്രതികളായ ജോപ്പനും സരിതയ്ക്കുമൊപ്പം മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ കണ്ടതായി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ ചോദ്യംചെയ്തിട്ടും അദ്ദേഹത്തെ സാക്ഷിപ്പട്ടികയിലോ പ്രതിപ്പട്ടികയിലോ ഉള്‍പ്പെടുത്തിയിട്ടില്ല. രഹസ്യമൊഴിയെപ്പറ്റി വിശദമായിഅന്വേഷിച്ചിട്ടും കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയെ ശ്രീധരന്‍ നായര്‍ കണ്ടതായ പരാമര്‍ശമില്ലാത്തത് കേസില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ നടത്തിയ ഇടപെടല്‍ വ്യക്തമാക്കുന്നു.
പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് സരിതയും ബിജുരാധാകൃഷ്ണനും ചേര്‍ന്ന് ശ്രീധരന്‍നായരില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയെന്ന കേസിലെ കുറ്റപത്രം ബുധനാഴ്ച അപേക്ഷകര്‍ക്ക് നല്‍കി. 239 പേജുള്ള കുറ്റപത്രത്തിനൊപ്പം 97 രേഖകളും സിഡിയും ഹാര്‍ഡ് ഡിസ്കുകളും ഉള്‍പ്പെടെ 9 തൊണ്ടിയുമുണ്ട്. ശ്രീധരന്‍ നായരെ സരിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയതായി കുറ്റപത്രത്തില്‍ പറയുന്നു. ഇവിടെവച്ച് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം ജോപ്പനെ പരിചയപ്പെടുത്തി. സരിതയുടെയും ബിജുവിന്റെയും ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച്, സോളാര്‍ പാനല്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ജോപ്പന്‍ ശ്രീധരന്‍ നായരെ പ്രോത്സാഹിപ്പിച്ചു. ജോപ്പന്‍ ഉപഹാരവും കൈപ്പറ്റിയെന്നും പറയുന്നു.
മുഖ്യമന്ത്രിയെ കാണാന്‍ സരിതയും ശ്രീധരന്‍ നായരും എത്തിയതിനെക്കുറിച്ച് സെക്രട്ടറിയറ്റ് ഗേറ്റിലെ സെക്യൂരിറ്റി ജീവനക്കാരോട് അന്വേഷിച്ചതായി കുറ്റപത്രത്തിലില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച വിവരവുമില്ല. 39 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരി ഷീജാദാസ്, കന്റോണ്‍മെന്റ് വനിത പൊലീസ് സ്റ്റേഷനിലെ നസീന ബീഗം എന്നിവര്‍ സാക്ഷികളാണ്. സരിതയുടെയും ബിജുവിന്റെയും ക്രിമിനല്‍ പശ്ചാത്തലം ജോപ്പനോട് പറഞ്ഞുവെന്നും ഈ വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ ജോപ്പന്‍ ആവശ്യപ്പെട്ടെന്നും നസീന ബീഗത്തിന്റെ മൊഴിയിലുണ്ട്. അനര്‍ട്ടിലെ മൂന്ന് ഉദ്യോഗസ്ഥര്‍ സാക്ഷിപ്പട്ടികയിലുണ്ട്. റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഡോണി തോമസ് വര്‍ഗീസും പട്ടികയില്‍പ്പെടുന്നു. സരിത ഒന്നാം പ്രതിയും ബിജുരാധാകൃഷ്ണന്‍, ജോപ്പന്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളുമായ കുറ്റപത്രത്തില്‍ വഞ്ചന, ആള്‍മാറാട്ടം, തെളിവുനശിപ്പിക്കല്‍ എന്നിവ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
(സി കെ അനൂപ്)
ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയിലെ പരാമര്‍ശം കുറ്റപത്രത്തിലില്ല
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ കുറ്റപത്രത്തില്‍ ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയിലെ പരാമര്‍ശം അന്വേഷണ സംഘം മറച്ചുവെച്ചു. ശ്രീധരന്‍ നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ സരിതയ്ക്കും ടെന്നി ജോപ്പനുമൊപ്പം താന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹത്തെ കണ്ടതായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇക്കാര്യമില്ല.
പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുഖ്യമന്ത്രിക്കെതിരേ യാതൊരു പരാമര്‍ശവുമില്ല. പ്രതികള്‍ ഗൂഢാലോചന നടത്തിയതായി സൂചനയില്ലെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ ശ്രീധരന്‍ നായരും ജോപ്പനുമായി കൂടിക്കാഴ്ച നടത്തിയതായും പറയുന്നുണ്ട്. അറിഞ്ഞുകൊണ്ട് പ്രതികള്‍ ശ്രീധരന്‍ നായരെ കബളിപ്പിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. വഞ്ചന, ആള്‍മാറാട്ടം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ മാത്രമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ശ്രീധരന്‍ നായര്‍ കോടതിക്കു നല്‍കിയ രഹസ്യമൊഴി കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
deshabhimani
No comments:
Post a Comment