Wednesday, October 30, 2013

ഉമ്മന്‍ചാണ്ടിയുടെ സഹതാപനാടകം ജനങ്ങള്‍ തിരിച്ചറിയും: പിണറായി

സമൂഹത്തില്‍നിന്ന് പൂര്‍ണമായി ഒറ്റപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഹതാപം നേടിയെടുക്കാന്‍ നടത്തുന്ന നാടകം ജനങ്ങള്‍ തിരിച്ചറിയുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം സംസ്ഥാന പ്ലീനത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം പാലക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. കണ്ണൂരിലെ സംഭവത്തെക്കുറിച്ച് ഉമ്മന്‍ചാണ്ടിയും മന്ത്രി കെ സി ജോസഫും നടത്തുന്ന വിചിത്രമായ വിശദീകരണങ്ങള്‍ പരമ മണ്ടന്മാര്‍മാത്രമേ വിശ്വസിക്കു. കാറിന്റെ ഒരുവശത്തെ ചില്ല് തകര്‍ത്ത് ഉമ്മന്‍ചാണ്ടിയുടെ നെഞ്ചില്‍ പതിച്ച കല്ല് മറുവശത്തെ ചില്ലുംതകര്‍ത്ത് പുറത്തേക്കു പോയെന്ന പച്ചക്കള്ളമാണ് സംസ്ഥാനത്തെ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പറയുന്നത്.

ഉമ്മന്‍ചാണ്ടിയുടെ തൊലിക്കട്ടി സംബന്ധിച്ച് എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. എന്നാല്‍, നെഞ്ചില്‍ ലോഹക്കൂടുണ്ടെന്നു മനസ്സിലാക്കിയത് ഇപ്പോഴാണ്. സംഭവത്തില്‍ ദുരൂഹതയുണ്ട്. കരിങ്കൊടി കാണിക്കാന്‍ സമരവളണ്ടിയര്‍മാര്‍ അണിനിരന്ന കേന്ദ്രങ്ങളില്‍നിന്നല്ല കല്ലേറുണ്ടായത്. പ്രക്ഷോഭം നടക്കുന്ന സ്ഥലത്തേക്കു വരുമ്പോള്‍ ഗണ്‍മാനെ വാഹനത്തിന്റെ പിന്‍സീറ്റിലേക്കു മാറ്റിയത് ഗൗരവമായി പരിശോധിക്കണം. മുഖ്യമന്ത്രിക്ക് പരിക്കേറ്റതിന്റെ ഉത്തരവാദിത്തം പൊലീസിനാണെന്ന് ആദ്യഘട്ടത്തില്‍ത്തന്നെ പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണ്. പ്രതിപക്ഷം ഉന്നയിക്കുന്നതിനുമുമ്പേ അത്തരത്തിലുള്ള കുറ്റപ്പെടുത്തല്‍ സുധാകരന്‍ നടത്തിയതിന്റെ കാരണം എന്താണ്. ആരാണ് ഇത് നടത്തിയതെന്ന് പൊലീസിന് അറിയാം. സംഭവം നടന്ന സമയത്ത് ഉമ്മന്‍ചാണ്ടിക്ക് ഒരു ക്ഷീണവും ഉണ്ടായിട്ടില്ല. നെറ്റിയില്‍ ചെറിയ രണ്ടു പാടുകള്‍ മാത്രമാണ് കണ്ടത്. പങ്കെടുത്ത രണ്ടു യോഗങ്ങളിലും വിശദമായിത്തന്നെ സംസാരിച്ചു. നെഞ്ചിന്റെ കഥയൊന്നും ഉന്നയിച്ചിട്ടേയില്ല. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയെ കാണാന്‍ തനിക്കും കോടിയേരി ബാലകൃഷ്ണനും അനുമതി നിഷേധിച്ചതില്‍ ദുരുദ്ദേശ്യമില്ലേ. മുഖ്യമന്ത്രിയെ ആക്രമിക്കുകയെന്നത് ഞങ്ങളുടെ അജന്‍ഡയിലില്ല. മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. നിശിതമായ വിമര്‍ശനം തുടരുക തന്നെ ചെയ്യും.

എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം നടന്നപ്പോള്‍ അക്രമം ഉണ്ടാകുമെന്ന് സമൂഹമാകെ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍, തങ്ങള്‍ തീരുമാനിക്കുന്നതുമാത്രമേ വളണ്ടിയര്‍മാര്‍ ചെയ്യു എന്ന് അന്നു ബോധ്യപ്പെട്ടതാണ്. സംഭവത്തിന്റെ പേരില്‍ സിപിഐ എമ്മിനെ വേട്ടയാടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കണ്ണൂരിലെ ഓരോ പൊലീസ് സ്റ്റേഷന്‍പരിധിയില്‍ നിന്നും അമ്പതോളം സിപിഐ എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. കരിങ്കൊടി സമരത്തില്‍ പങ്കെടുക്കാത്തവരെപ്പോലും കസ്റ്റഡിയിലെടുക്കുന്ന സ്ഥിതിയാണ്. എന്നാല്‍, ഈ സംഭവംവച്ച് സിപിഐ എമ്മിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട. ഇതിനുമുമ്പും ഇത്തരത്തിലുള്ള ശ്രമം നടന്നിട്ടുണ്ട്. ജനങ്ങളുടെ പിന്തുണ ആര്‍ജിച്ചെടുത്താണ് ഇതിനെ അതിജീവിച്ചിട്ടുള്ളത്. തട്ടിപ്പുകാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി തന്റെ അധികാരം സ്വാര്‍ഥകാര്യത്തിനാണ് ഉപയോഗിച്ചത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രഹസ്യമൊഴി ഇപ്പോള്‍ പുറത്തായി. ഉമ്മന്‍ചാണ്ടി മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത് ഓരോന്നായി പുറത്തുവരികയാണെന്നും പിണറായി പറഞ്ഞു.

സിപിഐ എം സംസ്ഥാന പ്ലീനം ചരിത്രവിജയമാക്കാന്‍ അണിനിരക്കുക

പാലക്കാട്: സിപിഐ എം സംസ്ഥാന പ്ലീനം ചരിത്രവിജയമാക്കാന്‍ ജില്ലയിലെ പാര്‍ടിപ്രവര്‍ത്തകരും ബഹുജനങ്ങളും അണിനിരക്കണമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ എംഎല്‍എ പറഞ്ഞു. ചുരുങ്ങിയ കാലയളവില്‍ വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്ലീനത്തിന്റെ സംഘാടകസമിതി രൂപീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടായിരംപേരടങ്ങുന്ന സംഘാടകസമിതിയാണ് രൂപീകരിച്ചത്. 27 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. എ കെ ബാലന്‍ എംഎല്‍എ, ടി ശിവദാസമേനോന്‍, സി കെ രാജേന്ദ്രന്‍, എം ചന്ദ്രന്‍ എംഎല്‍എ, പി ഉണ്ണി, സി ടി കൃഷ്ണന്‍, എം ബി രാജേഷ് എംപി, പി കെ ബിജു എംപി, പി കെ സുധാകരന്‍, പി കെ ശശി, എ പ്രഭാകരന്‍, ടി കെ നാരായണദാസ്, പി മമ്മിക്കുട്ടി, ടി എന്‍ കണ്ടമുത്തന്‍, ആര്‍ ചിന്നക്കുട്ടന്‍, എം ഹംസ, ഗിരിജ സുരേന്ദ്രന്‍, എന്‍ എന്‍ കൃഷ്ണദാസ്, എം നാരായണന്‍, ടി ആര്‍ അജയന്‍, കെ കെ ദിവാകരന്‍, വി കാര്‍ത്തികേയന്‍, കെ വി വിജയദാസ്, എസ് സുഭാഷ് ചന്ദ്രബോസ്, എം എസ് സ്കറിയ, ഡി സദാശിവന്‍, വി കെ ജയപ്രകാശ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍. ഏഴ് സബ്കമ്മിറ്റികളെയും തെരഞ്ഞെടുത്തു. ഭക്ഷണം: പി ഉണ്ണി(ചെയര്‍മാന്‍), പി കെ സുധാകരന്‍(കണ്‍വീനര്‍), താമസം: എം ചന്ദ്രന്‍(ചെയര്‍മാന്‍), എം നാരായണന്‍(കണ്‍വീനര്‍), പ്രചാരണം: എ പ്രഭാകരന്‍(ചെയര്‍മാന്‍), എന്‍ എന്‍ കൃഷ്ണദാസ്(കണ്‍വീനര്‍), സ്റ്റേജ്: പി കെ ശശി(ചെയര്‍മാന്‍), ടി ആര്‍ അജയന്‍(കണ്‍വീനര്‍), റിസപ്ഷന്‍: ആര്‍ ചിന്നക്കുട്ടന്‍(ചെയര്‍മാന്‍), ടി എന്‍ കണ്ടമുത്തന്‍(കണ്‍വീനര്‍), വളണ്ടിയര്‍: പി മമ്മിക്കുട്ടി(ചെയര്‍മാന്‍), എം ഹംസ(കണ്‍വീനര്‍), കലാþസാംസ്കാരികം: എം ബി രാജേഷ്(ചെയര്‍മാന്‍), ടി കെ നാരായണദാസ്(കണ്‍വീനര്‍).

deshabhimani

No comments:

Post a Comment