Sunday, October 27, 2013

വിലക്ക് ലംഘിച്ച് സൗദിസ്ത്രീകള്‍ കാറോടിച്ചു

സൗദിഅറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള വിലക്കിനെതിരെ സൗദിസ്ത്രീകളുടെ സമരത്തിന് തുടക്കമായി. വിലക്ക് ലംഘിച്ച് നിരത്തില്‍ കാറോടിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ പ്രക്ഷോഭകര്‍ സാമൂഹികവെബ്സൈറ്റുകളില്‍ ശനിയാഴ്ച അപ്ലോഡ് ചെയ്തു. റിയാദിലെ നിരത്തിലൂടെ കാറോടിക്കുന്ന മേ അല്‍ സാവന്‍ എന്ന യുവതിയുടെ നാലുമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യമാണ് അറബിക് യു ട്യൂബില്‍ ഇട്ടത്. പൊലീസിന്റെയും അധികൃതരുടെയും മുന്നറിയിപ്പ് അവഗണിച്ച് നാലു സ്ത്രീകളെങ്കിലും വാഹനവുമായി നിരത്തിലിറങ്ങിയെന്നും ആരും തടഞ്ഞില്ലെന്നും അല്‍ സാവന്‍ പറഞ്ഞു.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് നിയമപ്രകാരം സൗദിയില്‍ വിലക്കിയിട്ടില്ല. എന്നാല്‍, സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള ലൈസന്‍സ് അനുവദിക്കാറില്ല. സൗദി രാജഭരണത്തില്‍ നിര്‍ണായകസ്വാധീനമുള്ള പുരോഹിതവൃന്ദമാണ് വിലക്കിനുപിന്നില്‍. സ്ത്രീകള്‍ സ്വന്തമായി വാഹനം ഓടിക്കാന്‍ തുടങ്ങിയാല്‍ തന്നിഷ്ടം വളരുമെന്നാണ് പുരോഹിതരുടെ നിലപാട്. മറ്റ് രാജ്യങ്ങളില്‍നിന്ന് ഡ്രൈവിങ് ലൈസന്‍സ് നേടിയ സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനും വിലക്കുണ്ട്. ശനിയാഴ്ച പരസ്യമായി വിലക്ക് ലംഘിക്കുമെന്ന് സൗദിസ്ത്രീകളുടെ സംഘടന നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1995ലാണ് വിലക്കിനെതിരെ സ്ത്രീകള്‍ ആദ്യമായി സൗദിയില്‍ കാറോടിച്ചത്. അന്ന് കാറോടിച്ച അമ്പത് സ്ത്രീകളെ ഒരു ദിവസത്തേക്ക് ജയിലില്‍ അടച്ചു. ഇവര്‍ക്ക് ജോലി നഷ്ടമാകുകയും പാസ്പോര്‍ട്ട് പിടിച്ചെടുക്കുകയും ചെയ്തു. 2011ലും സമാനമായ പ്രക്ഷോഭം സൗദി സ്ത്രീകള്‍ നടത്തി.

deshabhimani

No comments:

Post a Comment