Sunday, October 27, 2013

ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ വികസിത രാഷ്ട്രങ്ങള്‍ പിന്നോക്കം പോകുന്നു

കാലാവസ്ഥ വ്യതിയാനത്തിനിടയാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുന്നതില്‍ സമ്പന്നരാഷ്ട്രങ്ങള്‍ പിന്നില്‍. 2001 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ മൂന്നുശതമാനം മാത്രമായിരിക്കും ഈ രാജ്യങ്ങളുടെ പുറന്തള്ളലില്‍ കുറവുവരുകയെന്ന് യു എന്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 1990 നും 2011 നും ഇടയില്‍ കുറഞ്ഞതിന്റെ മൂന്നിലൊന്ന് മാത്രമായിരിക്കും ഇത്.
2020 ആകുമ്പോഴേക്കും ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലില്‍ ഇന്നത്തെ നിലയില്‍ എത്രത്തോളം കുറവുണ്ടാകുമെന്ന് വിലയിരുത്താന്‍ വേണ്ടി ചേര്‍ന്ന യു എന്‍ എഫ് സി സി സി (യു എന്‍ ഫ്രെയിംവര്‍ക്ക് കണ്‍വന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) സെക്രട്ടേറിയറ്റാണ് സമ്പന്നരാജ്യങ്ങളുടെ മെല്ലെപ്പോക്ക് കണ്ടെത്തിയത്. 1990 ലെ നിലവാരത്തിനെ അപേക്ഷിച്ച് എല്ലാ രാഷ്ട്രങ്ങളും കൂടി 13-19 ശതമാനം മാത്രമായിരിക്കും കുറവ് വരുത്തുകയെന്നാണ് വിലയിരുത്തല്‍. 2020 ആകുമ്പോഴേക്കും വികസിത രാഷ്ട്രങ്ങള്‍ 25-40 ശതമാനം കുറവ് വരുത്തണമെന്നായിരുന്നു പ്രഖ്യാപിതലക്ഷ്യം. വ്യവസായവല്‍കൃതയുഗത്തിനു മുമ്പുണ്ടായിരുന്ന നിലയില്‍ നിന്നും അന്തരീക്ഷതാപം രണ്ടുഡിഗ്രി സെല്‍ഷ്യസില്‍ കൂടാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താപനില വര്‍ധിപ്പിക്കാനിടയാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറച്ചുകൊണ്ടുവരുന്നതിനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചത്. രണ്ട് ഡിഗ്രി സെല്‍ഷ്യസിലധികം താപനില വര്‍ധിച്ചാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും കാലാവസ്ഥയിലുണ്ടാക്കുക.

വികസിത രാഷ്ട്രങ്ങള്‍ അവരുടെ ലക്ഷ്യത്തിന്റെ ഏറ്റവും താഴ്ന്നനിലവാരം മാത്രമായിരിക്കും കൈവരിക്കുക. വികസ്വര രാഷ്ട്രങ്ങളാണ് കൂടുതല്‍ കുറവ് വരുത്തേണ്ടതെന്നാണ് അവരുടെ നിലപാട്.
ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന യൂറോപ്യന്‍ യൂണിയന്‍ 2020 ലേക്ക് വളരെ താഴ്ന്ന ലക്ഷ്യമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതില്‍ ഏറെയും അവര്‍ ഇതിനകം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. 1990 ലെ നിലവാരത്തില്‍ നിന്നും 20 ശതമാനം കുറയ്ക്കുമെന്നായിരുന്നു അവരുടെ പ്രഖ്യാപനം. 2011 ആയപ്പോള്‍തന്നെ 18 ശതമാനം കുറവ് കൈവരിച്ചുകഴിഞ്ഞിരുന്നു.

ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന യു എസ് 1990 നും 2011 നുമിടയില്‍ 8 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ക്യോട്ടോപ്രഖ്യാപനത്തില്‍ യു എസ് ഒപ്പുവച്ചിരുന്നില്ല. ഇപ്പോള്‍ 2020 ആകുമ്പോഴേക്കും 5 ശതമാനം കുറവ് വരുത്താമെന്ന് യു എസ് സമ്മതിച്ചിട്ടുണ്ട്.

കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ തടയുന്നതിന് 2020 ആകുമ്പോഴേക്കും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകങ്ങളുടെ അന്തരീക്ഷത്തിലേക്കുള്ള പുറന്തള്ളല്‍ പരമാവധി കുറച്ചുകൊണ്ടുവരികയെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് യു എന്‍ എഫ് സി സി സി തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ 2020 നു ശേഷമുള്ള കാലഘട്ടത്തിന്റെ ലക്ഷ്യം 2015 ആകുമ്പോഴേക്കും തീരുമാനിക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. 2020 നു ശേഷമുള്ള കാലഘട്ടത്തിലെ കാര്യങ്ങള്‍ അതിനുമുമ്പ് തീരുമാനിക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് യു എസ് സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയും ചൈനയും കൂടുതല്‍ കുറവ് വരുത്തണമെന്ന ആവശ്യമാണ് യൂറോപ്യന്‍ യൂണിയന്‍ ഉന്നയിച്ചിട്ടുള്ളത്.

janayugom

No comments:

Post a Comment