നട്ടുച്ചവെയിലില്‍നിന്ന് "ഇലച്ചാര്‍ത്തി"നരികിലേക്ക് എം ടി കയറിനിന്നു. ആ ശീതളഛായയില്‍ കവിതയുടെ ഇളംകാറ്റുപോലെ ശാലീനമായ ഒരു പുഞ്ചിരിയെത്തി. ഭക്ഷണത്തിനായി ആതിഥേയ ക്ഷണിച്ചപ്പോള്‍ ഒരാസ്വാദകന്‍ മാത്രമായി മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍. മനസ്സ് നിറഞ്ഞ് ഉണ്ടപ്പോള്‍ മലയാള കവിതയ്ക്ക് പുതിയ രുചിക്കൂട്ട് തീര്‍ത്ത കവയിത്രിയുടെ കൈപ്പുണ്യവും അദ്ദേഹം അറിഞ്ഞു.
തലസ്ഥാനനഗരിയില്‍ നാടന്‍ഭക്ഷണശാല നടത്തുന്ന കവയിത്രി ശാലിനി ദേവാനന്ദിന്റെ ഉടന്‍ പുറത്തിറങ്ങുന്ന കവിതാസമാഹാരം "അക്ഷരത്തുട്ടുകള്‍"ക്ക് അവതാരിക എഴുതിയത് എം ടിയാണ്. ശ്രീചിത്തിരതിരുനാള്‍ ദേശീയ പുരസ്കാരം ഏറ്റുവാങ്ങാന്‍ ഇവിടെയെത്തിയ എം ടി നാട്ടിലേക്ക് മടങ്ങുന്നതിനുമുമ്പ് കവയിത്രിയെ നേരിട്ട് കാണാനെത്തിയതായിരുന്നു. ശാലിനിയുടെ ആദ്യ കാവ്യസമാഹാരമാണ് "ഇലച്ചാര്‍ത്ത്". ഇതേ പേരിലുള്ള വീടിനോടു ചേര്‍ന്നാണ് ഭക്ഷണശാല. എം ടി എത്തുമെന്ന് അറിയിച്ചിരുന്നതിനാല്‍ വിഭവസമൃദ്ധ സദ്യ ഒരുക്കി. ചൊവ്വാഴ്ച പകല്‍ ഒന്നോടെ റിസര്‍വ്ബാങ്കിനടുത്ത് പാരീസ് റോഡിലെ വീടിനുമുന്നില്‍ എം ടി വന്നിറങ്ങി. സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രനും ഈ സമയം ഊണുകഴിക്കാനെത്തിയിരുന്നു. ഭക്ഷണംകഴിഞ്ഞ് "ഇലച്ചാര്‍ത്തില്‍" അല്‍പ്പനേരം വിശ്രമിച്ചാണ് എം ടി മടങ്ങിയത്.
ശാലിനിയുടെ ആദ്യസമാഹാരത്തിന് ഒ എന്‍ വിയും രണ്ടാമത്തെ സമാഹാരം "മഴനാരുകള്‍"ക്ക് സുഗതകുമാരിയുമാണ് അവതാരിക എഴുതിയത്. രണ്ടു സമാഹാരങ്ങള്‍ക്കും നല്ല സ്വീകാര്യത ലഭിച്ചു. ജോലിത്തിരക്കിനിടയിലും കവിതയെ മുറുകെപ്പിടിക്കുന്ന ശാലിനിയുടെ പുതിയ സമാഹാരത്തില്‍ 50 കവിതയുണ്ട്. "അക്ഷരത്തുട്ടുകളുടെ" അവതാരികയില്‍ എം ടി കുറിച്ചിട്ടതിങ്ങനെയാണ്. ""കരിയും പുകയും അധ്വാനവും എനിക്ക് സങ്കല്‍പ്പിക്കാനാവുന്നുണ്ട്. അതിനിടയ്ക്ക് മുളച്ചുപൊട്ടുന്ന കവിതകളെ അവര്‍ തടമെടുത്ത് നനച്ച് ലാളിച്ചു വളര്‍ത്തുന്നു"". സങ്കല്‍പ്പിച്ചറിഞ്ഞ കവയിത്രിയുടെ കൈപ്പുണ്യം നേരിട്ടറിഞ്ഞതിന്റെ സന്തോഷം സ്നേഹനിര്‍ഭരമായ അഭിനന്ദനത്തിലൂടെ എം ടി പങ്കുവച്ചു. വെറുമൊരു കവിതാക്കമ്പത്തില്‍ ഒതുക്കിനിര്‍ത്താനാകില്ല ശാലിനിയുടെ കവിതകളെന്ന് അവതാരികയില്‍ നിരീക്ഷണം നടത്തിയിട്ടുണ്ട്. ജീവിതത്തെക്കുറിച്ച് ശാലിനിക്ക് ചിലത് പറയാനുണ്ടെന്നു മനസ്സിലാക്കിയപ്പോഴാണ് അവതാരിക എഴുതാന്‍ തീരുമാനിച്ചതെന്നും എം ടി വ്യക്തമാക്കുന്നു. ദേവാനന്ദാണ് ശാലിനിയുടെ ഭര്‍ത്താവ്. ഗ്രീഷ്മ, ഗൗരി എന്നിവര്‍ മക്കള്‍.
(വി ഡി ശ്യാംകുമാര്‍)
deshabhimani
No comments:
Post a Comment