പുതുപ്പള്ളി: കോണ്‍ഗ്രസുകാരായ പ്രതികള്‍ കുടുങ്ങുമെന്നായപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിന് കല്ലെറിഞ്ഞ കേസിന്റെ അന്വേഷണം മരവിപ്പിച്ചു. സിപിഐ എം - ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്നായിരുന്നു ആരോപണം. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ ഓഫീസ് കാര്യങ്ങള്‍ നോക്കുന്ന പ്രധാനിയാണ് കല്ലേറ് ആസൂത്രണം ചെയ്തതെന്നും 10 ഓളം കോണ്‍ഗ്രസുകാര്‍ കൂട്ടുപ്രതികളാണെന്നുമാണ് പൊലീസ് കണ്ടെത്തിയത്.
ഓര്‍ത്തഡോക്സ്, യാക്കോബായ സഭാതര്‍ക്കത്തില്‍ സത്യഗ്രഹമനുഷ്ഠിച്ച കാതോലിക്കാബാവായുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ മാതൃഇടവകയിലെ വിശ്വാസികള്‍ പുതുപ്പള്ളിയിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഓര്‍ത്തഡോക്സ് സഭാവിശ്വാസികള്‍ ഒന്നടങ്കം എതിരായപ്പോള്‍ സഹതാപം സൃഷ്ടിക്കാനായിട്ടാണ് കല്ലേറ് നടത്തിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനോട് ചോദ്യംചെയ്യലില്‍ സമ്മതിക്കുകയും ചെയ്തിരുന്നു. 2011 ഒക്ടോബര്‍ 19ന് രാത്രി എട്ടുമണിയോടെയാണ് കല്ലേറ് ഉണ്ടായത്. പോര്‍ച്ചില്‍ കിടന്നിരുന്ന കാറിന്റെ പിന്‍വശത്തെ ചില്ലുതകര്‍ത്തു. വീടിന്റെ മുന്‍വശത്തെ ഭിത്തിയിലും കല്ലുകള്‍ പതിച്ചിരുന്നു. സംഭവം നടന്ന ഉടന്‍ സ്ഥലത്തെത്തിയ മന്ത്രി കെ സി ജോസഫ് ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും മുമ്പില്‍ സിപിഐ എം - ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് കല്ലേറിന് പിന്നിലെന്ന് ആരോപിച്ചിരുന്നു.
അന്നത്തെ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി എന്‍ എം തോമസിനായിരുന്നു അന്വേഷണ ചുമതല. ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുവന്ന പൊലീസ് നായ അങ്ങാടി ഭാഗത്തെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജോജി മൈലക്കാട്ട്, ജയിസണ്‍, വര്‍ഗീസ് ജെ, കുഞ്ഞ് തലപ്പാടി സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനിലെ നാലു കെഎസ്യു വിദ്യാര്‍ഥികള്‍ എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവം നടന്ന സമയത്ത് മുഖ്യമന്ത്രിയുടെ വീടിന് സമീപം ഉള്ള മൊബൈല്‍ ടവറില്‍ രേഖപ്പെടുത്തിയ മൊബൈല്‍ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചതില്‍ നിന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചോദ്യം ചെയ്തത്. പുതുപ്പള്ളി വീട്ടിലെ കാര്യങ്ങള്‍ നോക്കുന്ന പ്രധാനി നാഗമ്പടത്തെ ഹോട്ടലില്‍ ഇരുന്ന് മൊബൈലില്‍ കല്ലെറിയാന്‍ നിര്‍ദേശം നല്‍കിയതും പൊലീസ് കണ്ടെത്തിയിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യേണ്ട സാഹചര്യം നാട്ടകം ഗസ്റ്റ് ഹൗസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉമ്മന്‍ചാണ്ടിയെ തെളിവുകള്‍ സഹിതം അറിയിച്ചു. ഇതോടെ അന്വേഷണം മരവിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ദേശിക്കുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ ചോദിക്കാന്‍ ദേശാഭിമാനി വീണ്ടും ശ്രമിച്ചിരുന്നു. അന്വേഷണം നടത്തിയിരുന്ന ഡിവൈഎസ്പി രാധാകൃഷ്ണപിള്ള ഇപ്പോള്‍ കോട്ടയത്ത് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ്. കേസന്വേഷണം എന്തായി എന്ന ചോദ്യത്തിന് അന്വേഷണച്ചുമതല ഡിവൈഎസ്പി എന്‍ എം തോമസിനാണെന്നായിരുന്നു രാധാകൃഷ്ണപിള്ളയുടെ മറുപടി. ഇക്കാര്യം അദ്ദേഹത്തിനോട് ചോദിക്കണമെന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു. എന്നാല്‍ എന്‍ എം തോമസ് ഏതാനും മാസം മുമ്പ് മരിച്ചു. എസ്പി ആയിരുന്ന രാജഗോപാലും സര്‍വീസില്‍ നിന്ന് വിരമിച്ചു.
(വി എം പ്രദീപ്)
deshabhimani
No comments:
Post a Comment