Wednesday, October 30, 2013

മതനിരപേക്ഷ കണ്‍വന്‍ഷന് 14 പാര്‍ടികള്‍

വര്‍ഗീയതയ്ക്കെതിരെ ജനങ്ങളുടെ ഐക്യം എന്ന മുദ്രാവാക്യമുയര്‍ത്തി 30ന് ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന മതനിരപേക്ഷ ദേശീയ കണ്‍വന്‍ഷനില്‍ 14 പാര്‍ടികളുടെ പ്രതിനിധികള്‍ പങ്കെടുക്കും. ഈയിടെ രൂപംകൊണ്ട വടക്കുകിഴക്കന്‍ പ്രാദേശിക രാഷ്ട്രീയമുന്നണിക്ക് (എന്‍ഇആര്‍പിഎഫ്) നേതൃത്വം നല്‍കുന്ന അസം ഗണപരിഷത്ത് കണ്‍വന്‍ഷന് എത്തുമെന്ന് ഉറപ്പുനല്‍കി. അസം മുന്‍ മുഖ്യമന്ത്രി പ്രഫുല്ലകുമാര്‍ മഹന്തയായിരിക്കും എജിപിയെ പ്രതിനിധാനംചെയ്ത് കണ്‍വന്‍ഷനില്‍ പങ്കെടുക്കുക. ഇതോടെ വടക്കുകിഴക്കന്‍ മേഖലയിലെ പുതിയ മുന്നണി മതനിരപേക്ഷ കൂട്ടായ്മയിലുണ്ടാകുമെന്ന് തീര്‍ച്ചയായി.

യുപിഎ ഘടകകക്ഷിയായ എന്‍സിപി കണ്‍വന്‍ഷനിലെത്തും. മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ഡി പി ത്രിപാഠി പ്രസംഗിക്കും. നാല് ഇടതുപക്ഷപാര്‍ടികള്‍ക്കുപുറമേ സമാജ്വാദി പാര്‍ടി, ജെഡിയു, ജെഡിഎസ്, എഐഎഡിഎംകെ, ബിജു ജനതാദള്‍, റിപ്പബ്ലിക്കന്‍ പാര്‍ടി ഓഫ് ഇന്ത്യാ, പഞ്ചാബ് പീപ്പിള്‍സ് പാര്‍ടി, ജാര്‍ഖണ്ഡ് വികാസ്മഞ്ച് എന്നീ പാര്‍ടികളും പങ്കാളികളാകും. എസ്പി നേതാവ് മുലായംസിങ് യാദവ് കണ്‍വന്‍ഷനെത്തും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ എത്തുമോയെന്നത് തീര്‍ച്ചയായിട്ടില്ല. ജെഡിയു അധ്യക്ഷന്‍ ശരത്യാദവ് കണ്‍വന്‍ഷന്റെ സംഘാടകസമിതി അംഗമാണ്. എഐഎഡിഎംകെയെ പ്രതിനിധാനംചെയ്ത് ലോക്സഭാ നേതാവ് എം തമ്പിദുരൈയും ബിജെഡിയെ പ്രതിനിധാനംചെയ്ത് പാര്‍ലമെന്ററി പാര്‍ടി നേതാവ് അര്‍ജുന്‍ സേഠിയും സംബന്ധിക്കും. ആര്‍പിഐ നേതാവും ബി ആര്‍ അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കര്‍, ജാര്‍ഖണ്ഡ് വികാസ്മഞ്ച് നേതാവ് ബാബുലാല്‍ മറാണ്ടി, പഞ്ചാബ് പീപ്പിള്‍സ് പാര്‍ടി നേതാവ് മന്‍പ്രീത് സിങ് ബാദല്‍ എന്നിവരും കണ്‍വന്‍ഷനെത്തും. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍റെഡ്ഡി എന്നിവര്‍ സംസാരിക്കും.

ഡല്‍ഹിയിലെ താല്‍ക്കത്തോറ സ്റ്റേഡിയമാണ് ഇതിനോടകം ദേശീയശ്രദ്ധ പിടിച്ചുപറ്റിയ കണ്‍വന്‍ഷന്റെ വേദി. യു ആര്‍ അനന്തമൂര്‍ത്തി, ശ്യാം ബെനഗല്‍, മല്ലിക സാരാഭായ്, സീതാറാം യെച്ചൂരി, രാംഗോപാല്‍ യാദവ്, കെ സി ത്യാഗി, അമര്‍ജീത് കൗര്‍ എന്നിവരുള്‍പ്പെട്ടതാണ് സംഘാടകസമിതി. പരിപാടികള്‍ അന്തിമമായി തീരുമാനിക്കാന്‍ ചൊവ്വാഴ്ച വൈകിട്ട് സമിതി യോഗം ചേരും. മൂന്നാംമുന്നണി രൂപീകരണമല്ല ലക്ഷ്യമെന്ന് സംഘാടകസമിതി വ്യക്തമാക്കി. രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ ഊര്‍ജിതമാകുന്ന ഘട്ടത്തില്‍ മതനിരപേക്ഷ ശക്തികളുടെ പ്രതിരോധനിര പടുത്തുയര്‍ത്തുകയാണ് ലക്ഷ്യം. രാജ്യമൊട്ടുക്ക് വര്‍ഗീയകലാപം ആളിപ്പടര്‍ത്താന്‍ ആസൂത്രിത ശ്രമങ്ങളുണ്ട്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പാണ് സംഘപരിവാര്‍ലക്ഷ്യം. ഇതിനെ പ്രതിരോധിക്കാനുള്ള മതനിരപേക്ഷശക്തികളുടെ യോജിപ്പിനും കണ്‍വന്‍ഷന്‍ വഴിയൊരുക്കും.

deshabhimani

No comments:

Post a Comment