Monday, October 28, 2013

കോണ്‍ഗ്രസ് ക്രിമിനലുകള്‍ അഴിഞ്ഞാടി

തിരു: മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കല്ലേറുണ്ടായ സംഭവത്തിന്റെ മറവില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ ജില്ലയില്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. ഞായറാഴ്ച രാത്രി ജില്ലയുടെ വിവിധ ഭാഗത്ത് പാര്‍ടി ഓഫീസുകള്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടു. എല്‍ഡിഎഫിന്റെയും സിപിഐ എമ്മിന്റെയും പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഗുണ്ടകളുടെ പിന്തുണയോടെ വാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞ് വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് നിഷ്ക്രിയരായി. രാത്രി എട്ടരയോടെ എല്‍ഡിഎഫിന്റെ പാളയം രക്തസാക്ഷി മണ്ഡപത്തിലെ അനിശ്ചിതകാല പ്രക്ഷോഭത്തിന്റെ സമരപ്പന്തല്‍ കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിച്ചു. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നടത്തിയ അക്രമം തടയാന്‍ പൊലീസിന് കഴിഞ്ഞില്ല.

രാത്രി സെക്രട്ടറിയറ്റിന് മുന്നിലേക്ക് പ്രകടനം നടത്തിയ പ്രവര്‍ത്തകരാണ് തിരികെ വന്ന് സമരപ്പന്തല്‍ തകര്‍ത്തത്. സമരപ്പന്തലിലെ കൊടിതോരണങ്ങളും കസേരകളും അക്രമികള്‍ നശിപ്പിച്ചു. സ്റ്റാന്‍ഡിന് മുകളില്‍ വച്ചിരുന്ന സൗണ്ട്ബോക്സ് എടുത്ത് നിലത്തെറിഞ്ഞു. സമരപ്രചാരണ ബോര്‍ഡുകള്‍ കീറിയെറിഞ്ഞു. പന്തല്‍ പൊളിക്കാനുള്ള ശ്രമം കൂടുതല്‍ പൊലീസെത്തി തടഞ്ഞു. സംഭവത്തിനുശേഷം റോഡില്‍ വഴിതടഞ്ഞ് കോണ്‍ഗ്രസുകാര്‍ പരിഭ്രാന്തി പടര്‍ത്തി. ഇവിടെനിന്ന് പിരിഞ്ഞുപോയവര്‍ റോഡരികിലുള്ള പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. എഐവൈഎഫിന്റെ യുവജനറാലിയുടെ ബോര്‍ഡ് നശിപ്പിച്ചു. ഓള്‍സെയിന്റ്സ് ജങ്ഷനിലെ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുനേരെ കല്ലേറുണ്ടായി. ഓള്‍സെയിന്റ്സില്‍ സ്ഥാപിച്ചിരുന്ന ദേശാഭിമാനി പ്രചാരണ ബോര്‍ഡുകള്‍ യൂത്ത് കോണ്‍ഗ്രസ് അക്രമികള്‍ നശിപ്പിച്ചു.

കിളിമാനൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ചു

വെഞ്ഞാറമൂട്: കിളിമാനൂരില്‍ കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് സംഘത്തിന്റെ അക്രമം. സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിന്റെ ജനല്‍ചില്ലുകള്‍ കല്ലെറിഞ്ഞുതകര്‍ത്തു. കിളിമാനൂര്‍ ജങ്ഷനിലെയും സമീപപ്രദേശത്തെയും കൊടിതോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടിനാണ് അക്രമസംഭവം അരങ്ങേറിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകിട്ട് കിളിമാനൂര്‍ ജങ്ഷനില്‍ പ്രകടനവും ബഹുജനകൂട്ടായ്മയും നടക്കും.

മുഖ്യമന്ത്രിക്ക് കല്ലേറില്‍ പരിക്കേറ്റതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആരംഭിച്ച പ്രകടനമാണ് അക്രമാസക്തമായത്. പ്രകടനം പുതിയകാവില്‍നിന്ന് ആരംഭിച്ചതുമുതല്‍ അക്രമം തുടങ്ങിയിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിഹാബുദ്ദീന്‍, ജോണി, ജയക്കുട്ടന്‍, നിഷാദ്, സോണാല്‍ജ്, സഞ്ജു, ഗംഗാധരതിലകന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഏരിയകമ്മിറ്റി ഓഫീസിനുനേരെ അക്രമം നടന്നത്. ഒരു മണിക്കൂറോളം അക്രമിസംഘം കിളിമാനൂര്‍ ജങ്ഷനില്‍ അഴിഞ്ഞാടി. കിളിമാനൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അക്രമികള്‍ക്ക് ഒത്താശചെയ്യുകയാണ് ചെയ്തത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്നിട്ടും അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ എസ്ഐ തയ്യാറായില്ല. അക്രമത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് സംഘത്തെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐ എം കിളിമാനൂര്‍ ഏരിയ സെക്രട്ടറി അഡ്വ. മടവൂര്‍ അനില്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബോര്‍ഡുകളും പ്രചാരണ സാമഗ്രികളും അടിച്ചുതകര്‍ത്തു

നെടുമങ്ങാട്: പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് അക്രമിസംഘം നെടുമങ്ങാട് നഗരത്തില്‍ സിപിഐ എം, ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകള്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും പ്രചാരണ സാമഗ്രികളും അടിച്ചുതകര്‍ത്തു. പൊലീസ് സാന്നിധ്യത്തില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു അക്രമം. നെടുമങ്ങാട് ഗവണ്‍മെന്റ് കോളേജില്‍ തിങ്കളാഴ്ച നടക്കുന്ന യൂണിയന്‍ പ്രവര്‍ത്തനം ഉദ്ഘാടനത്തിനെത്തുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ച് വച്ചിരുന്ന മുഴുവന്‍ ബോര്‍ഡുകളും നശിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍ കെ ജെ ബിനു, ടി അര്‍ജുനന്‍, അരുണ്‍കുമാര്‍, ഹാഷിം, മുണ്ടേല ഷമീര്‍, സന്‍സീര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും യോഗവും ചേര്‍ന്നു. സിപിഐ എം ഏരിയകമ്മിറ്റിയംഗം കെ എ അസീസ് യോഗം ഉദ്ഘാടനം ചെയ്തു. പി എ ഷുക്കൂര്‍, സി സാബു, ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി കെ പി പ്രമോഷ്, കെ റഹീം, ബി സതീശന്‍, പുല്‍പ്പാറ കൃഷ്ണന്‍, അജിംഖാന്‍, കെ ഷാജഹാന്‍, എസ് ആര്‍ ഷൈന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു.

ആറാലുംമൂട്ടില്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്

നെയ്യാറ്റിന്‍കര: മുഖ്യമന്ത്രിക്ക് കല്ലേറുകൊണ്ട സംഭവത്തിന്റെ മറവില്‍ നാട്ടില്‍ അക്രമം. പ്രകടനമായെത്തിയ യുഡിഎഫ് അനുകൂലികള്‍ ആറാലുംമൂട്ടില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേര്‍ക്ക് കല്ലെറിഞ്ഞു. കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുകള്‍ പൊട്ടി. വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരുള്ള പ്രകടനം ആറാലുംമൂട് മുതല്‍ വഴിമുക്ക് വരെയുള്ള വഴിയിലെ കൊടിതോരണങ്ങളും മറ്റും നശിപ്പിച്ചു. നെയ്യാറ്റിന്‍കര ടൗണില്‍ സ്ഥാപിച്ചിരുന്ന സിപിഐ എമ്മിന്റെയും സിടിയുവിന്റെയും ബോര്‍ഡുകളും നശിപ്പിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി വി രാജേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സിപിഐ എം പ്രവര്‍ത്തകര്‍ക്ക് മര്‍ദനം

കാട്ടാക്കട: സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ മാറനല്ലൂരില്‍ കോണ്‍ഗ്രസ് ആക്രമണം. സിപിഐ എം മാറനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ സുരേഷ്കുമാര്‍, രാജേഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പ്രകടനമായെത്തിയ കോണ്‍ഗ്രസുകാരാണ് ഞായറാഴ്ച രാത്രി ഒമ്പതിന് ആക്രമണം നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടിമരവും പ്രചാരണബോര്‍ഡും നശിപ്പിച്ചു. ഇത് തടയാന്‍ ശ്രമിക്കവെയായിരുന്നു ആക്രമണം. മാറനല്ലൂര്‍ എസ്ഐ സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ച് കാട്ടാക്കട-ബാലരാമപുരം റോഡ് അരമണിക്കൂര്‍ ഉപരോധിച്ചു. പരിക്കേറ്റവരെ മാറനല്ലൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

deshabhimani

2 comments: