സംസ്ഥാന സര്‍ക്കാരിനായി സുപ്രീംകോടതിയില്‍ കേസ് നടത്തുന്നതിന്റെ മറവില്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്ന സംഘം. ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസിലടക്കം സംസ്ഥാന സര്‍ക്കാരിന് സംഭവിച്ച നിരവധി പാളിച്ചകളിലേക്ക് നയിച്ചത് ഈ സംഘത്തിന്റെ പ്രവര്‍ത്തനമാണ്. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായി ഡല്‍ഹിയിലുള്ള സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആണ് ഇടപാടുകളുടെ സൂത്രധാരന്‍. സര്‍ക്കാര്‍ കേസുകള്‍ സുപ്രീംകോടതിയില്‍ വരുമ്പോള്‍ ആര് ഹാജരാകണമെന്നതിന് ചിട്ടയായ സംവിധാനമില്ല. സ്റ്റാന്‍ഡിങ് കോണ്‍സല്‍മാരെ മാറ്റിനിര്‍ത്തി മറ്റ് അഭിഭാഷകരെ വച്ച് കേസ് വാദിക്കാനാണ് അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനടക്കം താല്‍പ്പര്യം. ഇതിന്റെ വക്താവായാണ് സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍മാരിലൊരാള്‍ പ്രവര്‍ത്തിക്കുന്നത്. എം ടി ജോര്‍ജ്, ബീന മാധവന്‍, ജോജി സ്കറിയ, ലിസ്, രമേഷ്ബാബു എന്നിവരെയാണ് യുഡിഎഫ് സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍മാരായി നിയമിച്ചത്. അവസാനത്തെയാളുടെ നിയമനം പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമായിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്റ്റാന്‍ഡിങ് കോണ്‍സല്‍മാര്‍ക്ക് കൃത്യമായി ചുമതലകള്‍ നിര്‍വഹിച്ചുകൊടുത്തിരുന്നു. അതനുസരിച്ച് ഓരോ കേസിനും നിശ്ചിത സ്റ്റാന്‍ഡിങ് കോണ്‍സലാണ് വാദിച്ചിരുന്നത്. ഇപ്പോഴാകട്ടെ കേസിന്റെ തലേന്നാണ് എജിയുടെ ഓഫീസില്‍നിന്ന് നിര്‍ദേശം വരുന്നത്. അവസാനനിമിഷം സ്റ്റാന്‍ഡിങ് കോണ്‍സല്‍മാരെ മാറ്റി പുറത്തുനിന്ന് അഭിഭാഷകരെ വയ്ക്കുന്നു. സീനിയര്‍ അഭിഭാഷകര്‍ ഹാജരാവാന്‍ ലക്ഷങ്ങള്‍ നല്‍കണം. ഇതില്‍നിന്ന് കമീഷനായി 30 ശതമാനം ലഭിക്കും. ഇതിന്റെ വിഹിതം കേരളത്തിലെ എജി ഓഫീസിലും ഡല്‍ഹിയിലെ ചില ഉന്നതരുടെ പോക്കറ്റിലുമെത്തുന്നു. സ്റ്റാന്‍ഡിങ് കോണ്‍സല്‍മാര്‍ ഹാജരായാല്‍ മതിയാവുന്ന കേസുകളിലും പുറത്തുനിന്ന് അഭിഭാഷകരെവച്ച് ലക്ഷങ്ങള്‍ ഫീസിനത്തില്‍ ചെലവഴിക്കുകയും കമീഷന്‍ കൈപ്പറ്റുകയും ചെയ്യുന്നു.
ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ അറ്റോണി ജനറല്‍ ജി ഇ വഹന്‍വതി കേസ് വാദിക്കാന്‍ എത്തിയത് അത്യപൂര്‍വമായ നടപടിയാണ്. പുറത്തുനിന്ന് അഭിഭാഷകരെ വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഡ്വാന്‍സ് നല്‍കുന്ന പതിവില്ല. എന്നാല്‍, ഇത് ലംഘിച്ച് അഞ്ച് ലക്ഷത്തിന്റെ ഡിഡി സെപ്തംബര്‍ 26ന് വഹന്‍വതിയുടെ ഓഫീസിലെത്തിച്ചു. പിറ്റേന്ന് അദ്ദേഹം ഹാജരാവുകയും ചെയ്തു. അറ്റോണി ജനറല്‍ മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ചാണ് ഡാറ്റാ സെന്റര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് കോടതിയില്‍ സ്വീകരിച്ചത്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം ടി ജോര്‍ജ് ഇതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരിന് പിന്നീട് കോടതിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന നിലപാടാണിതെന്നും സൂചിപ്പിച്ചു. എന്നാല്‍, എജിയുടെ ഓഫീസില്‍നിന്ന് വിളിച്ച് എം ടി ജോര്‍ജിന് താക്കീത് ചെയ്തു. റിലയന്‍സുമായി വളരെ അടുപ്പം പുലര്‍ത്തുന്നയാളാണ് ജി ഇ വഹന്‍വതിയെന്നതും ശ്രദ്ധേയമാണ്.
(വി ജയിന്‍)
deshabhimani
No comments:
Post a Comment