Thursday, October 31, 2013

"വര്‍ഗീയ വിരുദ്ധ കണ്‍വന്‍ഷന്‍ ഐക്യനിര പടുത്തുയര്‍ത്താന്‍"

ബുധനാഴ്ച ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന വര്‍ഗീയവിരുദ്ധ കണ്‍വന്‍ഷന്‍ രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ അടിത്തറ കാത്തുസൂക്ഷിക്കാനും വര്‍ഗീയതയ്ക്കെതിരെ ജനങ്ങളുടെ ഐക്യനിര പടുത്തുയര്‍ത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ബദലിനുവേണ്ടിയുള്ള കണ്‍വന്‍ഷനല്ല ഇത്. കണ്‍വന്‍ഷന് രാഷ്ട്രീയ അര്‍ഥങ്ങളൊന്നും കല്‍പ്പിക്കേണ്ടതുമില്ല-സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സമാജ്വാദി പാര്‍ടി നേതാവ് രാംഗോപാല്‍ യാദവ്, ജെഡിയു നേതാവ് കെ സി ത്യാഗി എംപി, സിപിഐ നേതാവ് അമര്‍ജിത് കൗര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണ് വര്‍ഗീയത. ഇതിനെതിരെ ജനങ്ങളെ ഒന്നിച്ചണിനിരത്തിയില്ലെങ്കില്‍ ജനാധിപത്യ, മതനിരപേക്ഷഘടന ദുര്‍ബലമാകും. മുസഫര്‍നഗര്‍ കലാപത്തിലൂടെ വര്‍ഗീയശക്തികള്‍ ശ്രമിച്ചത് രാജ്യത്തെ ധ്രുവീകരിക്കാനാണ്. ഈ സാഹചര്യത്തില്‍ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ അണിനിരത്താനാണ് കണ്‍വന്‍ഷന്‍ ആഹ്വാനംചെയ്യുക. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമല്ലിത്. വര്‍ഗീയതയ്ക്കെതിരായ പോരാട്ടം തെരഞ്ഞെടുപ്പിനുശേഷവും തുടരും. വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷ- ജനാധിപത്യ ശക്തികളെ ഒന്നിപ്പിക്കാന്‍ നിരവധി പാര്‍ടികളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇത് തുടരും. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന പാര്‍ടികളില്‍ ചിലത് നേരത്തെ ബിജെപിയുമായി സഹകരിച്ചിരുന്നുവെന്നത് വലിയ പ്രശ്നമായി കാണുന്നില്ല. വര്‍ഗീയത രാജ്യത്തെ ഏറ്റവും വലിയ വിപത്താണെന്ന് തിരിച്ചറിയുകയും അതിനെതിരായി നിലപാടെടുക്കുകയും ചെയ്യുന്ന പാര്‍ടികളാണ് അണിനിരക്കുന്നത്. തെരഞ്ഞെടുപ്പിനുശേഷമുള്ള കാര്യങ്ങളെക്കുറിച്ച് ഇപ്പോഴേ ആലോചിക്കേണ്ട കാര്യമില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

മനുഷ്യനെയും രാജ്യത്തെയും രക്ഷിക്കാനാണ് കണ്‍വന്‍ഷന്‍. രാഷ്ട്രീയരംഗത്ത് നടത്തേണ്ട ഇടപെടലുകള്‍ നടത്തും. അതില്‍ നേതാക്കളെയല്ല, നയങ്ങളാണ് വിലയിരുത്തുന്നതും നിലപാടുകളെടുക്കുന്നതും. ടിഡിപി നേതാവ് ചന്ദ്രബാബുനായിഡുവുമായി സംസാരിച്ചിരുന്നു. പാര്‍ടിയില്‍ ചര്‍ച്ചചെയ്തശേഷം അറിയിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് ഒന്നും അറിയിച്ചിട്ടില്ലെന്നും യെച്ചൂരി അറിയിച്ചു. വര്‍ഗീയശക്തികള്‍ക്കെതിരെ രാജ്യത്തിന്റെ ഐക്യം ഉയര്‍ത്തിപ്പിടിക്കാനും മതനിരപേക്ഷശക്തികളെ ഒന്നിപ്പിക്കാനുമാണ് കണ്‍വന്‍ഷനെന്നും തെരഞ്ഞെടുപ്പല്ല ലക്ഷ്യമെന്നും സമാജ്വാദി പാര്‍ടി നേതാവ് രാംഗോപാല്‍ യാദവ് പറഞ്ഞു.
(വി ജയിന്‍)

deshabhimani

No comments:

Post a Comment