Thursday, December 19, 2013

ഇ പിയുടെ സഹോദരി ജനസമ്പര്‍ക്കത്തില്‍ പങ്കെടുത്തെന്നത് പച്ചക്കള്ളം

കണ്ണൂര്‍: സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ സഹോദരി ഇ പി ഓമന സഹായാഭ്യര്‍ഥനയുമായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പച്ചക്കള്ളം ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന ജവഹര്‍ സ്റ്റേഡിയം പരിസരത്ത് പോയിയെന്നതുമാത്രമാണ് വാര്‍ത്തയില്‍ സത്യമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഇ പി ഓമന പറഞ്ഞു. മുഖ്യമന്ത്രിയെ കാണുകയോ, നിവേദനം നല്‍കുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രി കനിയേണ്ട ഒരാവശ്യവും എനിക്കോ, ഒപ്പമുള്ളവര്‍ക്കോ ഇല്ല. ഗേറ്റിനകത്ത് കടന്നിട്ടുപോലുമില്ല. എല്‍ഡിഎഫ് കരിങ്കൊടി പ്രകടനത്തില്‍ പങ്കെടുക്കാനാണ് കണ്ണൂരില്‍ വന്നത്- അവര്‍ പറഞ്ഞു.

സമരം നടക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകയും കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ വി വി പ്രീതയെ അവരുടെ ഭര്‍ത്താവിന്റെ ബന്ധുവായ ബിജു സ്റ്റേഡിയത്തില്‍നിന്ന് വിളിച്ചു. തെങ്ങില്‍നിന്ന് വീണ് അരയ്ക്കുതാഴെ തളര്‍ന്നു കിടക്കുകയാണ് ബിജു. ഒപ്പം വന്ന ഇളയമ്മയെ പൊലീസുകാര്‍ അകത്തേക്ക് കടത്തിവിട്ടില്ലെന്നും അവരുടെ പക്കല്‍ പണമോ, മൊബൈല്‍ ഫോണോ ഇല്ലെന്നും സഹായിക്കണമെന്നും പറഞ്ഞായിരുന്നു ഫോണ്‍. മുന്നുനാലുതവണ വീണ്ടും വിളിച്ച് സഹായമഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് പ്രീത എന്നെയും കൂട്ടി സ്റ്റേഡയത്തിലേക്ക് പോയത്. മാടായിയിലെ ടി വി ശോഭനയും ഒപ്പം വന്നു. മുഖ്യമന്ത്രി നില്‍ക്കുന്ന ഭാഗത്തേക്കേ പോയില്ല. ഗേറ്റിനടുത്തു കണ്ട പൊലീസുകാരോട് വിവരം പറഞ്ഞ് ബിജുവിന്റെ നമ്പര്‍ നല്‍കി മടങ്ങുകയായിരുന്നു. ഇതിനെയാണ് ഞാന്‍ സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിയെ കണ്ടതായി മാധ്യമങ്ങള്‍ ചിത്രീകരിച്ചത്. സഹോദരനായ ഇ പി ജയരാജനെ തേജോവധം ചെയ്യാനാണ് ഇത്തരത്തില്‍ ഒരടിസ്ഥാനവുമില്ലാത്ത കള്ളവാര്‍ത്ത നല്‍കിയതെന്നും ഓമന പറഞ്ഞു.

deshabhimani

No comments:

Post a Comment