Thursday, December 19, 2013

ക്രിസ്മസിന് പഞ്ചസാരയുമില്ല

തൃശൂര്‍: ക്രിസ്മസിന് റേഷന്‍കടകള്‍ വഴി ഇത്തവണ പഞ്ചസാര വിതരണം ഉണ്ടാകില്ല. ഉത്സവ സീസണുകളില്‍ വര്‍ഷങ്ങളായി കേരളത്തിനനുവദിച്ചിരുന്ന റേഷന്‍ വിഹിതം കേന്ദ്രസര്‍ക്കാര്‍ ഒറ്റയടിക്ക് നിര്‍ത്തിയതാണ് കാരണം. റേഷന്‍കട വഴി ഗോതമ്പ് വിതരണം നിര്‍ത്തിയതിനു പിറകെയാണ് ക്രിസ്മസിന് റേഷന്‍ പഞ്ചസാരയും നിര്‍ത്തിയത്. ഓണം, ക്രിസ്മസ്, വിഷു, റമദാന്‍ എന്നീ വിശേഷാവസരങ്ങളില്‍ എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍കടവഴി പഞ്ചസാരയും ഗോതമ്പും മണ്ണെണ്ണയും നല്‍കിയിരുന്നതാണ്. കെ വി തോമസ് കേന്ദ്രഭക്ഷ്യ സഹമന്ത്രിയായിരിക്കുമ്പോഴാണ് കേരളത്തിന് ലഭിച്ചിരുന്ന കേന്ദ്രവിഹിതം ഇല്ലാതാവുന്നത്. നേരത്തേ ഉത്സവാഘോഷവേളയില്‍ ഒരു കിലോ പഞ്ചാസാരയാണ് ലഭിച്ചത്. 2011ല്‍ അത് അരക്കിലോയാക്കി. ഇപ്പോള്‍ പൂര്‍ണമായും ഇല്ലാതാക്കി. പൊതുവിപണിയില്‍ കിലോയ്ക്ക് 35 രൂപയുള്ള പഞ്ചസാര റേഷന്‍കടയില്‍ കിലോയ്ക്ക്് 13.50 രൂപയ്ക്കാണ് ലഭിച്ചിരുന്നത്.

സബ്സിഡി മണ്ണെണ്ണ 20 ലിറ്റര്‍ വെട്ടിക്കുറച്ചു; ഒരു രൂപ കൂട്ടി

തിരു: പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനായി സര്‍ക്കാര്‍ സബ്സിഡി നിരക്കില്‍ നല്‍കുന്ന മണ്ണെണ്ണ വീണ്ടും 20 ലിറ്റര്‍ വെട്ടിക്കുറച്ചു. വില ഒരു രൂപ വര്‍ധിപ്പിച്ചിട്ടുമുണ്ട്. ഔട്ട്ബോര്‍ഡ് എന്‍ജിനുകള്‍ക്ക് സബ്സിഡി നിരക്കില്‍ പ്രതിമാസം 129 ലിറ്റര്‍ മണ്ണെയാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇതാണ് മുന്നറിയിപ്പില്ലാതെ 109 ലിറ്റര്‍ ആക്കിയത്. തീരക്കടലില്‍ മത്സ്യം കുറവുള്ള സീസണായതിനാല്‍ ഉപജീവനത്തിന് ആഴക്കടലിനെ ആശ്രയിക്കേണ്ട ഘട്ടത്തില്‍ മണ്ണെണ്ണവിഹിതം കുത്തനെ കുറച്ചത് മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കും. നേരത്തെ മാസം 500 ലിറ്റര്‍ സബ്സിഡി മണ്ണെണ്ണ ലഭിച്ചിരുന്നു. ഇതാണ് അടിക്കടി കുറച്ച് 109 ലിറ്ററാക്കിയത്. സര്‍ക്കാര്‍ മണ്ണെണ്ണ 10 ദിവസത്തെ മത്സ്യബന്ധനത്തിനുപോലും തികയില്ല. ഇക്കാരണത്താല്‍ കരിഞ്ചന്തയില്‍ വില കുതിക്കുകയാണ്. നേരത്തെ ലിറ്ററിന് 55 രൂപയായിരുന്നത് ഇപ്പോള്‍ 65 രൂപ
കടന്നു. തമിഴ്നാട്ടില്‍ സര്‍ക്കാര്‍ 25 രൂപ നിരക്കില്‍ ഇപ്പോഴും 250 ലിറ്റര്‍ മണ്ണെണ്ണ നല്‍കുന്നുണ്ട്.

ഔട്ട്ബോര്‍ഡ് എന്‍ജിനുകള്‍ പരിശോധിച്ച് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നതാണെന്ന് വ്യക്തമായാല്‍ ആവശ്യപ്പെടുന്ന മണ്ണെണ്ണ എത്തിക്കുമെന്ന് കേന്ദ്ര മന്ത്രി കെ വി തോമസ് വാഗ്ദാനം ചെയ്തിരുന്നു. ഫിഷറീസ്, മത്സ്യഫെഡ്, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ സംയുക്തമായി എന്‍ജിനുകള്‍ പരിശോധിച്ചാണ് മണ്ണെണ്ണ പെര്‍മിറ്റ് നല്‍കുന്നത്. എന്‍ജിനുകള്‍ പരിശോധിച്ച് കണക്ക് തയ്യാറാക്കിയെങ്കിലും ഒരു തുള്ളി മണ്ണെണ്ണ അധികമായി ഇതുവരെ നല്‍കിയിട്ടില്ല. ഇതിനിടെയാണ് 20 ലിറ്റര്‍ വെട്ടിക്കുറച്ചത്.

deshabhimani

No comments:

Post a Comment