കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ദേശീയ ഹരിതട്രിബ്യൂണലില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് ആവര്‍ത്തിച്ചത്. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച കേരളത്തിലെ 123 വില്ലേജുകള്‍ സംബന്ധിച്ച് നീതിന്യായ വകുപ്പുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ ചര്‍ച്ച പൂര്‍ത്തിയാക്കിയശേഷം കരട് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നും സര്‍ക്കാര്‍ ട്രിബ്യൂണല്‍ മുമ്പാകെ അറിയിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടയിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. കമ്മിറ്റി പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച 123 വില്ലേജുകളില്‍ നൂറെണ്ണം ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ചു വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നു. ഇത് വിവാദമായതോടെ പിറ്റേന്ന് പിന്‍വലിക്കുകയും ചെയ്തു.
റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചതോടെ പരിസ്ഥിതി ലോല മേഖലകളില്‍ പുതുതായി ഖനനം, പാറ പൊട്ടിക്കല്‍, മണല്‍ വാരല്‍, താപ വൈദ്യുത പദ്ധതികള്‍ എന്നിവ പാടില്ല, നിലവിലുള്ള പദ്ധതികള്‍ വിപുലീകരിക്കരുത്, 20,000 ചതുരശ്ര മീറ്ററോ അതിന് മുകളിലോ ഉള്ള കെട്ടിടങ്ങള്‍ അനുവദിക്കരുത്, 50 ഹെക്ടറോ മുകളിലോ ഉള്ള ടൗണ്‍ഷിപ്പുകളും വികസന പദ്ധതികളും പാടില്ല, 1,50,000 ചതുരശ്ര മീറ്ററിലുള്ള കെട്ടിട സമുച്ചയങ്ങള്‍ പാടില്ല, ചുവപ്പ് കാറ്റഗറിയിലുള്ള വ്യവസായങ്ങള്‍ പാടില്ല തുടങ്ങിയ വ്യവസ്ഥകളുമായി വിജ്ഞാപനം പുറപ്പെടുവിച്ച കാര്യവും കേന്ദ്രം ഹരിതട്രിബ്യൂണലിന് മുന്നില്‍ അവതരിപ്പിച്ചു. വിശദമായ സത്യവാങ്മൂലം ഉടന്‍ സമര്‍പ്പിക്കുമെന്നും ട്രിബ്യൂണലില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചതിനാല്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിലനില്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചു. കേരളവും ഇതേ വാദമാണ് ഉയര്‍ത്തുന്നത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ട്രിബ്യൂണല്‍ എതിര്‍പ്പുകള്‍ മൂന്നാഴ്ചയ്ക്കകം അറിയിക്കാന്‍ നിര്‍ദേശിച്ചു. കേരളത്തിനു വേണ്ടി അഡ്വ. കൃഷ്ണന്‍ വേണുഗോപാല്‍, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജോജി സ്കറിയ, സ്പൈസസ് ഗ്രോവേഴ്സ് അസോസിയേഷനും ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലിനും വേണ്ടി അഡ്വ. ജോയ്സ് ജോര്‍ജ്, ബോബി അഗസ്റ്റിന്‍, റജിസ്റ്റേര്‍ഡ് മെറ്റല്‍ ക്രഷര്‍ യൂണിറ്റ് ഓണേഴ്സ് അസോസിയേഷനു വേണ്ടി ബിജു പി രാമന്‍ എന്നിവര്‍ ഹാജരായി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതി കണ്‍വീനര്‍ ഡോ. ഉമ്മന്‍ വി ഉമ്മനും കേസ് പരിഗണിക്കുമ്പോള്‍ കോടതിയിലുണ്ടായിരുന്നു.
deshabhimani
No comments:
Post a Comment