Monday, January 20, 2014

ബിജെപി രാഷ്ട്രീയപ്രമേയത്തില്‍ മോഡിസ്തുതി മാത്രം

മാറ്റത്തിനുവേണ്ടി വോട്ടുചെയ്യുക എന്ന മുദ്രാവാക്യവുമായി ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും. രാജ്യത്ത് ഉറച്ച സര്‍ക്കാരിനായി 272 സീറ്റില്‍ കൂടുതല്‍ ബിജെപിക്ക് നല്‍കുക എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന രാഷ്ട്രീയപ്രമേയം പാര്‍ടിയുടെ ദേശീയ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. ഇന്ത്യയിലെ രാഷ്ട്രീയയാഥാര്‍ഥ്യം അവഗണിച്ചുള്ള പ്രമേയത്തില്‍ നരേന്ദ്രമോഡിയെമാത്രമാണ് ഉയര്‍ത്തിക്കാട്ടുന്നത്.

നരേന്ദ്രമോഡിയുടെ യോഗങ്ങളില്‍ എത്തുന്ന ജനക്കൂട്ടം ബിജെപിയുടെ ദേശവ്യാപകമായ ജനപിന്തുണയ്ക്ക് തെളിവാണെന്ന് പ്രമേയത്തില്‍ അവകാശപ്പെടുന്നു. കോണ്‍ഗ്രസ് വിമുക്ത ഇന്ത്യയാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. ബിജെപി, കോണ്‍ഗ്രസ് എന്നീ രണ്ടു പാര്‍ടികളുടെ പേരുമാത്രമാണ് പ്രമേയത്തില്‍ പരാമര്‍ശിക്കുന്നത്. ബിജെപി അഞ്ചും കോണ്‍ഗ്രസ് പത്തും സംസ്ഥാനങ്ങളില്‍മാത്രമാണ് ഭരണത്തിലുള്ളത്. കേരളത്തിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് മുന്നണിയും. രാജ്യത്തെ മിക്കവാറും പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ ഈ രണ്ടു കക്ഷികളും ദുര്‍ബലമാണ്. കഴിഞ്ഞ നാലരവര്‍ഷം കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയമായി വളര്‍ന്നിട്ടില്ല.

കോണ്‍ഗ്രസ് ഭരണത്തിനെതിരായ വോട്ടാണ് ബിജെപി പ്രതീക്ഷിക്കുന്നതെങ്കില്‍, രാജ്യത്ത് അതിന് പല അവകാശികളുമുണ്ട്. ഈ വസ്തുതകള്‍ മറച്ചുപിടിക്കാനാണ് പ്രമേയത്തില്‍ ശ്രമം. ബിജെപിയുടെയും സംഘപരിവാറിന്റെയും രാഷ്ട്രീയ- സംഘടനാ ശേഷി വിനിയോഗിച്ച് രാഷ്ട്രീയപ്രചാരണം നടത്തുന്നതിനുപകരം മോഡിസ്തുതി വഴി ജനങ്ങളെ ആകര്‍ഷിക്കാമെന്ന ധാരണ പ്രമേയത്തില്‍ ഉടനീളം പ്രതിഫലിക്കുന്നു. രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങള്‍ തിരുത്തുമെന്ന് പ്രമേയത്തില്‍ ഉറപ്പുനല്‍കുന്നില്ല. രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാത്തതിനെ പരിഹസിക്കുന്നു. രണ്ട് വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമായി ലോക്സഭാ തെരഞ്ഞെടുപ്പിനെ താഴ്ത്തിക്കാട്ടാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് വ്യക്തം.
(സാജന്‍ എവുജിന്‍)

അമിതവിശ്വാസം വേണ്ടെന്ന് അദ്വാനി

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമിതമായ ആത്മവിശ്വാസം വേണ്ടെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ മുതിര്‍ന്ന പാര്‍ടി നേതാവ് എല്‍ കെ അദ്വാനി. 2004ല്‍ അതിരുവിട്ട വിജയപ്രതീക്ഷയാണ് ബിജെപിക്ക് അപകടം ചെയ്തത്. ഇത്തവണ ഇത് ആവര്‍ത്തിക്കരുതെന്ന് അദ്വാനി മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി വാക്കുകളില്‍ മിതത്വം പാലിച്ചില്ല. ഒരമ്മയും മകനെ ബലി കൊടുക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ് രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാത്തതെന്നും മോഡി പരിഹസിച്ചു. താന്‍ പ്രധാനമന്ത്രിസ്ഥാനാര്‍ഥി ആയതുകൊണ്ട് രാജ്യത്തെ ചായക്കച്ചവടക്കാര്‍ മുഴുവന്‍ അഭിമാനിക്കുമെന്നും മോഡി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ കഴിഞ്ഞദിവസം മോഡിയെ പരിഹസിച്ചിരുന്നു.

deshabhimani

No comments:

Post a Comment