അടുത്ത അധ്യയനവര്‍ഷം മുതല്‍ ഐടി പഠനം ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന ഗവര്‍ണറുടെ നയപ്രഖ്യാപനം നടപ്പാക്കാനാകില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്. നയപ്രഖ്യാപനത്തിലെ വാഗ്ദാനം കാലോചിതമായി നടപ്പാക്കാനാകാത്ത പരിഷ്കാരമെന്ന് വിശേഷിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിജു പ്രഭാകറാണ് കരിക്കുലം കമ്മിറ്റി മുമ്പാകെ റിപ്പോര്‍ട്ട് നല്‍കിയത്. ഐടി പഠനം ഹയര്‍ സെക്കന്‍ഡറിയില്‍ നടപ്പാക്കാന്‍ കുറഞ്ഞത് മൂന്നുവര്‍ഷം വേണ്ടിവരും.
ഇപ്പോള്‍ ഹൈസ്കൂള്‍ ക്ലാസുകളിലെ ഐടി പഠനവും അതിന് നേതൃത്വം നല്‍കുന്ന ഐടി അറ്റ് സ്കൂള്‍ പ്രോജക്ടും തികഞ്ഞ പരാജയമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പത്താംക്ലാസ് വരെ ഐടി പഠനം നടക്കുന്നുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കാന്‍ ഉള്‍പ്പെടെ അറിയില്ല. ഐടി അറ്റ് സ്കൂള്‍ പ്രോജക്ട് തകിടംമറിഞ്ഞിരിക്കയാണ്. ആവശ്യത്തിന് ഐടി വിദഗ്ധരില്ല. പരിതാപകരമായ ഈ അവസ്ഥയില്‍ ഐടി പഠനം അതേപടി ഹയര്‍സെക്കന്‍ഡറിയിലേക്ക് വ്യാപിപ്പിക്കുക അസാധ്യമാണ്. ജനുവരി മൂന്നിന് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനത്തില്‍ ഐടി അധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രധാന്യം നല്‍കി ഐടി അറ്റ് സ്കൂള്‍ വിദ്യാഭ്യാസം പുതിയ അധ്യയനവര്‍ഷം മുതല്‍ ഹയര്‍ സെക്കന്‍ഡറിയിലും വ്യാപിപ്പിക്കുമെന്നായിരുന്നു വാഗ്ദാനം.
ഐടി അറ്റ് സ്കൂള്‍ പദ്ധതി നിര്‍ജീവമായതാണ് ഇതിന് പ്രധാന കാരണം. പ്രൊഫ. യു ആര്‍ റാവുവിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ "വിഷന്‍-2010"ലെ ശുപാര്‍ശപ്രകാരം 2002ലാണ് എട്ടാം ക്ലാസില്‍ ഐടി പഠനം ആരംഭിക്കുന്നത്. 2004ല്‍ പത്താം ക്ലാസിലേക്കും 2010ല്‍ യുപി വിഭാഗത്തിലേക്കും പദ്ധതി വ്യാപിപ്പിച്ചു. ഐടി പഠനം ഐടി അധിഷ്ഠിത വിദ്യാഭ്യാസമാക്കുന്നതിന് നിശ്ചയിക്കപ്പെട്ട കാലാവധി പിന്നിടുമ്പോഴും ലക്ഷ്യം കാണാനായിട്ടില്ല. ഈ നിരാശ ഡിപിഐയുടെ റിപ്പോര്‍ട്ടില്‍ പ്രകടമാണ്.
ഹയര്‍ സെക്കന്‍ഡറിയില്‍ കേവലമായ ഐടി പഠനംകൊണ്ട് കാര്യമില്ല. ഐടി അധിഷ്ഠിത പഠനമാണ് വേണ്ടത്. ഹൈസ്കൂള്‍ തലത്തില്‍ ലക്ഷ്യം കാണാത്ത പദ്ധതി ആ നിലയില്‍ ഹയര്‍ സെക്കന്‍ഡറിയിലേക്ക് വ്യാപിപ്പിക്കുന്നതില്‍ അര്‍ഥമില്ലെന്നും കരിക്കുലം കമ്മിറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡിപിഐ വ്യക്തമാക്കുന്നു.
deshabhimani
No comments:
Post a Comment