Monday, January 20, 2014

ഇ-ഡിസ്ട്രിക്ട് സേവനം നിലയ്ക്കുന്നു

പണമടയ്ക്കാത്തതിനെത്തുടര്‍ന്ന് ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചതോടെ സംസ്ഥാനത്തെ "ഇ-ഡിസ്ട്രിക്ട്" സേവനങ്ങള്‍ താളംതെറ്റി. ഏറെപ്പേര്‍ ആശ്രയിക്കുന്ന അക്ഷയ മുഖാന്തിരമുള്ള സേവനങ്ങള്‍ അപ്പാടെ നിലച്ചു. ഇന്റര്‍നെറ്റ് ബന്ധമുള്ള വില്ലേജ് ഓഫീസുകളില്‍ സ്ഥാനക്കയറ്റം ലഭിച്ചെത്തുന്ന വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലാത്തതും പദ്ധതി കുഴപ്പത്തിലാകാന്‍ കാരണമായി.

ഓണ്‍ലൈനായി വില്ലേജ് ഓഫീസുകളിലേക്ക് അയക്കുന്ന അപേക്ഷകളുടെ പരിശോധനയും തുടര്‍നടപടികളും മുടങ്ങിയിരിക്കയാണ്. എറണാകുളം ജില്ലയില്‍ മാത്രം ഇതുവരെ മുപ്പതിലധികം വില്ലേജ് ഓഫീസുകളുടെ ഇന്റര്‍നെറ്റ് ബന്ധം റദ്ദാക്കി. മറ്റു ജില്ലകളിലും ഇത്തരത്തില്‍ ബന്ധം വിഛേദിക്കപ്പെട്ടു. ഇരുപതിലേറെ സേവനങ്ങളാണ് വില്ലേജ് ഓഫീസുകളില്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നത്. വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള സിഗ്നേച്ചര്‍ കാര്‍ഡുകള്‍ പുതുതായി ചുമതലയേക്കുന്നവരില്‍ പലര്‍ക്കുമില്ല. ഇ-ഡിസ്ട്രിക്ട് പദ്ധതി നടപ്പാക്കിയ സ്ഥലങ്ങളില്‍നിന്നു എത്തുന്നവര്‍ക്ക് മാത്രമാണ് കാര്‍ഡുള്ളത്.

ഡിജിറ്റല്‍ സിഗ്നേച്ചര്‍ കംപ്യൂട്ടറില്‍ ചേര്‍ത്താലേ അക്ഷയകേന്ദ്രങ്ങള്‍വഴി ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. വില്ലേജ് ഓഫീസുകളിലെ കംപ്യൂട്ടറുകള്‍ അടിക്കടി തകരാറിലാകുന്നതും അറ്റകുറ്റപ്പണി വൈകുന്നതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിച്ചില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ്നല്‍കാനാവില്ലെന്ന് വില്ലേജ് ഓഫീസ് ജീവനക്കാര്‍ പറയുന്നു. ഇന്റനെറ്റ് ബന്ധം തടസ്സപ്പെട്ടതോടെ നേരിട്ട് അപേക്ഷ നല്‍കുന്നവര്‍ക്കു മാത്രമാണ് യഥാസമയം സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് പ്രാരംഭഘട്ടത്തില്‍ സീഡ് മണിയായി 10 ലക്ഷം വീതം അനുവദിച്ചിരുന്നു. ഡിസ്ട്രിക്ട് ഇ-ഗവേണന്‍സ് സൊസൈറ്റികള്‍ക്കാണ് തുക നല്‍കിയത്. ഇത് എങ്ങനെ ചെലവഴിച്ചെന്നതിന് വ്യക്തമായ കണക്കില്ല. എറണാകുളം ജില്ലയില്‍ ഇ-ഡിസ്ട്രിക്ട് പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് തിങ്കളാഴ്ച കലക്ടറേറ്റില്‍ യോഗം ചേരുന്നുണ്ട്.

deshabhimani

No comments:

Post a Comment