അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം 2004ലെ വിജയം ആവര്‍ത്തിക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ തകര്‍ച്ചയെ നേരിടും. കേവലം തെരഞ്ഞെടുപ്പല്ല, രാഷ്ട്രീയയുദ്ധമാണ് നടക്കാന്‍ പോകുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ ഇടതു- മതേതരമുന്നണി രൂപീകരിക്കും. തെരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന ഇ ബാലാനന്ദന്റെ അഞ്ചാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കാക്കനാട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കുത്തകകളെ സഹായിക്കുന്ന നയത്തിന്റെ ഫലമാണ് വിലക്കയറ്റത്തിനിടയാക്കിയത്. പാചകവാതകത്തിന് സിലിന്‍ഡറൊന്നിന് 250 രൂപ വര്‍ധിപ്പിച്ചതില്‍ 100 രൂപവീതം കോണ്‍ഗ്രസിന്റെ ഫണ്ടിലേക്കാണ് പോകുന്നത്. എട്ടുലക്ഷം കോടിയുടെ അഴിമതിപ്പണത്തിന്റെ ഭൂരിഭാഗവും എത്തിയത് കോണ്‍ഗ്രസിന്റെ ഫണ്ടിലേക്കാണ്. കുത്തകകളുടെ ചൂഷണത്തെ ചെറുക്കാന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലേതുള്‍പ്പെടെയുള്ള ബഹുജനസമരത്തിന്റെ ഫലമായാണ് പാചകവാതക സിലിന്‍ഡറിന്റെ എണ്ണം പന്ത്രണ്ടായി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായത്. സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരത്തെ വിലകുറച്ചുകാണിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. പാചകവാതകത്തിന്റെ വാറ്റ്നികുതി കുറയ്ക്കാനിടയാക്കിയതും ബഹുജന സമരത്തെ ഭയപ്പെട്ടാണ്. സമരത്തിന് ഐക്യദാര്‍ഢ്യവുമായി യുഡിഎഫിലെ ഘടകകക്ഷികളും രംഗത്തെത്തി. കേരളസന്ദര്‍ശനത്തോടെ രാഹുല്‍ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍പോലും കഴിവില്ലാത്തവനാണെന്നു തെളിയിച്ചു. നരേന്ദ്രമോഡിയെ അഭിനന്ദിക്കാന്‍ യുഡിഎഫിലെ നേതാക്കള്‍ മത്സരിക്കുകയാണ്. കേരളത്തില്‍ ബിജെപിക്ക് ജയിക്കാന്‍ കഴിയാത്തത് മുസ്ലിംലീഗ് ഉള്ളതുകൊണ്ടല്ല, ഇടതുപക്ഷം ശക്തമായതിനാലാണെന്നും കോടിയേരി പറഞ്ഞു.
യോഗത്തില്‍ സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി സി കെ പരീത് അധ്യക്ഷനായി. ഇ ബാലാനന്ദന്റെ പത്നി സരോജിനി ബാലാനന്ദനും ചടങ്ങില്‍ പങ്കെടുത്തു.
deshabhimani
No comments:
Post a Comment