ഓരോ സ്ഥലത്തും എല്‍പിജി സിലിണ്ടറിന് ഈടാക്കുന്ന പുതിയ വിപണിവില എണ്ണക്കമ്പനികള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധപ്പെടുത്തിയവര്‍ക്കു മാത്രം എല്‍പിജി സബ്സിഡി പരിമിതപ്പെടുത്തിയത് ജനുവരി ഒന്നുമുതല്‍ നിര്‍ബന്ധമാക്കിയതിനു പിന്നാലെയാണ് കമ്പനികളുടെ വിലവര്‍ധിപ്പിക്കല്‍. ആധാര്‍ കിട്ടാത്ത ലക്ഷങ്ങള്‍ക്ക് ജനുവരി മുതല്‍ സബ്സിഡി കിട്ടില്ലെന്നിരിക്കെ വിപണിവിലയില്‍ വരുത്തിയ വര്‍ധനയിലൂടെ എണ്ണക്കമ്പനികള്‍ക്ക് കോടികളുടെ ലാഭം കൊയ്യാം. പ്രതിവര്‍ഷം ഒമ്പത് സിലിണ്ടറിനു മാത്രം സബ്സിഡി പരിമിതപ്പെടുത്തിയിരുന്നു. അധിക സിലിണ്ടറിന് ഇനി വിപണിവില പൂര്‍ണമായി നല്‍കണം.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 385.95 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ ഉപയോക്താക്കളുടെ പരിധിയില്‍ വരുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളുമൊക്കെ ഇനി 19 കിലോ സിലിണ്ടറിന് 2184.50 രൂപ (ഡല്‍ഹി വില) നല്‍കണം. ഹോട്ടല്‍ ഭക്ഷണം കൂടുതല്‍ ചെലവേറിയതാകാന്‍ ഇതോടെ വഴിയൊരുങ്ങി. ഒരു മാസത്തിനിടെ മൂന്നാംവട്ടമാണ് എല്‍പിജി വിപണിവില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിക്കുന്നത്. ഡിസംബര്‍ ഒന്നിന് സിലിണ്ടറിന് 63 രൂപ വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡീലര്‍ കമീഷന്‍ വര്‍ധനവെന്ന പേരില്‍ ഡിസംബര്‍ 11നു മൂന്നരരൂപ കൂട്ടി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഒറ്റയടിക്ക് 250 രൂപയുടെ വര്‍ധന. അന്താരാഷ്ട്രവിലയ്ക്ക് അനുസൃതമായി എല്ലാ മാസവും ഒന്നാം തീയതി എല്‍പിജി വില പുനര്‍നിര്‍ണയിക്കാനാണ് എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഒറ്റയടിക്ക് 250 രൂപയുടെ വര്‍ധന ഇതാദ്യമാണ്.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡോയില്‍ വിലയില്‍ കുറവുവന്നതായി അറിയിച്ച് പെട്രോളിയം മന്ത്രാലയം കഴിഞ്ഞദിവസം വാര്‍ത്താക്കുറിപ്പ് പുറപ്പെടുവിച്ചതുമാണ്. ഇപ്പോഴത്തെ വര്‍ധന ശാസ്ത്രീയമല്ലെന്ന് ഇതില്‍നിന്നു തന്നെ വ്യക്തം. എല്‍പിജി സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ ദിവസം തന്നെ സിലിണ്ടര്‍വില ഉയര്‍ത്തുക വഴി വന്‍കൊള്ളയാണ് ലക്ഷ്യമിടുന്നത്. സബ്സിഡി വിതരണം ബാങ്കു വഴിയാക്കുന്നതിലൂടെ തന്നെ എല്‍പിജി സബ്സിഡി ചെലവ് 5000 കോടിയിലേക്ക് പരിമിതപ്പെടുത്താമെന്നാണ് കണക്കുകൂട്ടല്‍. പ്രതിവര്‍ഷം 20,000 കോടിക്ക് മേലെയായിരുന്നു സബ്സിഡി ചെലവ്. ബാങ്ക് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയവര്‍ക്ക് 250 രൂപയുടെ അധികഭാരം താങ്ങേണ്ടിവരുമോയെന്നത് വ്യക്തമല്ല. എണ്ണക്കമ്പനികള്‍ ബാങ്കിലിടുന്ന സബ്സിഡി പണം 250 രൂപ കണ്ട് ഉയര്‍ത്തിയെങ്കില്‍ മാത്രമേ ആധാര്‍ ഉപയോക്താക്കള്‍ക്കും രക്ഷയുണ്ടാകൂ.
(എം പ്രശാന്ത്)
ആധാര്‍ ബന്ധിപ്പിക്കാന്‍ 2 മാസംകൂടി സമയമെന്ന് മുഖ്യമന്ത്രി
തിരു: ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് രണ്ടുമാസംകൂടി സമയം അനുവദിച്ചതായി മുഖ്യമന്ത്രിയുടെ അവകാശവാദം. കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്ലിയാണ് ഇക്കാര്യം അറിയിച്ചതെന്നും വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും ഈ പദ്ധതിയുമായി സഹകരിക്കുമ്പോള്‍ കേരളംമാത്രമാണ് സമയം നീട്ടിക്കിട്ടാന്‍ ആവശ്യപ്പെടുന്നതെന്ന് വീരപ്പമൊയ്ലി പരാതിപ്പെട്ടെങ്കിലും രണ്ടു മാസത്തേക്ക് സമയം നീട്ടിത്തരാമെന്ന് ഉറപ്പ് നല്‍കിയതായി ഉമ്മന്‍ചാണ്ടി അറിയിച്ചു.
എന്നാല്‍, ഈ മാറ്റത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിക്കണം. നിര്‍ദേശം അടുത്ത കേന്ദ്രമന്ത്രിസഭയില്‍ വയ്ക്കാമെന്നു മാത്രമാണ് വീരപ്പമൊയ്ലി ഉമ്മന്‍ചാണ്ടിക്ക്് നല്‍കിയ ഉറപ്പ്. പാചകവാതക വില വര്‍ധിപ്പിച്ചിട്ടില്ലെന്ന് വീരപ്പമൊയ്ലി പറഞ്ഞതായും മുഖ്യമന്ത്രി അവകാശപ്പെട്ടു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള എണ്ണക്കമ്പനികളുടെ വെബ്സൈറ്റില്‍ 303 രൂപയുടെ വര്‍ധിപ്പിച്ച വിലയാണ് നല്‍കിയിട്ടുള്ളതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ അറിയിച്ചെങ്കിലും മുഖ്യമന്ത്രി വാദം തിരുത്താന്‍ തയ്യാറായില്ല. എജന്റുമാരുടെ കമീഷന്‍ അഞ്ചു രൂപയോ ആറുരൂപയോ വര്‍ധിക്കുന്നുണ്ടെന്നും ആ വര്‍ധനമാത്രമേ ഉണ്ടാകൂ എന്നും മൊയ്ലി പറഞ്ഞതായും മഖ്യമന്ത്രി വിശദീകരിച്ചു. കേന്ദ്രമന്ത്രിയാണോ മുഖ്യമന്ത്രിയാണോ കള്ളം പറയുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. സാമ്പത്തികവിഷമം അനുഭവിക്കുന്ന ഘട്ടത്തില്‍ വില വര്‍ധിപ്പിക്കുന്നതിന് ന്യായീകരണമില്ലെന്ന് ചോദ്യത്തിന് ഉത്തരമായി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാദം പൊള്ള
ന്യൂഡല്‍ഹി: പാചകവാതക വില കൂട്ടിയിട്ടില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെടുമ്പോഴും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എല്‍പിജി വില കൂട്ടിയതായി എണ്ണക്കമ്പനികള്‍ വ്യക്തമാക്കുന്നു. ബാങ്ക് അക്കൗണ്ടിനെ ആധാറുമായി ബന്ധപ്പെടുത്താത്തവരും ഒമ്പതിലേറെ സിലിണ്ടര്‍ വാങ്ങുന്നവരും ഉയര്‍ന്ന വിലതന്നെ നല്‍കണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പുതുക്കിയ വിലനിരക്ക് എണ്ണക്കമ്പനികള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുമുണ്ട്.
ചെറുകുന്ന് (കണ്ണൂര്‍): പാചകവാതകവില കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ വന്‍ജനരോഷമുയര്‍ത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ലക്ഷക്കണക്കിന് ഉപഭോക്താക്കളെ സബ്സിഡിയില്‍നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സിലിണ്ടറിന്റെ വിലയും കുത്തനെ കൂട്ടിയത്. ജനങ്ങള്‍ക്ക് ഒരുതരത്തിലും പൊരുത്തപ്പെടാന്‍ കഴിയാത്ത നടപടിയാണിത്. സിപിഐ എം പാപ്പിനിശേരി ഏരിയാ കമ്മിറ്റി ഓഫീസായ ഇ കെ നായനാര്‍ സ്മാരക മന്ദിരം ചെറുകുന്നില്‍ ഉദ്ഘാടനം ചെയ്യവെ പിണറായി പറഞ്ഞു.
കോര്‍പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കും വേണ്ടിയാണ് ഭരണം. സാധാരണക്കാരുടെ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി എടുത്തുകളയുന്നു. ആധാറുമായി ലിങ്ക് ചെയ്യേണ്ട സമയപരിധി കഴിഞ്ഞപ്പോള്‍ കേരളത്തില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ സബ്സിഡിക്കു പുറത്താണ്. എങ്ങനെ ജനങ്ങളെ പരമാവധി ദ്രോഹിക്കാമെന്നാണ് സര്‍ക്കാര്‍ നോക്കുന്നത്- പിണറായി പറഞ്ഞു.
deshabhimani
No comments:
Post a Comment