Wednesday, January 22, 2014

തരൂരിനെ സംരക്ഷിച്ച് കോണ്‍ഗ്രസ്; കേസില്ല

ഭാര്യ സുനന്ദ പുഷ്കറിന്റെ അസ്വാഭാവികമരണത്തെതുടര്‍ന്ന് സംശയത്തിന്റെ നിഴലിലായ കേന്ദ്രമന്ത്രി ശശി തരൂരിനെ ഏതുവിധേനയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി തരൂരിന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഔദ്യോഗിക വക്താവ് സ്ഥാനം നല്‍കി. സുനന്ദയുടെ മരണത്തെകുറിച്ചുള്ള അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന സംശയങ്ങള്‍ക്ക് അടിവരയിടുന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടി.

സുനന്ദയുടേത് കൊലപാതകം, അല്ലെങ്കില്‍ ആത്മഹത്യ എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ പ്രാഥമികാന്വേഷണം നടത്തിയ സബ്ഡിവിഷണല്‍ മജിസ്ട്രേട്ട്(എസ്ഡിഎം) അപകടമരണസാധ്യതകൂടി പരിശോധിക്കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കി. കേന്ദ്രമന്ത്രിപദവിയിലുള്ള തരൂര്‍ ആരോപണവിധേയനായ കേസ് ഇനി അന്വേഷിക്കുക കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസിന്റെ ഇന്‍സ്പെക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥനായിരിക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും തരൂര്‍ ഉള്‍പ്പെടെ 11 പേരുടെ മൊഴികളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച വസന്ത്വിഹാര്‍ എസ്ഡിഎം അലോക് ശര്‍മ ഡല്‍ഹി പൊലീസിന് കൈമാറി. കൊലപാതകം, ആത്മഹത്യ, അപകടമരണം എന്നീ മൂന്ന് സാധ്യതകള്‍ അന്വേഷിക്കാനാണ് നിര്‍ദേശം. കേസെടുത്തുള്ള അന്വേഷണത്തിന് നിര്‍ദേശമില്ല. പ്രാഥമിക അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ പൊലീസിന് നടപടികള്‍ തുടരാം.

മരണം നടന്ന ലീല ഹോട്ടല്‍ ഡല്‍ഹിയിലെ സരോജിനിനഗര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ്. ഈ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥനായിരിക്കും കേസ് ഇനി പരിശോധിക്കുക. സുനന്ദയുടെ ശരീരത്തില്‍ പന്ത്രണ്ടിലേറെ മുറിവുകളുണ്ടെന്നും മരണത്തിനുമുമ്പ് പിടിവലി നടന്നിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. വിഷാദരോഗത്തിനുള്ള മരുന്ന് അബദ്ധത്തില്‍ കൂടുതലായി കഴിച്ചല്ല മരണം. ഒന്നുകില്‍ ആത്മഹത്യചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ അമിതമായി ഗുളിക കഴിച്ചു, അല്ലെങ്കില്‍ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മരുന്ന് ഉള്ളിലെത്തിച്ചു. സുനന്ദ അമിതമായി മദ്യപിച്ചിരുന്നുവെന്നും ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നും തുടക്കത്തില്‍ പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ മദ്യത്തിന്റെ അംശം സുനന്ദയില്‍ ഇല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

പോസ്റ്റ്മോര്‍ട്ടത്തില്‍ ഗുരുതര കണ്ടെത്തലുകളുണ്ടായിട്ടും തരൂരിനെ വീണ്ടും ചോദ്യംചെയ്യാന്‍പോലും എസ്ഡിഎം തയ്യാറായില്ല. തരൂരിനെതിരെ പരാതിയൊന്നും ഇല്ലെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. ചുരുക്കത്തില്‍ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും തരൂരിനെതിരെ ഒന്നുമില്ലെന്ന "കണ്ടെത്തലാണെങ്കില്‍" അപകടമരണമായി കാര്യങ്ങള്‍ അവസാനിക്കും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളോ സുനന്ദയുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍, അവസാനമായുള്ള ഐപാഡ് ഉപയോഗങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലേക്കും എസ്ഡിഎം കടന്നിരുന്നില്ല. പൊലീസാകും ഇവ പരിശോധിക്കുക. ഇതിനിടെ ശശി തരൂരിനെ അനുകൂലിച്ച് സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. തരൂര്‍ തന്റെ അമ്മയെ കൊല്ലുകയോ ദേഹോപദ്രവം ഏല്‍പ്പിക്കുകയോ ചെയ്യില്ലെന്നും അവര്‍ തമ്മില്‍ വളരെ സ്നേഹത്തിലായിരുന്നുവെന്നുമാണ് ശിവ് മേനോന്‍ ട്വിറ്ററില്‍ കുറിച്ചത്.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment