Saturday, January 18, 2014

പാചകവാതകം: സഹനസമരം അവസാനിപ്പിച്ചു

കണ്ണൂര്‍ : സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് 12 ആക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഈ ആവശ്യമുന്നയിച്ച് സിപിഐ എം നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിക്കുയാണെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാജ്യമെങ്ങുനിന്നും ഉയര്‍ന്ന് വന്ന ജനകീയ പ്രതിഷേധങ്ങള്‍ തന്നെയാണ് തെറ്റു തിരുത്തുവാന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്. സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് നിലപാടെടുത്തിരുന്ന കേന്ദ്ര മന്ത്രി വീരപ്പമൊയ്ലിക്ക് തന്നെ അവസാനം ജനങ്ങളുടെ ആവശ്യം അംഗീകരിക്കേണ്ടി വന്നു. എന്നാല്‍ വിലക്കയറ്റം , സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധം തുടങ്ങിയ ആവശ്യങ്ങളില്‍ ഇനിയും യുക്തമായ തീരുമാനം വരേണ്ടതുണ്ട്. പാചക വാതക സിലണ്ടറുകളുടെ എണ്ണം വെട്ടികുറച്ചതില്‍ എല്ലായിടത്തും അസംതൃപിയുണ്ടായിരുന്നു. അതാണ് 1400 കേന്ദ്രങ്ങളിലായി നടന്ന നിരാഹാര സമരത്തെ ജനകീയമാക്കിയത്. കക്ഷി രാഷ്ട്രീയ ഭേദമെന്നേ സമരത്തില്‍ എല്ലാവരും പങ്കാളികളായി. സിലിണ്ടര്‍ കുറയുന്നതോടെ ദുരിതത്തിലാകുമായിരുന്ന വീട്ടമ്മമ്മാരാണ് സമരപന്തലില്‍ 24 മണിക്കുര്‍ അനുഭാവ നിരാഹാരമിരുന്നത്. കേരളത്തില്‍ നാടാകെ ഉയര്‍ന്ന ഈ പ്രക്ഷോഭം കാണാതിരുന്നുകൂടാ.

ആനുകൂലങ്ങള്‍ നല്‍കാന്‍ ആധാര്‍ വേണമെന്നത് അംഗീകരിക്കാനാവില്ല. ഇതിന് മുമ്പും ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുള്ളത് ആധാര്‍ അടിസ്ഥാനമാക്കിയല്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും തീരുമാനമെടുക്കാനാകും. സമരത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുമ്പോള്‍ സമരം നിര്‍ത്തുന്നതില്‍ അസ്വഭാവികതയില്ല. അതില്‍ മുഖ്യആവശ്യം പൂര്‍ണമായി അംഗീകരിച്ചിരിക്കുകയാണ്. സബ്സിഡി സിലിണ്ടര്‍ 12 എണ്ണമാക്കണമെന്നായിരുന്നു മുമ്പും സിപിഐ എം ആവശ്യപ്പെട്ടിരുന്നത്. രാഹുല്‍ ഗാന്ധി നേരത്തെയും ഇവിടെയുണ്ടായിരുന്നെന്നും ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരാണ് തെറ്റായ ജനവിരുദ്ധ തീരുമാനങ്ങള്‍ എടുക്കുന്നത് . അത് തിരുത്തേണ്ടി വരുന്നത് ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ ഉയരുന്നതിനാലാണ്. ജനങ്ങളുടെ പ്രതിഷേധത്തെ കാണാതിരിക്കരുത്. സമരത്തിന് പിന്തുണ നല്‍കിയ എല്ലാവരോടും നന്ദിയറിക്കുന്നതായും പിണറായി പറഞ്ഞു.


No comments:

Post a Comment